‘പത്മകുമാറിന് വലിയ കടബാധ്യത’: തട്ടിക്കൊണ്ടുപോകൽ കടം വീട്ടാൻ പണം കണ്ടെത്താൻ?, അറസ്റ്റ് രേഖപ്പെടുത്തി
Mail This Article
കൊല്ലം∙ ഓയൂരിൽനിന്ന് ആറുവയസ്സുകാരിയെ തട്ടിക്കൊണ്ടുപോയ സംഭവത്തിൽ പിടിയിലായ പ്രതികളുടെ അറസ്റ്റ് രേഖപ്പെടുത്തി. ചാത്തന്നൂർ മാമ്പള്ളിക്കുന്നം കവിതാരാജിൽ കെ.ആർ.പത്മകുമാർ (52), ഭാര്യ എം.ആർ.അനിതകുമാരി (45), മകൾ പി.അനുപമ (20) എന്നിവരുടെ അറസ്റ്റാണ് രേഖപ്പെടുത്തിയത്. പുലർച്ചെ മൂന്നുമണിയോടെയാണ് ചോദ്യം ചെയ്യൽ പൂർത്തിയായത്. 10 മണിക്കൂറാണു കെ.ആർ.പത്മകുമാറിനെയും കുടുംബത്തെയും അടൂർ കെഎപി ക്യാംപില്‍വച്ചു ചോദ്യംചെയ്തത്. അന്വേഷണസംഘത്തിലെ ഡിവൈഎസ്പി ഉൾപ്പടെയുള്ള ഉദ്യോഗസ്ഥർ മടങ്ങി. രാവിലെ തിരികെ എത്താൻ ഉദ്യോഗസ്ഥർക്കു നിർദേശം നൽകിയിട്ടുണ്ട്. എഡിജിപിയും ഡിഐജിയും ക്യാംപിൽ തന്നെ തുടരുകയാണ്. ചോദ്യംചെയ്യൽ പുനരാരംഭിക്കും.
കുട്ടിയെ തട്ടിക്കൊണ്ടുപോകുന്നതിനിടെ സഹോദരന്റെ കയ്യിൽ കൊടുക്കാൻ ശ്രമിച്ചതു ഭീഷണിക്കത്താണെന്നു പ്രതികൾ പൊലീസിനോട് പറഞ്ഞതായാണു വിവരം. പണം തന്നാൽ കുട്ടിയെ വിട്ടുതരാമെന്നായിരുന്നു കത്തിലുണ്ടായിരുന്നത്. പത്മകുമാർ മൊഴികൾ അടിക്കടി മാറ്റുന്നതായാണു വിവരം. ആറുവയസ്സുകാരിയുടെ അച്ഛനു പണം നൽകിയിരുന്നുവെന്നായിരുന്നു ഇയാളുടെ ആദ്യ മൊഴി. എന്നാൽ തട്ടിക്കൊണ്ടുപോകൽ കടം വീട്ടാൻ പണം കണ്ടെത്താനെന്നായിരുന്നു രണ്ടാമത്തെ മൊഴി. പെൺകുട്ടിയുടെ പിതാവിൽനിന്നും പത്തുലക്ഷം വാങ്ങിയെടുക്കുകയായിരുന്നു ഉദ്ദേശ്യം.
പത്മകുമാറിനു വലിയ കടബാധ്യതയുള്ളതായാണു വിവരം. ലോൺ ആപ്പുകളിൽനിന്നും വായ്പ എടുക്കുകയും ക്രെഡിറ്റ് കാർഡ് വഴി പണം കൈപ്പറ്റുകയും ചെയ്തിരുന്നു. കുട്ടിയുടെ കുടുംബവുമായി പത്മകുമാറിനു പണമിടപാട് ഉണ്ടായിരുന്നോ? തട്ടിക്കൊണ്ടുപോകാൻ മറ്റൊരു സംഘം കൂടി സഹായിച്ചിട്ടുണ്ടോ? കുറ്റകൃത്യത്തിൽ പത്മകുമാറിന്റെ ഭാര്യയുടെയും മകളുടെയും പങ്കെന്ത്? എവിടെയൊക്കെയാണു കുട്ടിയെ ഒളിപ്പിച്ചത് തുടങ്ങിയ കാര്യങ്ങളിൽ പൊലീസിന് വ്യക്തത കിട്ടേണ്ടതുണ്ട്.
പ്രതികളെ പുളിയറ പുതൂരിലെ ഹോട്ടലിൽ ഭക്ഷണം കഴിച്ചിറങ്ങവേ ഇന്നലെ കൊല്ലം പൊലീസ് സ്പെഷൽ സ്ക്വാഡിന്റെ പിടിയിലായത്. മകൾക്കു നഴ്സിങ് പ്രവേശനത്തിനു നൽകിയ 5 ലക്ഷം രൂപ തിരികെ കിട്ടാനായിരുന്നു തട്ടിക്കൊണ്ടുപോകലെന്നു പത്മകുമാർ മൊഴി നൽകിയെന്നാണു വിവരം. പത്മകുമാറും കുട്ടിയുടെ പിതാവും തമ്മിൽ സാമ്പത്തിക ബന്ധങ്ങളുണ്ടോയെന്നും സംഭവത്തിൽ മറ്റ് ആർക്കൊക്കെയാണ് പങ്കെന്നും അന്വേഷിക്കുകയാണ്.
നവംബർ 27നു വൈകിട്ടാണു വെള്ള കാറിലെത്തിയ നാലംഗ സംഘം കുട്ടിയെ തട്ടിക്കൊണ്ടുപോയത്. പിറ്റേന്ന് ഉച്ചയ്ക്ക് ഒന്നരയോടെ കൊല്ലം ആശ്രാമം മൈതാനത്ത് ഉപേക്ഷിക്കുകയും ചെയ്തു. കുട്ടിയുമായി കൊല്ലം കെഎസ്ആർടിസി ബസ് സ്റ്റാൻഡ് വരെയെത്തിയ നീല കാർ കസ്റ്റഡിയിലെടുത്തു. വെള്ള കാർ പത്മകുമാറിന്റെ ചാത്തന്നൂരിലെ ഇരുനില വീട്ടിൽ കണ്ടെത്തി. പ്രതികൾ സഞ്ചരിച്ച ഓട്ടോറിക്ഷയും കസ്റ്റഡിയിലെടുത്തിട്ടുണ്ട്.