സിഖ് ആക്ടിവിസ്റ്റ് കാറിൽ വെടിയേറ്റു മരിക്കുന്ന വിഡിയോ കണ്ടു; നിഖിൽ ഗുപ്ത പന്നുവിനെ കൊല്ലാൻ പദ്ധതിയിട്ടു
Mail This Article
ന്യൂഡൽഹി∙ ഖലിസ്ഥാൻ വിഘടനവാദി നേതാവ് ഗുർപട്‌വന്ത് സിങ് പന്നുവിനെ കൊലപ്പെടുത്താൻ ഇന്ത്യക്കാരനായ നിഖിൽ ഗുപ്ത പദ്ധതിയിട്ടെന്ന ആരോപണം ഉന്നയിച്ച്, മൻഹാറ്റനിലെ കോടതിയിൽ സമർപ്പിച്ച കുറ്റപത്രത്തിന്റെ വിശദാംശങ്ങൾ പുറത്ത്. കാനഡയിലെ ഒരു സിഖ് ആക്റ്റിവിസ്റ്റ് വെടിയേറ്റു മരിക്കുന്നതിന്റെ വിഡിയോ കണ്ട ശേഷമാണ് നിഖിൽ ഗുപ്ത പന്നുവിനെ കൊല്ലാൻ ആസൂത്രണം ചെയ്തെന്നും ഈ വിഡിയോ അയാൾ മറ്റൊരു കൊലക്കേസ് പ്രതിക്ക് അയച്ചു കൊടുത്തതായും കൂടുതൽ പേരെ കൊലപ്പെടുത്താൻ പദ്ധതിയിട്ടെന്നും കുറ്റപത്രത്തിൽ പറയുന്നു.
കുറ്റപത്രത്തിൽ പറയുന്നത് ഇങ്ങനെ: ജൂൺ 18ന് നിഖിൽ ഗുപ്ത ഒരു കനേഡിയൻ സിഖ് ആക്ടിവിസ്റ്റിന്റെ കൊലപാതക വിഡിയോ കണ്ടു. വെടിയേറ്റ സിഖ് ആക്ടിവിസ്റ്റിന്റെ രക്തത്തിൽ കുതിർന്ന മൃതദേഹം കാറിന്റെ സ്റ്റിയറിങ്ങിലേക്കു വീഴുന്നതാണ് വിഡിയോയുടെ ഉള്ളടക്കം. ഈ വിഡിയോ അയാൾ മറ്റൊരു രാജ്യത്തെ കൊലപാതകകേസിൽ പൊലീസ് തിരയുന്ന പ്രതിക്ക് അയച്ചു. പിറ്റേദിവസം അയാളുമായി ഫോണിൽ സംസാരിക്കുകയും ചെയ്തു. നമുക്ക് കൂടുതല്‍ ലക്ഷ്യങ്ങളുണ്ടെന്നും അധികകാലം കാത്തിരിക്കേണ്ട വരില്ലെന്നും വളരെ പെട്ടെന്നു തന്നെ ശുഭവാർത്ത കേള്‍ക്കാമെന്നും ഗുപ്ത പറഞ്ഞിരുന്നു.
ഗുർഗപട്‌വന്ത് പന്നുവിനെ യുഎസിൽ കൊലപ്പെടുത്താൻ ഇന്ത്യയുടെ അറിവോടെ ശ്രമിച്ചു എന്ന ആരോപണത്തിനു തെളിവായി 15 പേജുള്ള കുറ്റപത്രം കോടതിയിൽ സമർപ്പിച്ചത് ബുധനാഴ്ചയാണ്. യുഎസ് കൈമാറിയ ചില വിവരങ്ങൾ അന്വേഷിക്കാൻ ഉന്നതതല സമിതി രൂപീകരിച്ചതായി വിദേശകാര്യ മന്ത്രാലയം അറിയിച്ചിരുന്നു. അതിനു പിന്നാലെയാണു കുറ്റപത്രം പുറത്തുവന്നത്. നിഖിൽ ഗുപ്ത വഴി ഇന്ത്യയിലെ ഒരു ഉന്നത ഓഫിസർ നൽകിയ ക്വട്ടേഷൻ വാടകക്കൊലയാളിയെന്ന വ്യാജേന ഏറ്റെടുത്തത് യുഎസിന്റെ രഹസ്യാന്വേഷണ ഏജന്റുമാരായിരുന്നു.
ഒരു ലക്ഷം യുഎസ് ഡോളറിനു ക്വട്ടേഷൻ ഉറപ്പിച്ചു. ഇതിൽ 15,000 ഡോളർ മുൻകൂറായി കൈമാറുകയും ചെയ്തു. പണം കൈമാറുന്നതിന്റെ ചിത്രമടക്കം കുറ്റപത്രത്തിലുണ്ട്. കാനഡയിലെ ഇന്ത്യാവിരുദ്ധൻ ഹർദീപ് സിങ് നിജ്ജാറിനെ ജൂൺ 18നു കൊലപ്പെടുത്തിയത് ഇന്ത്യയാണെന്ന് ‘ഓഫിസർ’ പറയുന്ന സന്ദേശങ്ങളും കുറ്റപത്രത്തിൽ പരാമർശിക്കുന്നുണ്ട്. അതു പോലെ പന്നുവും ലക്ഷ്യമാണെന്നും ഇതു നടത്തിയാൽ കൂടുതൽ ‘ജോലി’ തരാമെന്നും ഇന്ത്യൻ ഉദ്യോഗസ്ഥൻ പറഞ്ഞതായി കുറ്റപത്രത്തിൽ പറയുന്നു.