ADVERTISEMENT

ന്യൂഡൽഹി∙ മധ്യപ്രദേശ്, ഛത്തീസ്ഗഢ്, രാജസ്ഥാൻ എന്നീ സംസ്ഥാനങ്ങളിലെ നിയമസഭാ തിരഞ്ഞെടുപ്പ് വിജയത്തിൽ ബിജെപി ദേശീയ അധ്യക്ഷൻ ജെ.പി.നഡ്ഡയെ പ്രശംസിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. പാർട്ടിയുടെ തിരഞ്ഞെടുപ്പ് വിജയത്തിന് അടിത്തറയിട്ട നഡ്ഡയുടെ സംഘടനാ വൈദഗ്ധ്യത്തെയും അശ്രാന്ത പരിശ്രമത്തെയും പ്രധാനമന്ത്രി അഭിനന്ദിച്ചു. 

ഞായറാഴ്ച ഡൽഹിയിലെ ബിജെപി ആസ്ഥാനത്ത് പാർട്ടി പ്രവർത്തകരെ അഭിസംബോധന ചെയ്യുകയായിരുന്നു പ്രധാനമന്ത്രി. വ്യക്തിപരമായ വിയോഗമുണ്ടായിട്ടും നഡ്ഡ തിരഞ്ഞെടുപ്പ് പ്രചാരണത്തിൽ മുഴുകിയതിനെ കുറിച്ചും പ്രധാനമന്ത്രി പ്രത്യേക പരാമർശം നടത്തി. അഭിഭാഷകൻ, മന്ത്രി എന്നീ നിലകളിലെ നഡ്ഡയുടെ മുൻ പ്രവർത്തനങ്ങളെയും പ്രധാനമന്ത്രി അഭിനന്ദിച്ചു. നഡ്ഡയുടെ മേൽനോട്ടവും തിരഞ്ഞെടുപ്പ് തന്ത്രങ്ങളുമാണു പാർട്ടിയുടെ മികച്ച വിജയങ്ങൾക്ക് കാരണമെന്നും പ്രധാനമന്ത്രി പറഞ്ഞു.

‘‘ഈ വിജയങ്ങൾ നമ്മുടെ ദേശീയ അധ്യക്ഷൻ നഡ്ഡാജിയുടെ അശ്രാന്ത പരിശ്രമത്തിന്റെ ഫലമാണ്. അദ്ദേഹം പ്രയോഗത്തിൽ വരുത്തിയ തന്ത്രങ്ങളാണ് നമ്മളെ നയിച്ചത്. തിരഞ്ഞെടുപ്പിന് മുന്നോടിയായി അദ്ദേഹത്തിന്റെ കുടുംബത്തിൽ ഒരു വിയോഗം ഉണ്ടായിരുന്നു. എന്നിട്ടും അദ്ദേഹം സമ്പൂർണ പ്രതിബദ്ധതയോടും അർപ്പണബോധത്തോടും കൂടി പാർട്ടിയെ നയിച്ചു’’– പ്രധാനമന്ത്രി പറഞ്ഞു. 

പാര്‍ട്ടി പ്രവർത്തകരെ അഭിസംബോധന ചെയ്യവെ നഡ്ഡ പ്രധാനമന്ത്രിയെയും അഭിനന്ദിച്ചു. ‘‘രാജ്യത്ത് പ്രവർത്തിക്കുന്ന ഒരേയൊരു ഗ്യാരന്റി മോദി ഗ്യാരന്റിയാണ്. മോദിയുടെ നേതൃത്വത്തിൽ ഭൂരിഭാഗം വിജയങ്ങളും നേടിയത് ഞങ്ങളുടെ ഭാഗ്യമായി കരുതുന്നു. ഞങ്ങൾ പൂർണഹൃദയത്തോടെ അദ്ദേഹത്തിന് നന്ദി പറയുന്നു. ബിജെപി തിരഞ്ഞെടുപ്പിൽ മത്സരിച്ചപ്പോഴെല്ലാം, പ്രധാനമന്ത്രി മോദി എല്ലായ്‌പ്പോഴും ഞങ്ങളെ മുന്നിൽനിന്ന് നയിച്ചിട്ടുണ്ട്’’– നഡ്ഡ പറഞ്ഞു. മധ്യപ്രദേശ്, ഛത്തീസ്ഗഡ്, രാജസ്ഥാൻ എന്നിവിടങ്ങളിലെ വിജയത്തിന് മണിക്കൂറുകൾക്ക് ശേഷം ജെ.പി.നഡ്ഡ കുടുംബാംഗങ്ങൾക്കൊപ്പം ഡൽഹി കൊണാട്ട് പ്ലേസിലെ ഹനുമാൻ ക്ഷേത്രത്തിൽ പ്രാർഥിക്കാനെത്തിയിരുന്നു.

English Summary:

"Death In His Family, Still...": PM Modi Praises BJP Chief After Poll Wins

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com