‘ജനവിധി വിനയപൂർവം അംഗീകരിക്കുന്നു’: തോൽവി സമ്മതിച്ച് രാജിക്കത്ത് നൽകി കെസിആറും ഗെലോട്ടും
Mail This Article
ന്യൂഡൽഹി∙ നിയമസഭാ തിരഞ്ഞെടുപ്പിലെ ദയനീയ തോൽവിക്കു പിന്നാലെ, രാജിവച്ച് തെലങ്കാന മുഖ്യമന്ത്രി കെ.ചന്ദ്രശേഖര റാവുവും (കെസിആർ) രാജസ്ഥാൻ മുഖ്യമന്ത്രി അശോക് ഗെലോട്ടും. അശോക് ഗെലോട്ട് രാജസ്ഥാൻ ഗവർണർ കൽരാജ് മിശ്രയ്ക്ക് രാജിക്കത്ത് സമർപ്പിച്ചു. രാജസ്ഥാനിലെ ജനവിധി വിനയപൂർവം അംഗീകരിക്കുന്നതായും കോൺഗ്രസിനുണ്ടായ തിരിച്ചടി അപ്രതീക്ഷിതമായിരുന്നുവെന്നും ഗെലോട്ട് പറഞ്ഞു.
കെസിആർ, ഗവർണർ തമിഴിസൈ സൗന്ദരരാജന് രാജിക്കത്ത് നൽകിയതായി ഭാരത് രാഷ്ട്ര സമിതി (ബിആർഎസ്) വർക്കിങ് പ്രസിഡന്റ് കെ.ടി.രാമറാവു അറിയിച്ചു. കെസിആറിന്റെ രാജി സ്വീകരിച്ച ഗവർണർ, പുതിയ സർക്കാർ രൂപീകരിക്കുന്നത് വരെ അധികാരത്തിൽ തുടരാൻ അദ്ദേഹത്തോട് ആവശ്യപ്പെട്ടുവെന്നാണ് റിപ്പോർട്ട്.
ജനവിധി നേടിയതിന് കോൺഗ്രസിനെ അഭിനന്ദിച്ച കെ.ടി.രാമറാവു, പുതിയ സർക്കാരിന് തന്റെ പാർട്ടി എല്ലാ സഹകരണവും നൽകുമെന്ന് വ്യക്തമാക്കി. തിരഞ്ഞെടുപ്പ് ഫലം ആഗ്രഹിച്ചതുപോലെയായിരുന്നില്ലെന്നും എന്നാൽ തുടർച്ചയായി രണ്ടു തവണ അവസരം നൽകിയതിന് ജനങ്ങളോട് നന്ദിയുള്ളതായും കെ.ടി.രാമറാവു പറഞ്ഞു. കെസിആറിന്റെ നേതൃത്വത്തിൽ തെലങ്കാന ജനതയുടെ നന്മയ്ക്കായി ബിആർഎസ് തുടർന്നും പരിശ്രമിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
നിലവിലെ കണക്കനുസരിച്ച് രാജസ്ഥാനിലെ 199 സീറ്റിൽ 115 സീറ്റിലാണ് ബിജെപി ജയിച്ചത്. കോൺഗ്രസ് 69 സീറ്റു നേടി. തെലങ്കാനയിൽ 119 സീറ്റിൽ കോൺഗ്രസ് 64 സീറ്റിലും ബിആർഎസ് 39 സീറ്റിലും ജയിച്ചു.