സഞ്ജയ് സിങ്ങിനെതിരെ ഇഡി കുറ്റപത്രം; മദ്യനയത്തിന്റെ പേരിൽ പാർട്ടി ഫണ്ട് സ്വരൂപിച്ചു
Mail This Article
ന്യൂഡൽഹി∙ ഡൽഹി മദ്യനയ അഴിമതിക്കേസിൽ അറസ്റ്റിലായ എഎപി നേതാവ് സഞ്ജയ് സിങ് എംപിക്കെതിരെ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി) കോടതിയിൽ കുറ്റപത്രം നൽകി.
ഒക്ടോബറിൽ കള്ളപ്പണം വെളുപ്പിക്കൽ നിരോധന നിയമ പ്രകാരം ഇഡി അറസ്റ്റ് ചെയ്ത സഞ്ജയ് സിങ് തിഹാർ ജയിലിലാണ്. മദ്യനയത്തിന്റെ മറവിൽ എഎപിക്കു പാർട്ടി ഫണ്ട് സ്വരൂപിക്കാൻ ഇടനിലക്കാരനായ ദിനേശ് അറോറയെ സഞ്ജയ് സിങ് പ്രയോജനപ്പെടുത്തിയെന്നാണ് ഇഡി പറയുന്നത്. രണ്ടുഘട്ടമായി ദിനേശ് അറോറ രണ്ടു കോടി രൂപ സഞ്ജയ് സിങ്ങിനു കൈമാറിയെന്നും ഇഡി ആരോപിക്കുന്നു. എന്നാൽ ഇത് സഞ്ജയ് സിങ് നിഷേധിച്ചിട്ടുണ്ട്.
കള്ളപ്പണം വെളുപ്പിക്കൽ നിരോധന നിയമപ്രകാരമുള്ള വിവിധ വകുപ്പുകൾ ചുമത്തിയാണ് കുറ്റപത്രം നൽകിയത്. കേസിൽ ഉൾപ്പെട്ട 3 പേരെ മാപ്പുസാക്ഷികളാക്കാൻ കോടതി അനുമതി നൽകിയിരുന്നു.
എന്നാൽ, അദാനിയുടെ അഴിമതികൾക്കെതിരെ ഇഡിക്കു പരാതി നൽകിയിട്ടും നടപടിയുണ്ടായില്ലെന്നും കേന്ദ്ര സർക്കാരിന്റെ പ്രതികാര നടപടിയാണെന്നുമാണ് സഞ്ജയ് സിങ് ആരോപിച്ചത്. അദാനിക്കെതിരെ നിലപാടെടുത്തതിനാണ് സഞ്ജയ് സിങ്ങിനെ ഇഡി അറസ്റ്റ് ചെയ്തതെന്ന് എഎപിയും കുറ്റപ്പെടുത്തിയിരുന്നു.
ഡൽഹി സർക്കാരിന്റെ 2021–22 വർഷത്തെ മദ്യനയവുമായി ബന്ധപ്പെട്ട് ഉയർന്ന ആരോപണങ്ങളിൽ അറസ്റ്റിലായ രണ്ടാമത്തെ പ്രമുഖ എഎപി നേതാവാണ് സഞ്ജയ് സിങ്. ഇതേ കേസിൽ അറസ്റ്റിലായ മുൻ ഉപമുഖ്യമന്ത്രി മനീഷ് സിസോദിയയും തിഹാർ ജയിലിലാണ്.