‘1.5 കോടിയുടെ കാറാണ്, ബസിനടിയിൽ പോയി ചാവ്’; ബൈക്ക് യാത്രികനോട് ദേവെഗൗഡയുടെ മരുമകൾ– വിഡിയോ
Mail This Article
ബെംഗളൂരു ∙ തന്റെ കാറിൽ തട്ടിയ ബൈക്ക് യാത്രികനോട് തട്ടിക്കയറി ജെഡിഎസ് നേതാവും മുൻ പ്രധാനമന്ത്രിയുമായ എച്ച്.ഡി.ദേവെഗൗഡയുടെ മരുമകൾ ഭവാനി രേവണ്ണ. സംഭവത്തിന്റെ വിഡിയോ വൈറലായി. കാറിന്റെ വില 1.5 കോടി രൂപയാണെന്നും ഏതെങ്കിലും ബസിനടിയിൽ പോയി ചാവാനും ഭവാനി സ്കൂട്ടർ യാത്രികനോട് ആക്രോശിക്കുന്നുണ്ട്. മറികടക്കാൻ ശ്രമിക്കുന്നതിനിടെ ബൈക്ക് കാറിൽ തട്ടുകയായിരുന്നുവെന്ന് പറയുന്നുണ്ടെങ്കിലും ആരുടെ ഭാഗത്താണ് കുഴപ്പമെന്നത് വ്യക്തമല്ല. ഇക്കഴിഞ്ഞ വെള്ളിയാഴ്ച ഭവാനിയുടെ സ്വദേശമായ സാലിഗ്രാമത്തിലായിരുന്നു സംഭവം.
ആഡംബര വാഹനത്തിലാണു ഭവാനി സഞ്ചരിച്ചിരുന്നതെന്ന് ദൃശ്യങ്ങളിൽ വ്യക്തമാണ്. എന്തിനാണ് തെറ്റായ ഭാഗത്തുകൂടെ വണ്ടിയോടിച്ചതെന്നും മരിക്കണമെങ്കിൽ ഏതെങ്കിലും ബസിനടിയിൽ കയറണമെന്നും ഭവാനി പറയുന്നത് വ്യക്തമായി കേൾക്കാം. അവർ മോശം പദപ്രയോഗം നടത്തുകയും തന്റെ വണ്ടിക്ക് 1.5 കോടി രൂപയുണ്ടെന്ന് ഇടയ്ക്കിടെ പറയുകയും ചെയ്യുന്നുണ്ട്. മറ്റൊരാൾ ഭവാനിയെ ശാന്തയാക്കാൻ ശ്രമിക്കുന്നതിനിടെ കാർ റിപ്പയർ ചെയ്യാൻ 50 ലക്ഷം തരാൻ പറ്റുമോ എന്നും അവർ ചോദിച്ചു.
വിഡിയോ വ്യാപകമായി പ്രചരിച്ചതോടെ ഭവാനിയെ വിമർശിച്ച് നിരവധിപ്പേർ രംഗത്തെത്തി. തനിക്ക് ലഭിക്കുന്ന പ്രത്യേക അധികാരം അവര്‍ ദുരുപയോഗം ചെയ്യുകയാണെന്നു ധാരാളം പേർ കമന്റു ചെയ്തു. ബൈക്ക് യാത്രികന്റെ ഭാഗത്താണ് തെറ്റെന്നും ചിലർ അഭിപ്രായപ്പെട്ടു. ഭവാനിയുടെ ഭർത്താവ് എച്ച്.ഡി.രേവണ്ണ കർണാടക നിയമസഭയില്‍ എംഎൽഎയാണ്. മക്കളില്‍ ഒരാൾ എംപിയും ഒരാൾ കർണാടക ലെജിസ്‌ലേറ്റിവ് കൗൺസിൽ അംഗവുമാണ്. ബന്ധുക്കളോ പാർട്ടി വൃത്തങ്ങളോ ഇതുവരെ സംഭവത്തിൽ പ്രതികരിച്ചിട്ടില്ല.