‘പവർ’ പോരിന് പവാർ കുടുംബം; സുപ്രിയയ്ക്കെതിരെ മത്സരിക്കുമെന്ന് അജിത് പക്ഷം
Mail This Article
മുംബൈ∙ എൻസിപിയിലെ പിളർപ്പിനുശേഷം പവാർ കുടുംബത്തിൽ നേരിട്ടുള്ള അങ്കത്തിന് കളമൊരുങ്ങുന്നു. അടുത്ത വർഷം നടക്കാനിരിക്കുന്ന ലോക്സഭാ തിരഞ്ഞെടുപ്പിൽ തന്റെ പാർട്ടി ബാരാമതി, ഷിരൂർ, സത്താറ, റായ്ഗഡ് സീറ്റുകളിൽ മത്സരിക്കുമെന്ന് ഉപമുഖ്യമന്ത്രി അജിത് പവാർ പ്രഖ്യാപിച്ചതോടെയാണ് ഇതിനുള്ള സാധ്യതയൊരുങ്ങിയത്.
ശരദ് പവാറിന്റെ മകൾ സുപ്രിയ സുളെയാണ് പവാർ കുടുംബത്തിന്റെ കോട്ടയായ ബാരാമതിയെ പ്രതിനിധീകരിക്കുന്നത്. മണ്ഡലത്തിൽ ഹാട്രിക് വിജയം നേടിയ അവർക്കെതിരെ സ്ഥാനാർഥിയെ നിർത്തുമോ എന്ന മാധ്യമപ്രവർത്തകരുടെ ചോദ്യത്തിന് പാർട്ടി അധ്യക്ഷൻ എന്ന നിലയിൽ സ്ഥാനാർഥികളെ പ്രഖ്യാപിക്കാൻ അവകാശമുണ്ട് എന്നായിരുന്നു അജിത് പവാറിന്റെ മറുപടി. ബാരാമതിയിൽ സുപ്രിയ സുളെയ്‌ക്കെതിരെ സ്ഥാനാർഥിയാകാൻ അജിത് പവാർ ഭാര്യയെയോ രണ്ട് മക്കളിൽ ആരെയെങ്കിലും തിരഞ്ഞെടുക്കുമോ എന്നാണ് എല്ലാവരും ഉറ്റുനോക്കുന്നത്. എന്നാൽ ജനാധിപത്യത്തിൽ എല്ലാ പാർട്ടികൾക്കും സ്ഥാനാർഥികളെ പ്രഖ്യാപിക്കാൻ അവകാശമുണ്ടെന്നായിരുന്നു ഇതേക്കുറിച്ച് സുപ്രിയയുടെ പ്രതികരണം. ബാരാമതിക്കു പകരം വാർധ മണ്ഡലത്തിൽ മത്സരിക്കാൻ ആഗ്രഹിക്കുന്നുവെന്ന് സുപ്രിയ കഴിഞ്ഞ ആഴ്ച സൂചിപ്പിച്ചിരുന്നു. നിലവിൽ ബിജെപിയുടെ സിറ്റിങ് സീറ്റാണിത്. അജിത് പവാർ സ്ഥാനാർഥികളെ നിർത്തുമെന്ന് പ്രഖ്യാപിച്ച 4 സീറ്റുകളിൽ ബാരാമതിക്കു പുറമേ ഷിരൂർ, സത്താറ സീറ്റുകളും നിലവിൽ ശരദ് പവാർ വിഭാഗത്തിന്റെ പക്കലാണ്.
ജൂലൈ രണ്ടിനാണ് അജിത് പവാറും അനുയായികളും എൻസിപി പിളർത്തി ഏക്നാഥ് ഷിൻഡെ സർക്കാരിൽ ചേർന്നത്. അതിനുശേഷം, ഇരുവിഭാഗങ്ങളും പാർട്ടിയുടെ പേരും ചിഹ്നവും അവകാശപ്പെടുകയും എതിർപക്ഷത്തെ എംഎൽഎമാരെ അയോഗ്യരാക്കണമെന്ന് ആവശ്യപ്പെട്ട് സ്പീക്കറെ സമീപിച്ചിട്ടുണ്ട്.