ADVERTISEMENT

ന്യൂഡല്‍ഹി ∙ ഞായറാഴ്ച തിരഞ്ഞെടുപ്പ് ഫലം വന്ന നാലിൽ മൂന്ന് സംസ്ഥാനങ്ങളിലും വ്യക്തമായ ഭൂരിപക്ഷം ലഭിച്ചതോടെ രാജ്യത്തെ 12 സംസ്ഥാനങ്ങള്‍ ഇനി ബിജെപി ഭരിക്കും. രണ്ടാമത്തെ വലിയ ദേശീയ പാർട്ടിയായ കോണ്‍ഗ്രസാവട്ടെ, മൂന്ന് സംസ്ഥാനങ്ങളിലേക്ക് ഒതുങ്ങി. ഡൽഹിയിലും പഞ്ചാബിലും അധികാരത്തിലുള്ള എഎപിയാണ് മൂന്നാമത്. ലോക്സഭാ തിരഞ്ഞെടുപ്പിനു മുൻപ് വന്ന നിയമസഭാ തിരഞ്ഞെടുപ്പുകളിൽ വമ്പൻ ജയം നേടിയതോടെ ബിജെപിയുടെ പ്രതീക്ഷകളും പുതിയ ഉയരത്തിലെത്തി.

ഉത്തരാഖണ്ഡ്, ഹരിയാന, ഉത്തർപ്രദേശ്, ഗുജറാത്ത്, ഗോവ, അസം, ത്രിപുര, മണിപ്പുർ, അരുണാചൽ പ്രദേശ് എന്നിവിടങ്ങളിൽ അധികാരത്തിലിരുന്ന ബിജെപി, രാജസ്ഥാൻ, ഛത്തീസ്ഗഡ് എന്നീ സംസ്ഥാനങ്ങൾ കോൺഗ്രസിൽനിന്ന് പിടിച്ചെടുക്കുകയും മധ്യപ്രദേശിൽ ഭരണം നിലനിർത്തുകയും ചെയ്തു. മഹാരാഷ്ട്ര, മേഘാലയ, നാഗാലാൻഡ്, സിക്കിം എന്നിവിടങ്ങളിൽ ഭരണ മുന്നണിയുടെ ഭാഗവുമാണ് ബിജെപി. 

കർണാടക, ഹിമാചൽ പ്രദേശ് എന്നീ സംസ്ഥാനങ്ങള്‍ക്കു പുറമെ തെലങ്കാനയാണു കോണ്‍ഗ്രസിനു കിട്ടിയത്. ബിഹാറിലും ജാർഖണ്ഡിലും ഭരണ മുന്നണിയുടെ ഭാഗമാണ് കോൺഗ്രസ്. തമിഴ്നാട്ടിൽ ഡിഎംകെയ്ക്ക് പിന്തുണ നൽകുന്നുണ്ടെങ്കിലും മന്ത്രിസഭയിൽ പ്രാതിനിധ്യമില്ല. പുതിയ തിരഞ്ഞെടുപ്പു ഫലത്തോടെ ഉത്തരേന്ത്യയിൽ കോൺഗ്രസിനേക്കാൾ ഉയർന്ന വോട്ടുവിഹിതം സ്വന്തമാക്കാന്‍ എഎപിക്കായെന്ന് പാർട്ടി നേതാവ് ജാസ്മിൻ ഷാ എക്സിൽ കുറിച്ചു. ഈ മൂന്ന് പാർട്ടികൾക്കു പുറമെ ബിഎസ്പി, സിപിഎം, എൻപിപി എന്നിവയും ദേശീയ പാർട്ടികളാണ്.

2024ൽ സിക്കിം, അരുണാചൽ പ്രദേശ്, ഒഡിഷ, ആന്ധ്രപ്രദേശ് എന്നിവിടങ്ങളിൽ നിയമസഭാ തിരഞ്ഞെടുപ്പ് നടക്കും. ജമ്മു കശ്മീരിലും തിരഞ്ഞെടുപ്പ് നടത്താനുണ്ട്. ഇത്തവണ നിരവധി സിറ്റിങ് എംപിമാർ നിയമസഭകളിലേക്ക് മത്സരിച്ചതോടെ ലോക്സഭാ സീറ്റുകളും ഒഴിയും. അടുത്തവർഷം പൊതുതിരഞ്ഞെടുപ്പു നടക്കുന്നതിനാൽ ഇവിടേക്ക് ഉപതിരഞ്ഞെടുപ്പ് നടന്നേക്കില്ല. 

English Summary:

BJP on way to rule 12 states, Congress down to three after losing Rajasthan and Chhattisgarh

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com