ADVERTISEMENT

ന്യൂഡൽഹി∙ ഡിസംബർ 6ന് ഡൽഹിയിൽ നടക്കാനിരിക്കുന്ന പ്രതിപക്ഷ ഇന്ത്യ മുന്നണിയുടെ യോഗത്തിൽ ബംഗാൾ മുഖ്യമന്ത്രിയും തൃണമൂല്‍ കോണ്‍ഗ്രസ് മേധാവിയുമായ മമത ബാനർജി പങ്കെടുത്തേക്കില്ല. യോഗത്തിന്റെ തീയതിയെക്കുറിച്ച് തനിക്ക് അറിയില്ലായിരുന്നുവെന്നും നേരത്തേ നിശ്ചയിച്ച മറ്റു പരിപാടികളുണ്ടെന്നും മമത പറഞ്ഞു. തീയതി മുൻകൂട്ടി അറിയിച്ചിരുന്നെങ്കിൽ മറ്റു പരിപാടികൾ പുനഃക്രമീകരിക്കാമായിരുന്നുവെന്നും അവർ വ്യക്തമാക്കി.

‘‘ഡിസംബർ 6 മുതൽ 11 വരെ വടക്കൻ ബംഗാൾ സന്ദർശിക്കുകയാണ്. ഡിസംബർ 6ലെ മീറ്റിങ്ങിനെക്കുറിച്ച് എനിക്കറിയില്ലായിരുന്നു. ഇതേപ്പറ്റി നേരത്തെ അറിയാമായിരുന്നുവെങ്കിൽ, എന്റെ സന്ദർശനം പുനഃക്രമീകരിക്കാമായിരുന്നു’’– അവർ മാധ്യമങ്ങളോട് പറഞ്ഞു. യോഗത്തിൽ, തൃണമൂൽ കോൺഗ്രസിനെ പ്രതിനിധീകരിച്ച് മറ്റാരെങ്കിലും പങ്കെടുക്കുമോയെന്നും വ്യക്തമല്ല. അനന്തരവനും തൃണമൂൽ ദേശീയ ജനറൽ സെക്രട്ടറിയുമായ അഭിഷേക് ബാനർജിക്കൊപ്പം ഇന്ത്യ മുന്നണിയുടെ മുൻ യോഗങ്ങളിൽ മമത പങ്കെടുത്തിരുന്നു.

2024ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിലേക്കുള്ള തന്ത്രം രൂപീകരിക്കുന്നതിനായി, ഇന്ത്യ സഖ്യത്തിലെ നേതാക്കൾ ഡൽഹിയിൽ കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖർഗെയുടെ വസതിയിലാണ് യോഗം ചേരുന്നത്. ബുധനാഴ്ച വൈകിട്ടു ചേരുമെന്ന് പ്രതീക്ഷിക്കുന്ന യോഗത്തിൽ, തിരഞ്ഞെടുപ്പിന് മുന്നോടിയായി ബിജെപിയെ കൂട്ടായി നേരിടാനുള്ള പദ്ധതികൾ നേതാക്കൾ ആലോചിച്ച് അന്തിമമാക്കുമെന്ന് പ്രതീക്ഷിക്കുന്നു.

രാജസ്ഥാൻ, മധ്യപ്രദേശ്, ഛത്തീസ്ഗഡ് എന്നീ സംസ്ഥാനങ്ങളിലെ നിയമസഭാ തിരഞ്ഞെടുപ്പിലെ കോൺഗ്രസിന്റെ തോൽവിയുടെ പശ്ചാത്തലത്തിൽ കൂടിയാണ് യോഗം. മൂന്നു സംസ്ഥാനങ്ങളിലെയും ബിജെപിയുടെ വിജയം കോൺഗ്രസിന്റെ പരാജയമാണെന്ന് മമത പറഞ്ഞിരുന്നു. 

English Summary:

Mamata unlikely to attend INDIA bloc meet in Delhi on December 6

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com