ADVERTISEMENT

കൊല്ലം∙ ഓയൂരിൽനിന്ന് ആറു വയസ്സുകാരിയെ തട്ടിക്കൊണ്ടു പോയവർ കൊല്ലം ജില്ലക്കാർ തന്നെയെന്ന സംശയത്തിൽ പൊലീസ്. തിങ്കളാഴ്ച വൈകിട്ട് കുട്ടിയെ ബലമായി വാഹനത്തിൽ പിടിച്ചുകയറ്റിയ സംഘം നേരെ പോയത് വർക്കല കല്ലുവാതുക്കൽ ഭാഗത്തേക്കാണെന്ന് പൊലീസിനു സൂചന ലഭിച്ചു. അന്നു രാത്രി ഒറ്റ നിലയുള്ള വലിയ വീട്ടിലാണ് കഴിഞ്ഞതെന്ന് കുട്ടി പൊലീസിനു മൊഴി നൽകി.

സംശയനിഴലിലുള്ള മുപ്പതോളം സ്ത്രീകളുടെ ചിത്രങ്ങൾ പൊലീസ് കാണിച്ചെങ്കിലും തിരിച്ചറിയാനായില്ല. കുട്ടി നൽകുന്ന വിവരങ്ങൾ അനുസരിച്ച് രേഖാചിത്രം തയാറാക്കാനുള്ള ശ്രമത്തിലാണ് പൊലീസ്.

തട്ടിയെടുത്തതിനു പിന്നാലെ  മയങ്ങാൻ മരുന്നു നൽകിയെന്ന സംശയത്തെ തുടർന്ന് കുട്ടിയുടെ രക്തവും മൂത്രവും പൊലീസ് രാസപരിശോധനയ്ക്ക് അയച്ചു. നിലവിൽ കൊല്ലം വിക്ടോറിയ ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന കുട്ടിയെ ഇന്നു വൈകിട്ടോടെ വീട്ടിലേക്ക് അയയ്ക്കാനാണ് തീരുമാനം. കുട്ടിയുടെ പിതാവും മാതാവും ആശുപത്രിയിൽ ഒപ്പമുണ്ട്.

പ്രതികൾ പ്രദേശവാസികൾ തന്നെയാണെന്ന സംശയം ആദ്യം മുതൽക്കേ പൊലീസിനുണ്ട്. ഇന്നലെ മാധ്യമങ്ങളെ കണ്ടപ്പോൾ എഡിജിപി എം.ആർ. അജിത് കുമാർ പറഞ്ഞതും പ്രതികൾ പ്രദേശവാസികളാകാനുള്ള സാധ്യതയെക്കുറിച്ചാണ്. കുട്ടിയെ തട്ടിക്കൊണ്ടുപോകാൻ ഉപയോഗിച്ച കാർ ഇതുവരെ കണ്ടെത്താനായിട്ടില്ല. ഈ കാർ ഉപേക്ഷിച്ച് നീലക്കാറിലാണ് ഇന്നലെ കുട്ടിയെ യുവതിയും സംഘവും കൊല്ലം നഗരത്തിലെത്തിച്ചത്.

അഞ്ച് സംഘങ്ങളായി തിരിഞ്ഞാണ് പൊലീസ് ഇപ്പോൾ അന്വേഷണം നടത്തുന്നത്. കുട്ടിയിൽനിന്ന് ലഭിക്കുന്ന വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് പൊലീസ് മുന്നോട്ടു നീങ്ങുന്നത്.

English Summary:

Kollam Kidnapping Update: Police Analyze Abigail's Blood for Sedatives

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com