ADVERTISEMENT

കോഴിക്കോട്∙ ഇസ്രയേൽ – ഹമാസ് സംഘർഷവുമായി ബന്ധപ്പെട്ട വിവാദ പരാമർശത്തിൽ വിശദീകരണവുമായി ശശി തരൂർ എംപി. ഇസ്രയേൽ നടത്തുന്ന ആക്രമണത്തെ ഒരിക്കലും ന്യായീകരിച്ചിട്ടില്ലെന്ന് അദ്ദേഹം വ്യക്തമാക്കി. താനും കോൺഗ്രസും പലസ്തീനൊപ്പമാണ്. ഇക്കാര്യത്തിൽ തെറ്റിദ്ധാരണ പരത്താൻ ചിലർ ശ്രമിച്ചെന്നും തരൂർ കുറ്റപ്പെടുത്തി. യാസർ അറഫാത്തുമായി നേരിൽ കാണാനും സംസാരിക്കാനും പലതവണ അവസരം ലഭിച്ചിട്ടുണ്ട്. ഈ വിഷയത്തിന്റെ ഗൗരവം എനിക്കറിയാം. അതാരും തന്നെ പഠിപ്പിക്കേണ്ടതില്ലെന്നും തരൂർ വ്യക്തമാക്കി. കെപിസിസി കോഴിക്കോട്ടു സംഘടിപ്പിച്ച പലസ്തീൻ ഐക്യദാർഢ്യ റാലിയിലാണ് തരൂർ നിലപാടിൽ വ്യക്തത വരുത്തിയത്.  ഹമാസ് ഭീകരരാണെന്ന് ലീഗിന്റെ പലസ്തീന്‍ ഐക്യദാര്‍ഢ്യ റാലിയില്‍ തരൂര്‍ പ്രസംഗിച്ചതു വിവാദമായിരുന്നു. ഇന്നത്തെ സമ്മേളനത്തില്‍ അതു സംബന്ധിച്ച് യാതൊരു തരത്തിലുള്ള പരാമര്‍ശവും തരൂര്‍ നടത്തിയില്ല എന്നതും ശ്രദ്ധേയമായി.

‘‘ഒന്നര മാസമായി ഇസ്രയേൽ ഗാസയിൽ ബോംബാക്രമണം നടത്താൻ തുടങ്ങിയിട്ട്. പലസ്തീനിലെ വീടുകൾ, സ്കൂളുകൾ, ആശുപത്രികൾ, അഭയാർഥികൾ താമസിക്കുന്ന ക്യാപുകളിൽ ഉൾപ്പെടെ ബോംബുകൾ വർഷിച്ച് ജനങ്ങളെ കൊന്നിട്ടുണ്ട്. തകർന്നുപോയ സ്ഥലങ്ങളുടെ എണ്ണം പോലും അറിയില്ല. സാറ്റലൈറ്റ് ചിത്രങ്ങളൊക്കെ പരിശോധിക്കുമ്പോൾ, മുൻപു കെട്ടിടങ്ങളിരുന്ന സ്ഥലത്ത് ഇപ്പോൾ വെറും കല്ലും മണ്ണുമാണ്.

‘‘മരിച്ചവരുടെ എണ്ണം വച്ചു നോക്കുമ്പോൾ ഈ അടുത്ത കാലത്തു നടന്ന എല്ലാംകൊണ്ടും മോശമായ, നമ്മെ ദുഃഖിപ്പിക്കുന്ന മൃഗീയമായ ആക്രമണമാണിത്. രണ്ടു വർഷത്തോളമായി നടക്കുന്ന റഷ്യ – യുക്രെയ്ൻ യുദ്ധത്തിൽ 15,000ത്തോളം പേരെ നഷ്ടമായി. അവരെ കൊന്നുവെന്നാണ് നാം പത്രത്തിൽ വായിക്കുന്നത്. അത് രണ്ടു വർഷത്തെ കണക്കാണ്. ഗാസയിൽ ഇത്രയധികം പേർ മരിച്ചത് വെറും 45 ദിവസത്തെ കണക്കാണ്. മനുഷ്യ ജീവിതത്തെ വെറും കണക്കായി എടുക്കുന്ന കാര്യമല്ല ഞാൻ പറയുന്നത്. നിങ്ങൾ ഈ യുദ്ധത്തിന്റെ തീവ്രത മനസ്സിലാക്കണം.

‘‘ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ ഇസ്രയേലിന്റെ ആക്രമണത്തിനെതിരെ പ്രതിഷേധങ്ങളുണ്ടായിട്ടുണ്ട്. ഇവിടെത്തന്നെ മുൻപ് മുസ്‍ലിം ലീഗിന്റെ വലിയ പ്രതിഷേധ പ്രകടനം നടന്നിരുന്നു. എല്ലാവരും ആവശ്യപ്പെടുന്നത് ഇസ്രയേൽ ഈ ആക്രമണം അവസാനിപ്പിക്കണം എന്നാണ്. സമാധാനത്തിനായാണ് എല്ലാവരും സംസാരിക്കുന്നത്. ഈ മഹാറാലിയിലൂടെ നമ്മളും നമ്മുടെ ശബ്ദം ലോകത്തിന്റെ ശബ്ദത്തിനൊപ്പം കേൾപ്പിക്കുകയാണ്.

‘‘മുൻപ് ഇതേ സ്ഥലത്ത് മുസ്‌ലിം ലീഗ് സംഘടിപ്പിച്ച മഹാറാലിയിൽ പങ്കെടുത്ത് ഐക്യദാർഢ്യം പ്രഖ്യാപിക്കാൻ എനിക്ക് അവസരം ലഭിച്ചു. ഇതൊരു മുസ്‍ലിം വിഷയം മാത്രമല്ലെന്ന് ആ വേദിയിൽ ഞാൻ ചൂണ്ടിക്കാട്ടിയിരുന്നു. ജനിച്ച മണ്ണിൽ സുരക്ഷയോടെയും അന്തസ്സോടെയും ജീവിക്കാനുള്ള അവകാശം എല്ലാവർക്കുമുണ്ട്. ഇത് മതത്തിന്റെ പ്രശ്നല്ല, മറിച്ച് മനുഷ്യത്വത്തിന്റെ പ്രശ്നമാണ്.

‘‘ഞാൻ അന്നു പറഞ്ഞ കാര്യങ്ങളെക്കുറിച്ച് മനഃപൂർവം തെറ്റിദ്ധാരണ പരത്താൻ ചിലർ ശ്രമിച്ചിട്ടുണ്ട്. എന്റെ 32 മിനിറ്റും 50 സെക്കൻഡും നീളുന്ന പ്രസംഗം ഇപ്പോഴും യുട്യൂബിലുണ്ട്. നിങ്ങൾ കേട്ടു നോക്കൂ. ആ പ്രസംഗത്തിലും മുൻപും ശേഷവും ഞാൻ പറഞ്ഞിട്ടുള്ളത് പലസ്തീൻ ജനതയ്ക്കൊപ്പം എന്നു തന്നെയാണ്. ഇത് കോൺഗ്രസ് പാർട്ടിയുടെ നിലപാടാണ്. എന്റെയും നിലപാടാണ്. ഞാൻ ഒരു തലത്തിലും ഇസ്രയേലിന്റെ ബോംബാക്രമണത്തെ ന്യായീകരിച്ച് ഒരു വാക്കു പോലും പറഞ്ഞിട്ടില്ല. അത് ഒരു തരത്തിലും നമുക്ക് പിന്തുണയ്ക്കാനാകാത്തതുമാണ്.

‘‘ഞാൻ 29 വർഷം ഐക്യരാഷ്ട്ര സംഘടനയിൽ പ്രവർത്തിച്ച വ്യക്തിയാണ്. അതിൽ കുറേ വർഷം സമാധാന വിഭാഗത്തിലായിരുന്നു. അക്കാലത്ത് കോഫി അന്നാനൊപ്പം യാസർ അറാഫാത്തിനെ അഞ്ചാറു തവണ നേരിൽ കാണാനും സംസാരിക്കാനും അവസരം ലഭിച്ചിട്ടുണ്ട്. തന്റെ ജ്യേഷ്ഠസഹോദരിയായിരുന്ന ഇന്ദിര ഗാന്ധിയുമായുള്ള ബന്ധത്തെക്കുറിച്ച് അപ്പോഴെല്ലാം അദ്ദേഹം ഓർമിച്ചിരുന്നു. അദ്ദേഹം അന്തരിച്ചപ്പോൾ നാമെല്ലാം വേദനിച്ചു. റമല്ലയിൽ പോയി അദ്ദേഹത്തിന്റെ കബറിൽ പ്രണാമം ചെയ്ത വ്യക്തിയാണ് ഞാൻ. ഈ വിഷയത്തെക്കുറിച്ച് എനിക്കറിയാം. അതാരും എന്നെ പഠിപ്പിക്കേണ്ടതില്ല.’’ – തരൂർ പറഞ്ഞു.

English Summary:

Shashi Tharoor Clarifies His Stance on Israel-Hamas Conflict, Claims Misrepresentation by Critics

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com