രാഹുൽ ഗാന്ധിയുടെ ജാതി സെൻസസ് ജനം ചവറ്റുകുട്ടയിൽ എറിഞ്ഞു: പരിഹസിച്ച് അനിൽ ആന്റണി

Mail This Article
തിരുവനന്തപുരം∙ അഞ്ച് സംസ്ഥാനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പിൽ രാഹുൽ ഗാന്ധി മുന്നോട്ടുവച്ച ജാതി സെൻസസ് എന്ന ആശയം ജനം ചവറ്റുകുട്ടയിൽ എറിഞ്ഞുവെന്ന പരിഹാസവുമായി ബിജെപി ദേശീയ വക്താവ് അനിൽ ആന്റണി. ബിജെപി വികസനം മുന്നോട്ടു വച്ചു വോട്ടു തേടിയപ്പോഴാണ്, രാഹുൽ ജാതി സെൻസസ് ഏറ്റവും വലിയ രാഷ്ട്രീയ അജൻഡയാക്കിയതെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. മിസോറമിൽ ഒരു സീറ്റിൽ ഒതുങ്ങിയതോടെ, കോൺഗ്രസ് മുക്ത നോർത്ത് ഈസ്റ്റ് യാഥാർഥ്യമായിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. അഞ്ച് സംസ്ഥാനങ്ങളിലെ തിരഞ്ഞെടുപ്പ് ഫലം പുറത്തുവന്ന സാഹചര്യത്തിലാണ് അനിൽ ആന്റണിയുടെ വാക്കുകൾ.
‘‘ഈ തിരഞ്ഞെടുപ്പിൽ ബിജെപി വികസനം മുന്നോട്ടു വച്ചപ്പോൾ, രാഹുൽ ഗാന്ധിയുടെ ഏറ്റവും വലിയ തിരഞ്ഞെടുപ്പ് അജൻഡ ജാതി സെൻസസ് ആയിരുന്നു. ഇതെല്ലാം ഇന്ത്യൻ ജനത ചവറ്റുകൊട്ടയിലേക്ക് വലിച്ചെറിഞ്ഞു. അതാണ് ഈ തിരഞ്ഞെടുപ്പിൽ നമ്മൾ കണ്ടത്. 2018മായി തട്ടിച്ചു നോക്കുമ്പോൾ, അഞ്ചു സംസ്ഥാനങ്ങളിലെയും തിരഞ്ഞെടുപ്പിൽ ബിജെപിക്ക് വലിയ മുന്നേറ്റമാണ് ഉണ്ടായത്. മൂന്നു സംസ്ഥാനങ്ങളിൽ വൻ ഭൂരിപക്ഷത്തോടെ വിജയിച്ചു. തെലങ്കാനയിൽ കഴിഞ്ഞ തവണ ഏഴു ശതമാനം വോട്ടും ഒരു സീറ്റും ലഭിച്ചപ്പോൾ, ഇത്തവണ അത് 15 ശതമാനം വോട്ടും എട്ടു സീറ്റും ലഭിച്ചു. ഇത്തവണ തെലങ്കാനയിലും ഏറ്റവും മികച്ച പ്രകടനമാണ് ബിജെപി കാഴ്ചവച്ചത്.
‘‘മിസോറാമിലും ഇതു തന്നെയാണ് അവസ്ഥ. കഴിഞ്ഞ തവണ ഒരു സീറ്റുണ്ടായിരുന്നത് ഇത്തവണ രണ്ടു സീറ്റായി. ദീർഘകാലം മിസോറം ഭരിച്ചിരുന്ന കോൺഗ്രസ് പാർട്ടി നാലാം സ്ഥാനത്തേക്കു പിന്തള്ളപ്പെട്ടു. വെറും ഒരു സീറ്റുമായി ഏറ്റവും ചെറിയ കക്ഷിയായ അവർ, വടക്കുകിഴക്കൻ സംസ്ഥാനങ്ങളിൽനിന്ന് ഇല്ലാതായി. രാഹുൽ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും ഉൾപ്പെടെയുള്ള കോൺഗ്രസിന്റെ ദേശീയ നേതാക്കൾ മിസോറമിൽ പോയി അവിടുത്തെ ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാൻ ശ്രമിച്ചു. മിസോറമിനോടു ചേർന്നുള്ള മണിപ്പുരിനേക്കുറിച്ച് കേരളം ഉൾപ്പെടെയുള്ള സംസ്ഥാനങ്ങളിൽ വലിയ കുപ്രചാരണമാണ് കോൺഗ്രസും സിപിഎമ്മും നടത്തിയത്. അവിടെ നടക്കുന്ന രണ്ടു വിഭാഗക്കാർ തമ്മിലുള്ള സംഘർഷത്തെ വർഗീയവൽക്കരിച്ചു വോട്ടാക്കാനാണ് ഇരു കൂട്ടരും ശ്രമിച്ചത്. പക്ഷേ ഈ തിരഞ്ഞെടുപ്പോടെ ഇത്തരം കുപ്രചാരണങ്ങളും ജനം ചവറ്റുകുട്ടയിലേക്കു വലിച്ചെറിഞ്ഞു.
‘‘ഇന്ന് മിസോറമിലും ഏറ്റവും വലിയ ദേശീയ കക്ഷി ബിജെപിയാണ്. മുൻപ് ഒരിടത്തു പോലും ഭരണത്തിലില്ലാതിരുന്ന ബിജെപി, ഇപ്പോൾ എട്ടിൽ ഏഴു സംസ്ഥാനങ്ങളിലും ഭരണത്തിലുണ്ട്. ഇതിൽ നാലിടത്ത് ഏറ്റവും വലിയ ഒറ്റക്കക്ഷിയാണ്. മൂന്നിടത്ത് ഭരിക്കുന്ന മുന്നണിയുടെ ഭാഗമാണ്. മിസോറമിൽ ഏറ്റവും വലിയ ഒറ്റക്കക്ഷിയായ ദേശീയ പാർട്ടിയും ബിജെപി തന്നെ.’’ – അനിൽ ആന്റണി പറഞ്ഞു.