ADVERTISEMENT

ന്യൂഡൽഹി∙ ഈ തിരഞ്ഞെടുപ്പിലെ ഹാട്രിക് വിജയം വരാനിരിക്കുന്ന ലോക്സഭ തിരഞ്ഞെടുപ്പിലെ ഹാട്രിക് വിജയത്തിന് മുന്നോടിയാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ബിജെപിയുടെ വികസന, സദ്ഭരണ ആശയങ്ങൾക്കുള്ള അംഗീകാരമാണ് ‘ഹാട്രിക്’ വിജയമെന്നും  മോദി ആത്മവിശ്വാസം പ്രകടിപ്പിച്ചു. രാജസ്ഥാൻ, മധ്യപ്രദേശ്, ഛത്തീസ്ഗഡ് സംസ്ഥാനങ്ങളിലെ നിയമസഭാ തിരഞ്ഞെടുപ്പ് വിജയത്തിൽ ജനങ്ങളോട് നന്ദി പറ‍ഞ്ഞ് ഡൽഹിയിലെ ബിജെപി ആസ്ഥാനത്ത് പ്രവർത്തകരെ അഭിസംബോധന ചെയ്യുന്നതിനിടെയായിരുന്നു മോദിയുടെ പരാമർശം. 

‘‘ചില ആളുകൾ പറയുന്നത് ഈ ഹാട്രിക് വിജയം 2024ലെ ഹാട്രിക് വിജയം ഉറപ്പു നൽകുന്നു എന്നാണ്. അഴിമതിക്കെതിരായ ഞങ്ങളുടെ പോരാട്ടത്തിന് ജനകീയ പിന്തുണ നൽകുന്നതാണ് ഈ തിരഞ്ഞെടുപ്പു ഫലം. ഇന്ത്യ മുന്നോട്ട് പോകുമ്പോൾ സംസ്ഥാനം മുന്നോട്ട് പോകുമെന്നും ഓരോ കുടുംബത്തിന്റെയും ജീവിതം മെച്ചപ്പെടുമെന്നും ഇന്ത്യയിലെ വോട്ടർമാർക്ക് അറിയാം. അതിനാൽ, വോട്ടർമാർ ബിജെപിയെ തുടർച്ചയായി തിരഞ്ഞെടുക്കുന്നു.’’– മോദി പറഞ്ഞു. 

ജനങ്ങളെ ജാതിയുടെ അടിസ്ഥാനത്തിൽ വിഭജിക്കാനുള്ള ശ്രമങ്ങൾ നടന്നതായി ‘ഇന്ത്യ’ മുന്നണിയെ ഉന്നംവച്ചുകൊണ്ട് പ്രധാനമന്ത്രി പറഞ്ഞു. അഴിമതിക്കും പ്രീണനത്തിനും സ്വജനപക്ഷപാതത്തിനും വികസനമുരടിപ്പിനും ഈ പാർട്ടികൾ വഴിവയ്ക്കുമെന്നും മോദി അറിയിച്ചു. എന്റെ മുന്നിൽ നാലു ജാതികളാണുള്ളത് – സ്ത്രീ, യുവാക്കൾ, കർഷകർ, ദരിദ്രർ. ഇന്ന് ഓരോ പാവപ്പെട്ടവനും പറയുന്നത് താൻ വിജയിച്ചെന്നാണ്. ഓരോ പാവപ്പെട്ടവന്റെയും മനസ്സിൽ താൻ വിജയിച്ചുവെന്ന തോന്നലാണ്. ഓരോ കർഷകനും ഈ തിരഞ്ഞെടുപ്പിൽ വിജയിച്ചുവെന്ന് പറയുന്നു. ഇന്ന് ഓരോ ആദിവാസി സഹോദരനും സഹോദരിയും സന്തോഷത്തിലാണെന്നും അദ്ദേഹം പറഞ്ഞു. 

English Summary:

A hat-trick for a hat-trick, bullish PM Modi predicts 2024

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com