ADVERTISEMENT

നിലമ്പൂർ∙വയനാട് എംപി രാഹുൽ ഗാന്ധി ഇന്ന് ഉദ്ഘാടനം ചെയ്യാനിരിക്കുന്ന 6 റോഡുകളുടെ നിർമാണോദ്ഘാടനം തലേദിവസം തന്നെ നിർവഹിച്ച് നിലമ്പൂർ എംഎൽഎ പി.വി. അൻവർ. മലപ്പുറം ജില്ലയിലെ നിലമ്പൂരിൽ പിഎംജിഎസ്‌വൈ പദ്ധതി പ്രകാരം നിർമാണം നടക്കുന്ന റോഡുകളുടെ നിർമാണോദ്ഘാടനമാണ് എംഎൽഎ നിർവഹിച്ചത്. നവകേരള സദസ് നാളെ ഇവിടെ നടക്കാനിരിക്കെ തലേന്ന് രാഹുൽ ഗാന്ധിയെ തിരക്കിട്ട് വിളിച്ചുവരുത്തി ഉദ്ഘാടനം നടനത്താനുള്ള നീക്കം രാഷ്ട്രീയ നാടകമാണെന്ന് ആരോപിച്ചാണ് അദ്ദേഹം തലേന്നുതന്നെ നിർമാണോദ്ഘാടനം നിർവഹിച്ചത്.

പിഎംജിഎസ്‌വൈ പദ്ധതിപ്രകാരം നിർമിക്കുന്ന റോഡുകളുടെ 40 ശതമാനം വിഹിതം സംസ്ഥാന സർക്കാരിന്റേതാണ്. എന്നിട്ടും രാഹുൽ ഗാന്ധിയെ ഉദ്ഘാടനത്തിനു ക്ഷണിച്ചെങ്കിലും സ്ഥലം എംഎൽഎയായ തന്നെ ക്ഷണിച്ചില്ലെന്നാണ് പി.വി. അൻവർ ഉയർത്തുന്ന ആക്ഷേപം. ഇതിനു പിന്നാലെ സംസ്ഥാനത്തിനു കൂടി അവകാശമുള്ള റോഡിന്റെ ഉദ്ഘാടനം രാഹുൽ ഗാന്ധി എത്തുന്നതിന്റെ തലേന്ന് പി.വി. അൻവർ നിർവഹിക്കുകയായിരുന്നു. 

‘‘ഉൾപ്രദേശത്തെ റോഡുകളുടെ മോശം അവസ്ഥ പരിഗണിച്ച് തദ്ദേശ, സ്വയംഭരണ ഗ്രാമ വികസന വകുപ്പു മന്ത്രിക്ക് കഴിഞ്ഞ വർഷം എംഎൽഎ എന്ന നിലയ്ക്ക് ഞാൻ നൽകിയ കത്തു പരിഗണിച്ചാണ് ഈ റോഡുകൾ ലഭ്യമായിട്ടുള്ളത്. സംസ്ഥാന സർക്കാരിന്റെ 40 ശതമാനം പണം മുടക്കുന്ന ഈ പദ്ധതി, എംഎൽഎയെ മറികടന്ന് രാഷ്ട്രീയമാക്കി മാറ്റാനും 30–ാം തീയതി നടക്കുന്ന നവകേരള സദസ്സിൽനിന്ന് ശ്രദ്ധ മാറ്റാനുമുള്ള നാടകമാണ് ഇതെല്ലാം’’ – പി.വി. അൻവർ പറഞ്ഞു.

‘‘നിലമ്പൂരിലെ എല്ലാവിഭാഗം ജനങ്ങളും നവകേരള സദസിനെ സ്വീകരിക്കാനുള്ള ഒരുക്കത്തിലാണ്. സംഘാടക സമിതിയുടെ നേതൃത്വത്തിൽ 50,000 ആളുകളെ പങ്കെടുപ്പിക്കാനുള്ള തയ്യാറെടുപ്പുകൾ പൂർത്തിയായിട്ടുണ്ട്‌. അതിനിടയിൽ മലപ്പുറം ഡിസിസിയുടെ നേതൃത്വത്തിൽ നടന്ന ഗൂഢാലോചനയുടെ ഭാഗമായി ‘നാളെ രാഹുൽ ഗാന്ധി നിലമ്പൂരിൽ ചില പദ്ധതികൾ’ ഉദ്ഘാടനം ചെയ്യുന്നുണ്ടത്രേ! നവകേരള സദസ്സ അങ്ങ്‌ ‘പൊളിച്ച്‌ കളയാം’ എന്ന ധാരണയുടെ പുറത്തുള്ള പ്ലാനിങ്ങും പരിപാടിയുമാണെങ്കിലും, ഒന്നും നടക്കാൻ പോണില്ല. നിലമ്പൂർ കാണാൻ പോകുന്ന ഏറ്റവും വലിയ ജനക്കൂട്ടം മറ്റേന്നാൾ വഴിക്കടവ്‌ മുണ്ടയിലെ ഗ്രൗണ്ടിൽ ഉണ്ടാകും.’ – പി.വി. അൻവർ ഫെയ്സ്ബുക്കിൽ കുറിച്ചു.

അതേസമയം, പി.വി. അൻവറിന്റെ നടപടി രാഷ്ട്രീയ പാപ്പരത്തമാണെന്ന് കോൺഗ്രസ് വിമർശിച്ചു. കേന്ദ്ര ഗ്രാമവികസന മന്ത്രാലയത്തിന്റെ നിർദ്ദേശം മറികടന്നാണ് എംഎൽഎ ഉദ്ഘാടനം നിർവഹിച്ചതെന്ന് കോൺഗ്രസ് ചൂണ്ടിക്കാട്ടി. പിഎംജിഎസ്‌വൈ റോഡുകൾ ഉദ്ഘാടനം ചെയ്യേണ്ടത് എംപിമാരാണെന്നാണ് കേന്ദ്ര ഗ്രാമവികസന മന്ത്രാലയത്തിന്റെ സർക്കുലർ.

∙ രാഹുൽ ഗാന്ധി കേരളത്തിലെത്തി

3 ദിവസം 4 ജില്ലകളിലായി വിവിധ പരിപാടികളിൽ പങ്കെടുക്കാൻ രാഹുൽ ഗാന്ധി എംപി ഇന്നലെ കേരളത്തിലെത്തി. ഇന്നു രാവിലെ 9ന് പി.സീതിഹാജിയുടെ നിയമസഭാപ്രസംഗങ്ങൾ എന്ന പുസ്തകം കടവ് റിസോർട്ടിലെ ചടങ്ങിൽ പ്രകാശനം ചെയ്തു. തുടർന്ന് മലപ്പുറം ജില്ലയിലെ വിവിധ പരിപാടികളിൽ പങ്കെടുക്കും.

നാളെ വയനാട് ജില്ലയിലാണ്. ഡിസംബർ ഒന്നിന് രാവിലെ 9ന് കണ്ണൂർ സാധു ഓഡിറ്റോറിയത്തിൽ കെപിസിസിയുടെ പ്രഥമ പ്രിയദർശിനി സാഹിത്യ പുരസ്കാരം ടി.പത്മനാഭന് സമ്മാനിക്കും. 11.25ന് കൊച്ചി മറൈൻ ഡ്രൈവിൽ മഹിളാ കോൺഗ്രസ് സംസ്ഥാന കൺവൻഷൻ ഉദ്ഘാടനം ചെയ്യും. 2.15ന് എറണാകുളം ടൗൺഹാളിൽ സുപ്രഭാതം ദിനപത്രത്തിന്റെ വാർഷികാഘോഷം ഉദ്ഘാടനം ചെയ്തശേഷം മടങ്ങും.

English Summary:

Nilambur MLA Claims Rahul Gandhi's Road Inauguration Overshadows Local Concerns

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com