ADVERTISEMENT

ന്യൂഡൽഹി∙ ചൈനയിൽ വർധിച്ചുവരുന്ന ശ്വസകോശ രോഗം സംബന്ധിച്ച് സൂക്ഷ്മമായി നിരീക്ഷിച്ചു വരികയാണെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം. ചൈനയില്‍ എച്ച്9എൻ2 പൊട്ടിപ്പുറപ്പെടുന്നതും കുട്ടികളിൽ റിപ്പോര്‍ട്ട് ചെയ്ത ശ്വാസകോശ സംബന്ധമായ അസുഖങ്ങളുടെ ക്ലസ്റ്ററുകളും നിരീക്ഷിച്ചു വരികയാണെന്ന് ആരോഗ്യ മന്ത്രാലയം പ്രസ്താവനയിൽ വ്യക്തമാക്കി. വടക്കൻ ചൈനയിൽ വ്യാപകമായി ശ്വാസകോശ രോഗം റിപ്പോർട്ട് ചെയ്തതിന്റെ പശ്ചാത്തലത്തിലാണ് ആരോഗ്യ മന്ത്രാലയത്തിന്റെ പ്രതികരണം. 

‘‘ചൈനയിൽ റിപ്പോർട്ട് ചെയ്ത ഏവിയൻ ഇൻഫ്ലുവൻസ കേസുകളിൽ നിന്നും ശ്വാസകോശ സംബന്ധമായ അസുഖങ്ങളിൽ നിന്നും ഇന്ത്യയ്ക്ക് അപകടസാധ്യത കുറവാണ്. നിലവിലെ സാഹചര്യത്തിൽ നിന്ന് ഉയർന്നുവന്നേക്കാവുന്ന ഏത് പ്രതിസന്ധിയെയും നേരിടാൻ ഇന്ത്യ തയാറാണ്’’ – ആരോഗ്യമന്ത്രാലയം പ്രസ്താവനയിൽ അറിയിച്ചു. ഇത് സൂനോട്ടിക് വൈറസ് (മൃഗങ്ങളിൽ നിന്നും മനുഷ്യരിലേക്ക് പകരുന്നവ) പോലുള്ള കൊറോണ വൈറസ് അല്ലെന്നും മന്ത്രാലയം വ്യക്തമാക്കി.

വർധിച്ചുവരുന്ന ശ്വാസകോശ സംബന്ധമായ അസുഖങ്ങളെക്കുറിച്ച് ലോകാരോഗ്യ സംഘടനയും (ഡബ്ല്യുഎച്ച്ഒ) ചൈനയിൽ നിന്ന് വിശദമായ റിപ്പോർട്ടുകൾ തേടിയിട്ടുണ്ട്. കഴിഞ്ഞയാഴ്ചയാണ് ശ്വാസകോശ രോഗം കൂടുന്നെന്ന് ചൈനീസ് ആരോഗ്യ കമ്മിഷൻ സ്ഥിരീകരിച്ചത്.  പിന്നാലെ, കടുത്ത ജാഗ്രതാ നിർദേശവുമായി ലോകാരോഗ്യ സംഘടന രംഗത്തെത്തി. മുൻകരുതൽ നടപടികളെടുക്കാനും രോഗവ്യാപനത്തിന്റെ വിശദാംശങ്ങൾ ലഭ്യമാക്കാനും ഡബ്ല്യുഎച്ച്ഒ ചൈനയോട് ആവശ്യപ്പെട്ടു.

ഇതിനിടെ, വടക്കൻ ചൈനയിൽ കുട്ടികൾക്കു കൂട്ടത്തോടെ ന്യുമോണിയ പിടിച്ചത് ആശങ്കയ്ക്കിടയാക്കി. ശ്വാസകോശ രോഗങ്ങളിലുള്ള പൊതുവിലെ വർധനയ്ക്ക് ഈ ന്യുമോണിയയുമായി ബന്ധമുണ്ടോയെന്നാണ് ആശങ്ക. ഇക്കാര്യത്തിൽ വ്യക്തത തേടിയാണ് ഡബ്ല്യുഎച്ച്ഒ വിവരങ്ങൾ ആവശ്യപ്പെട്ടത്. കോവിഡിന്റെ യഥാർഥ വിവരങ്ങൾ കൈമാറുന്നില്ലെന്ന് ചൈന മുൻപ് പഴി കേട്ടിരുന്നു. വാക്സീൻ കുത്തിവയ്പ്, സാമൂഹിക അകലം, വീട്ടിലിരിപ്പ്, ശുചിത്വം, മാസ്ക് തുടങ്ങിയ മുൻകരുതൽ നിർദേശങ്ങളാണ് ഡബ്ല്യുഎച്ച്ഒ ഇപ്പോൾ നൽകിയിരിക്കുന്നത്.

എന്നാൽ കുട്ടികളിൽ കാണപ്പെടുന്ന പുതിയ ശ്വാസകോശ രോഗങ്ങൾക്കുപിന്നിൽ പുതിയ രോഗാണുക്കളെ കണ്ടെത്താനായിട്ടില്ലെന്ന് ചൈന അറിയിച്ചതായി ലോകാരോഗ്യ സംഘടന (ഡബ്ല്യുഎച്ച്ഒ) വ്യക്തമാക്കി. ഒക്ടോബർ പകുതി മുതൽ ചൈനയിലെ സംഭവവികാസങ്ങൾ നിരീക്ഷിക്കുന്നുണ്ടെന്നും വടക്കൻ ചൈനയിൽ കുട്ടികളിൽ ശ്വാസകോശരോഗങ്ങൾ വർധിക്കുന്നുണ്ടെന്നും ഡബ്ല്യുഎച്ച്ഒ പറഞ്ഞു. നിരീക്ഷണം തുടരുകയാണെന്നും കൂടുതൽ വിവരങ്ങൾ നൽകണമെന്നും ഡബ്ല്യുഎച്ച്ഒ ചൈനയോട് ആവശ്യപ്പെട്ടിട്ടുണ്ട്.

കോവിഡ് പ്രതിസന്ധിയുടെ ആദ്യ നാളുകൾക്കു സമാനമായി ന്യുമോണിയ ബാധിതരെ കൊണ്ട് ആശുപത്രികൾ നിറയുകയാണെന്നാണ് റിപ്പോർട്ട്. തലസ്ഥാനമായ ബെയ്ജിങ്ങിലും ലിയോണിങ്ങിലുമാണ് സ്കൂൾ കുട്ടികളിൽ രോഗം പടരുന്നത്. ഇവിടങ്ങളിലെ പല ആശുപത്രികളും രോഗികളെ കൊണ്ടു നിറഞ്ഞു. മിക്ക സ്കൂളുകളിലും വിദ്യാർഥികളില്ലാത്തതിനാൽ അടച്ചിടേണ്ട അവസ്ഥയാണ്. 

രോഗം ബാധിച്ച കുട്ടികളിൽ ശ്വാസകോശ വീക്കം, പനി എന്നിവയുൾപ്പെടെ അസാധാരണമായ ലക്ഷണങ്ങളുണ്ട്. എന്നാൽ സാധാരണ ചുമ ഉൾപ്പെടെ പനി, മറ്റു ശ്വാസകോശ സംബന്ധമായ അസുഖങ്ങൾക്ക് ഉണ്ടാകുന്ന ലക്ഷണങ്ങൾ കാണുന്നുമില്ല. 2019 ഡിസംബറിൽ കോവിഡിനെക്കുറിച്ച് ആദ്യം മുന്നറിയിപ്പ് നൽകിയ പ്രോമെഡ് (പ്രോഗ്രാം ഫോർ മോണിറ്ററിങ് എമേർജിങ് ഡിസീസസ്) ഉൾപ്പെടെയുള്ള സംഘങ്ങൾ പുതിയ രോഗത്തെക്കുറിച്ച് റിപ്പോർട്ട് ചെയ്തിട്ടുണ്ട്.

English Summary:

India 'Closely Monitoring' China's Pneumonia Outbreak

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com