ADVERTISEMENT

വാളകം ∙ ട്യൂഷനു പോകാൻ റോഡിലൂടെ നടന്നു പോയ 12 വയസ്സുകാരിയെ വാനിൽ എത്തിയ സംഘം തട്ടിക്കൊണ്ടു പോകാൻ ശ്രമിച്ചതായി പരാതി. ബലമായി വാനിൽ കയറ്റാൻ ശ്രമിക്കുന്നതിനിടെ കുതറി ഓടിയതായും കുട്ടി പറയുന്നു. എന്നാൽ കുട്ടി പറയുന്ന കാര്യങ്ങളിൽ വ്യക്തത വരുത്തേണ്ടതുണ്ടെന്നും ഇതേക്കുറിച്ചു വിശദമായ അന്വേഷണം നടത്തി വരികയാണെന്നും കൊട്ടാരക്കര പൊലീസ് പറയുന്നു.

ഇന്നലെ വൈകിട്ട് 4.30ന് വാളകം – അഞ്ചൽ റോ‍ഡിൽ അമ്പലത്തുംവിള മൂഴിയിൽ ഭാഗത്താണ് സംഭവമെന്നാണ് കുട്ടി പറയുന്നത്. ഇടറോഡായ പുലിയം കോളനി റോ‍ഡിലൂടെ ട്യൂഷനു പോകുന്നതിനായി വന്നപ്പോൾ പ്രധാന റോഡിനോടു ചേർന്ന ഭാഗത്ത് വാൻ കിടക്കുന്നത് കണ്ടതായും ഇതിന്റെ എതിർ വശത്തു കൂടിയാണ് നടന്നു പോയതെന്നും കുട്ടി പറയുന്നു. വാഹനത്തിന്റെ അടുത്തെത്തിയപ്പോൾ വാൻ അടുത്തേക്കു ഓടിച്ചെത്തി. പിൻസീറ്റിലിരുന്ന രണ്ടു പുരുഷൻമാർ ബാഗിന്റെ വള്ളിയിൽ പിടിച്ചു വലിച്ചു വാഹനത്തിലേക്കു കയറ്റാൻ ശ്രമിച്ചു.

ബാഗ് ഊരി മാറ്റിയതോടെ വാഹനത്തിലെത്തിയവർ ഇതു സമീപത്തേക്കു വലിച്ചെറിഞ്ഞു. പിന്നീട് കൈക്കു പിടിച്ചു ബലമായി വാഹനത്തിൽ കയറ്റാൻ ശ്രമിച്ചെങ്കിലും കുതറി ഓടി. തുടർന്ന് ട്യൂഷൻ വീട്ടിലെത്തി വിവരം പറയുകയായിരുന്നു. കുതറി ഓടിയതോടെ വാഹനം പെട്ടെന്നു പ്രധാന റോഡിലേക്കു കയറി അഞ്ചൽ ഭാഗത്തേക്കു പോയതായും കുട്ടി പറയുന്നു. 

കൊട്ടാരക്കര ഡിവൈഎസ്പി ജി.ഡി.വിജയകുമാറിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം സ്ഥലത്തെത്തി വിശദമായ അന്വേഷണം ആരംഭിച്ചു. സമീപത്തെ വ്യാപാര സ്ഥാപനത്തിലെ നിരീക്ഷണ ക്യാമറയിൽനിന്നുള്ള വിവരങ്ങൾ പൊലീസ് ശേഖരിച്ചു. സംഭവം നടന്നതായി പറയുന്ന സമയത്ത് കുട്ടി റോഡിന്റെ വശത്തു കൂടി നടന്നുപോകുന്നതായി ദൃശ്യങ്ങളിൽ കാണുന്നുണ്ട്.

English Summary:

12-Year-Old Narrowly Escapes Alleged Kidnapping on Valakam-Anchal Road

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com