‘പാർട്ടിക്കകത്ത് ചില ശങ്കരാടിമാർ ഉണ്ട്’; ജില്ലാ സെക്രട്ടറിക്കെതിരായ പരാതിക്ക് പിന്നാലെ സൈബർ ആക്രമണമെന്ന് സിപിഐ വനിതാ നേതാവ്
Mail This Article
പത്തനംതിട്ട∙ സിപിഐ ജില്ലാ സെക്രട്ടറി എ.പി.ജയനെതിരെ പരാതി നൽകിയതിനു പിന്നാലെ സൈബർ ആക്രമണമെന്ന് വനിതാ നേതാവ് ശ്രീനാദേവി കുഞ്ഞമ്മ. അങ്ങേയറ്റം അപമാനിക്കുന്ന തരത്തിലുള്ള ആക്രമണമാണ് നടക്കുന്നത്. പാർട്ടിക്കകത്ത് ചില ശങ്കരാടിമാർ ഉണ്ട്. അപമാനിക്കുക, സ്വഭാവഹത്യ ചെയ്യുക എന്നിവയെല്ലാം ഈ നൂറ്റാണ്ടിലും അതേ പടി അനുവർത്തിക്കുന്നത് അംഗീകരിക്കാൻ സാധിക്കില്ല. പാർട്ടിക്ക് അകത്തുള്ളവർ സൈബർ ആക്രമണത്തിന് പിന്നിലുണ്ട്. ഇന്നലെയാണ് എസ്പിക്ക് പരാതി നൽകിയതെന്നും അവർ പറഞ്ഞു. പത്തനംതിട്ട ജില്ലാ പഞ്ചായത്ത് പള്ളിക്കല്‍ ഡിവിഷനിലെ സിപിഐ അംഗമാണ് ശ്രീനാദേവി കുഞ്ഞമ്മ.
ശ്രീനാദേവിയുടെ പരാതിയിൽ അന്വേഷണം നടത്തി സെക്രട്ടറി സ്ഥാനത്തു നിന്നു ജയനെ മാറ്റിയിരുന്നു. അനധികൃത സ്വത്ത് സമ്പാദന പരാതിയിലായിരുന്നു നടപടി. മുല്ലക്കര രത്നാകരനു പകരം ചുമതല നൽകി. വരവിൽ കവിഞ്ഞ സ്വത്ത് സമ്പാദിച്ചു എന്ന ആക്ഷേപത്തിൽ എ.പി.ജയനോട് പാർട്ടി വിശദീകരണം തേടിയിരുന്നു. ജില്ലാ പഞ്ചായത്തിൽ സീറ്റ് നൽകുന്നതിനു 3 ലക്ഷം രൂപ ആവശ്യപ്പെട്ടെന്നും പരാതി ഉയർന്നു.
എ.പി.ജയനെ മാറ്റിയതിൽ പ്രതിഷേധിച്ച് സിപിഐ പെരിങ്ങനാട് വടക്ക് ലോക്കൽ കമ്മിറ്റി അംഗങ്ങള്‍ രാജി വച്ചു. എ.പി.ജയൻ താമസിക്കുന്ന സ്ഥലത്തെ ലോക്കൽ കമ്മിറ്റിയാണിത്. 17 ബ്രാഞ്ച് കമ്മിറ്റിയും നാനൂറോളം അംഗങ്ങളുമുള്ള ജില്ലയിലെ എറ്റവും വലിയ ലോക്കൽ കമ്മിറ്റിയാണ് പെരിങ്ങനാട്.