സർവസന്നാഹങ്ങളുമായി അന്വേഷണം; എന്നിട്ടും പൊലീസിനെ വർഷങ്ങളായി ഇരുട്ടത്തു നിർത്തി ആ രണ്ട് യുവതികൾ
Mail This Article
തിരുവനന്തപുരം ∙ കൊല്ലത്തു കാണാതായ ആറുവയസുകാരിയെ പിറ്റേന്നു തന്നെ കണ്ടെത്താന്‍ കഴിഞ്ഞെങ്കിലും കേരള പൊലീസിനെ വർഷങ്ങളായി ഇരുട്ടത്തു നിർത്തിയിരിക്കുകയാണ് രണ്ട് യുവതികൾ. സർവ സന്നാഹങ്ങളുമായി അന്വേഷിച്ചിട്ടും രണ്ടു പേരെയും പൊലീസിനു കണ്ടെത്താനായിട്ടില്ല. പത്തനംതിട്ട കൊല്ലമുള സന്തോഷ് കവല കുന്നത്തുവീട്ടില്‍ ജെസ്ന മരിയ ജയിംസാണ് കാണാതായ യുവതികളിൽ ഒരാൾ. ജര്‍മന്‍ യുവതി ലിസ വെയ്സാണ് രണ്ടാമത്തെയാൾ. ജെസ്നയെ കാണാതായിട്ട് 5 വർഷവും ലിസയെ കാണാതായിട്ട് 4 വർഷവും പിന്നിട്ടു. സിബിഐയാണ് ജെസ്ന തിരോധാനക്കേസ് നിലവിൽ അന്വേഷിക്കുന്നത്. നർകോട്ടിക് കൺട്രോൾ അസി.കമ്മിഷണർക്കാണ് ലിസ കേസിന്റെ ചുമതല. ഒടുവില്‍ കേസ് കേന്ദ്ര അന്വേഷണ ഏജൻസികൾക്ക് കൈമാറണമെന്ന് ആവശ്യപ്പെട്ട് കത്തയച്ചിരിക്കുകയാണ് പൊലീസ്. കേന്ദ്ര അന്വേഷണം ആവശ്യപ്പെട്ട് സിറ്റി പൊലീസ് കമ്മിഷണർക്കാണ് കത്തു നൽകിയത്. കത്ത് ആഭ്യന്തരവകുപ്പിനു കൈമാറും.
2018 മാർച്ച് 22 നാണ് ജെസ്നയെ കാണാനില്ലെന്നു കാട്ടി പിതാവ് എരുമേലി പൊലീസിലും തൊട്ടടുത്ത ദിവസം വെച്ചൂച്ചിറ സ്റ്റേഷനിലും പരാതി നല്‍കിത്. നാലാം ദിവസമാണ് പൊലീസ് അന്വേഷണം ആരംഭിച്ചത്. പിന്നീട് തിരുവല്ല ഡിവൈഎസ്പിയുടെ നേതൃത്വത്തില്‍ പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ചു. രണ്ടാഴ്ച ബെംഗളൂരു കേന്ദ്രീകരിച്ച് അന്വേഷണം നടത്തിയെങ്കിലും ഒരു വിവരവും ലഭിച്ചില്ല. ജെസ്നയെ കണ്ടെത്താന്‍ നാലായിരത്തോളം മൊബൈല്‍ നമ്പരുകള്‍ പൊലീസ് പരിശോധിച്ചു. കൂട്ടുകാര്‍ക്കിടയില്‍ അന്വേഷണം നടത്തി. കാണാതായ ദിവസം ജെസ്നയെ 16 തവണ വിളിച്ച സുഹൃത്തിനെ പലതവണ ചോദ്യം ചെയ്തു. സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചു. ജെസ്ന പോയ സ്ഥലങ്ങളിലും ജെസ്നയെ കണ്ടതായി വിവരം ലഭിച്ച സ്ഥലങ്ങളിലും പരിശോധന നടത്തി.
2018 മേയ് 27ന് അന്നത്തെ ഐജി: മനോജ് എബ്രഹാമിന്റെ നേതൃത്വത്തില്‍ പ്രത്യേക സംഘത്തെ ഡിജിപി നിയമിച്ചു. പത്തനംതിട്ട എസ്പി ഓപ്പറേഷനല്‍ ഹെഡും തിരുവല്ല ഡിവൈഎസ്പി മുഖ്യ അന്വേഷണ ഓഫിസറുമായി 35 അംഗ ടീമാണ് രൂപീകരിച്ചത്. തിരുവല്ല ഡിവൈഎസ്പി വിരമിച്ചപ്പോള്‍ പകരം വന്ന ഉദ്യോഗസ്ഥന്‍ അന്വേഷണം ഏറ്റെടുത്തു. ഒരു വര്‍ഷമായിട്ടും ജെസ്നയെ കണ്ടെത്താന്‍ കഴിയാത്തതിനെത്തുടര്‍ന്ന് നാട്ടില്‍ പ്രതിഷേധം ശക്തമായപ്പോള്‍ അന്വേഷണം ക്രൈംബ്രാഞ്ചിന്റെ പ്രത്യേക സംഘം ഏറ്റെടുത്തു. അവര്‍ക്കും ജെസ്നയെ കണ്ടെത്താനായില്ല. തുടർന്ന് അന്വേഷണം സിബിഐയ്ക്ക് കൈമാറി.
ജെസ്ന എരുമേലി വരെ എത്തിയതിനു സാക്ഷികളുണ്ട്. ജെസ്നയെ അവസാനമായി കണ്ടത് ചാത്തൻതറ–കോട്ടയം റൂട്ടിൽ ഓടുന്ന ബസിലാണ്. രാവിലെ 9.15നു ചാത്തൻതറയിൽ നിന്നു പുറപ്പെട്ട ബസിൽ മുക്കൂട്ടുതറയിൽ നിന്നാണ് ജെസ്ന കയറിയത്. അവിടെ നിന്ന് 6 കിലോമീറ്റർ അകലെ എരുമേലി ബസ് സ്റ്റാൻഡിൽ ഇറങ്ങി. പിന്നീട് ജെസ്ന മുണ്ടക്കയം ബസിൽ കയറി പുഞ്ചവയലിലെ ബന്ധുവീട്ടിലേക്കു പോയതായി പറയപ്പെടുന്നു. ഇതിനു സ്ഥിരീകരണമില്ല. അവിടെനിന്ന് എവിടേക്കു മറഞ്ഞെന്നു ആർക്കുമറിയില്ല. 2018 മാർച്ച് 22ന് മുണ്ടക്കയം പുഞ്ചവയലിലെ പിതൃസഹോദരിയുടെ വീട്ടിലേക്കെന്നു പറഞ്ഞാണ് ജെസ്ന കൊല്ലമുളയിൽനിന്ന് ഇറങ്ങിയത്. മുണ്ടക്കയം കണ്ണിമലയിലെ ഒരു ബാങ്കിന്റെ സിസിടിവി ദൃശ്യം ഇതിനു തെളിവാണ്. ശിവഗംഗ എന്ന ബസിൽ ജെസ്ന ഇരിക്കുന്നതിന്റെ ചിത്രം ബന്ധുക്കൾ അന്വേഷണ സംഘത്തിനു കൈമാറി. പക്ഷേ, ജെസ്ന മുണ്ടക്കയത്ത് എത്തിയതിനു തെളിവില്ല.
ജെസ്നയെ ബെംഗളൂരുവിൽ ആൺ സുഹൃത്തിനൊപ്പം കണ്ടെന്നു പൂവരണി സ്വദേശി വെളിപ്പെടുത്തിയതിനെ തുടർന്ന് പൊലീസ് അന്വേഷണം നടത്തിയെങ്കിലും ഒരു സൂചനയും ലഭിച്ചില്ല. ജെസ്നയെ കണ്ടെത്തുന്നവർക്കായി സംസ്ഥാന പൊലീസ് ആദ്യം 2 ലക്ഷവും പിന്നീട് 5 ലക്ഷവും രൂപ പാരിതോഷികം പ്രഖ്യാപിച്ചു. ചെന്നൈയിൽ കണ്ടെത്തിയെന്ന അവകാശവാദവുമായി ഒരാളെത്തിയെങ്കിലും അന്വേഷണത്തിൽ കാര്യമായ മുന്നേറ്റമുണ്ടായില്ല. ജെസ്ന മലപ്പുറത്തെ കോട്ടക്കുന്നിൽ വന്നെന്നു പറഞ്ഞയാൾക്കും ആളു തെറ്റി. കോയമ്പത്തൂരിൽ കണ്ടതും ജെസ്നയെ ആയിരുന്നില്ല. പൊലീസ് ലക്ഷക്കണക്കിനു ഫോൺ കോളുകൾ പരിശോധിച്ചു. ജെസ്നയുടെ ആൺ സുഹൃത്തുമായി നടന്ന മൊബൈൽ സംഭാഷണങ്ങളും എസ്എംഎസുകളും അന്വേഷണ പരിധിയിൽ വന്നെങ്കിലും തെളിവുകൾ ലഭിച്ചില്ല. ജെസ്നയുടെ പിതാവിന്റെ ഉടമസ്ഥതയിൽ പണികഴിപ്പിക്കുന്ന വീടിന്റെ തറ ഇളക്കിയും പരിശോധന നടന്നു. ജെസ്നയുടെ വീട്ടിൽനിന്നു ലഭിച്ച രക്തക്കറ പുരണ്ട വസ്ത്രം കേന്ദ്രീകരിച്ചു നടന്ന അന്വേഷണവും എവിടെയും എത്തിയില്ല.
ജെസ്നയുടെ കുടുംബം ഹേബിയസ് കോർപസ് ഹർജി ഫയൽ ചെയ്തെങ്കിലും കോടതി തള്ളി. പിന്നീട് സമർപ്പിച്ച ഹേബിയസ്‍ കോർപസ് പിൻവലിച്ചു. അന്വേഷണം സിബിഐക്കു വിടണമെന്നു കുടുംബം ഹർജി നൽകി. ഒടുവിൽ കേസ് സിബിഐയുടെ കൈകളിലെത്തി.
പൂജപ്പുര സെൻട്രൽ ജയിലിലെ ഒരു തടവുകാരൻ ജെസ്നയുടെ വിവരങ്ങൾ അറിയാമെന്നു പറഞ്ഞതായി ജയിൽ അധികൃതർ സിബിഐയെ അറിയിച്ചിരുന്നു. മോഷണക്കേസ് പ്രതിയായ ഇയാൾ മറ്റൊരു കേസിൽപ്പെട്ട് കൊല്ലം ജില്ലാ ജയിലിൽ കഴിയുമ്പോൾ പത്തനംതിട്ട സ്വദേശിയായ സഹതടവുകാരനാണ് ജസ്നയുടെ തിരോധാനത്തെക്കുറിച്ച് ചില രഹസ്യങ്ങൾ അറിയാമെന്ന വിവരം പങ്കുവച്ചത്. തുടർന്ന് കൊല്ലം ജയിലിൽ അന്വേഷിച്ച സിബിഐ സംഘത്തിന് ആ തടവുകാരൻ ജാമ്യം ലഭിച്ച് പുറത്തിറങ്ങിയെന്ന വിവരമാണ് ലഭിച്ചത്. പത്തനംതിട്ടയിൽ അന്വേഷിച്ചെങ്കിലും ഇയാളെക്കുറിച്ച് നാട്ടിലും വീട്ടിലും വിവരമുണ്ടായിരുന്നില്ല. ഇയാളെ അടക്കം അന്വേഷണ പരിധിയിലാക്കിയാണ് സിബിഐ മുന്നോട്ടുപോകുന്നത്.
ജെസ്ന എവിടെയുണ്ടെന്നു വിവരം ലഭിച്ചിരുന്നെന്നും കോവിഡ് കാലമായതിനാൽ ഇതര സംസ്ഥാനങ്ങളിലേക്ക് പോകാൻ യാത്രാവിലക്കുള്ളതാണ് തടസ്സമായതെന്നും കേസ് അന്വേഷിച്ച ഉദ്യോഗസ്ഥർ അനൗദ്യോഗികമായി പറയുന്നു. ഒരു സുഹൃത്തിനൊപ്പം ജസ്ന മറ്റൊരു സംസ്ഥാനത്തേക്കു പോയതായാണ് ഉദ്യോഗസ്ഥർ നൽകുന്ന സൂചന. എന്തിനാണ് ജസ്ന വീട്ടിൽനിന്നു പോയത് എന്നതിനെ സംബന്ധിച്ച് ഉദ്യോഗസ്ഥർ പ്രതികരിക്കാൻ തയാറാകുന്നില്ല. സിബിഐ അന്വേഷണത്തിൽ സത്യം വെളിപ്പെടുമെന്ന് അവർ പറയുന്നു.
∙ ജർമൻ യുവതി നേപ്പാൾ വഴി കടന്നോ? ഉത്തരമില്ലാതെ പൊലീസ്
2019 മാര്‍ച്ച് അഞ്ചിനാണ് ലിസ വെയ്സ് ജര്‍മനിയില്‍നിന്നു കേരളത്തിലേക്കു പുറപ്പെട്ടത്. മാര്‍ച്ചില്‍ തിരുവനന്തപുരത്തെത്തിയ മകളെപ്പറ്റി ഒരു വിവരവും ഇല്ലെന്നു കാട്ടി ജര്‍മന്‍ കോണ്‍സുലേറ്റില്‍ മാതാവ് പരാതി നല്‍കിയിരുന്നു. സംസ്ഥാന പൊലീസ് മേധാവിക്ക് കൈമാറിയ പരാതി വലിയതുറ പൊലീസാണ് അന്വേഷിച്ചത്. ശംഖുമുഖം എസിപിക്കായിരുന്നു അന്വേഷണത്തിന്റെ മേല്‍നോട്ടം. പൊലീസ് ഇന്റര്‍പോളിന്റെ സഹായം തേടി. തീര്‍ഥാടന കേന്ദ്രങ്ങളും ഹോട്ടലുകളും കേന്ദ്രീകരിച്ചാണ് അന്വേഷണം നടത്തിയത്. വീട്ടുകാരുമായി അകന്നു കഴിയുകയായിരുന്നു ലിസ. അതിനാല്‍ അവര്‍ക്കും ലിസയുടെ കാര്യങ്ങളില്‍ വ്യക്തതയുണ്ടായിരുന്നില്ല. ലിസയുടെ കൂടെയുണ്ടായിരുന്ന യുകെ പൗരൻ മുഹമ്മദ് അലി മാര്‍ച്ച് 5ന് തിരികെ പോയിരുന്നു. ഇയാളെ കണ്ടെത്താനുള്ള ശ്രമങ്ങളും വിജയിച്ചില്ല. വിമാനത്താവളങ്ങളിലെ രേഖകള്‍ പരിശോധിച്ചെങ്കിലും അന്വേഷണത്തിനു സഹായകരമായ വിവരങ്ങള്‍ ലഭിച്ചില്ല.
മാര്‍ച്ച് 5ന് അമേരിക്കയിലുള്ള മക്കളുമായി ലിസ വിഡിയോ കോളില്‍ സംസാരിച്ചിരുന്നു. മാര്‍ച്ച് 10നാണ് ലിസ അവസാനമായി ബന്ധുക്കളെ വിളിച്ചത്. യുകെ സ്വദേശിക്കൊപ്പം ഇന്ത്യയിലേക്കു പോകുന്ന കാര്യം സഹോദരി കരോലിനോട് പറഞ്ഞിരുന്നു. കുറച്ചു ദിവസം ഒറ്റയ്ക്കു കഴിയാനാണ് ഇന്ത്യയിലേക്കു പോകുന്നതെന്നാണ് ലിസ സഹോദരിയോട് പറഞ്ഞത്. മാനസികമായി തകര്‍ന്ന അവസ്ഥയിലായിരുന്നു ലിസയെന്നു സഹോദരി പറയുന്നു. ലിസ 8 വര്‍ഷം മുന്‍പ് ഇസ്‌ലാം വിശ്വാസം സ്വീകരിച്ചിരുന്നു. ഈജിപ്തിലെ കയ്റോയില്‍ കണ്ടുമുട്ടിയ ആളെ വിവാഹം ചെയ്ത് അയാളോടൊപ്പം അമേരിക്കയില്‍ സ്ഥിരതാമസമാക്കി. 2 കുട്ടികളുണ്ട്. ഭര്‍ത്താവുമായുള്ള ബന്ധം വഷളായതിനെത്തുടര്‍ന്ന് പിന്നീട് ജര്‍മനിയിലേക്ക് പോയി. കുട്ടികളെ ഭര്‍തൃമാതാവിനൊപ്പം അമേരിക്കയിലേക്ക് അയയ്ക്കേണ്ടിവന്നു. ലിസ കുടുംബാംഗങ്ങളുമായി കാര്യമായ ബന്ധം പുലര്‍ത്തിയിരുന്നില്ല. മതം മാറിയതിനെ കുടുംബം അനുകൂലിക്കാത്തതായിരുന്നു കാരണം.
തൃശൂരിലെ വ്യാപാര കേന്ദ്രത്തില്‍ ലിസയെ കണ്ടതായി ഫോണ്‍ സന്ദേശം ലഭിച്ചതനുസരിച്ച് അന്വേഷണ സംഘം സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചെങ്കിലും ഫലമുണ്ടായില്ല. തലസ്ഥാനത്ത് എടിഎം കൗണ്ടറിനു മുന്നില്‍ ലിസ നില്‍ക്കുന്നതു കണ്ടതായി അറിയിപ്പ് ലഭിച്ചതിനെത്തുടര്‍ന്ന് പരിശോധന നടത്തിയെങ്കിലും അന്വേഷണത്തിനു സഹായകരമായ വിവരം ലഭിച്ചില്ല. ലിസ വര്‍ക്കലയിലെത്തിയിരുന്നതായി വിവരം ലഭിച്ചതിനെത്തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ മാസങ്ങള്‍ക്കു മുന്‍പ് ലിസ അവിടെ എത്തിയിരുന്നതായി വ്യക്തമായി. മറ്റു വിവരങ്ങളില്ല. വിമാനത്താവളങ്ങള്‍ കേന്ദ്രീകരിച്ചു നടത്തിയ അന്വേഷണവും ഫലം കണ്ടിട്ടില്ല. മറ്റു സംസ്ഥാനങ്ങളിലെ പൊലീസിനു വിവരം കൈമാറിയെങ്കിലും അന്വേഷണത്തിനു സഹായകമായ വിവരങ്ങൾ ലഭിച്ചില്ല. ലിസയുടെ സുഹൃത്തിനെ ചോദ്യം ചെയ്യാൻ ഇന്റർപോളിന്റെ സഹായം തേടിയെങ്കിലും അനുകൂല നടപടിയുണ്ടായില്ല. ലിസ നേപ്പാൾ വഴി രാജ്യം വിട്ടിരിക്കാൻ സാധ്യതയുണ്ടെന്നു പൊലീസ് പറയുന്നു. വിദേശത്തുപോയി അന്വേഷിക്കാൻ തടസ്സങ്ങളുള്ളതിനാൽ അന്വേഷണം നിലച്ചമട്ടാണ്.