ജർമൻ യുവതിയുടെ തിരോധാനത്തിൽ തുമ്പില്ലാതെ പൊലീസ്; േകന്ദ്ര അന്വേഷണം ആവശ്യപ്പെട്ട് കത്തയച്ചു
Mail This Article
തിരുവനന്തപുരം∙ തലസ്ഥാനത്തുനിന്ന് 4 വർഷം മുൻപ് കാണാതായ ജർമൻ യുവതി ലിസ വെയ്സിന്റെ കേസ് കേന്ദ്ര അന്വേഷണ ഏജൻസികൾക്ക് കൈമാറണമെന്ന് ആവശ്യപ്പെട്ട് പൊലീസ് കത്തയച്ചു. നർകോട്ടിക് കൺട്രോൾ അസി.കമ്മിഷണറാണ് നിലവിൽ കേസ് അന്വേഷിക്കുന്നത്. കേന്ദ്ര അന്വേഷണം ആവശ്യപ്പെട്ട് സിറ്റി പൊലീസ് കമ്മിഷർക്കാണ് കത്തു നൽകിയത്. കത്ത് ആഭ്യന്തരവകുപ്പിനു കൈമാറും.
കേസ് അന്വേഷിക്കുന്നതിന് കേരള പൊലീസിനു പരിമിതികളുള്ളതിനാലാണ് കേന്ദ്ര അന്വേഷണം ആവശ്യപ്പെട്ടതെന്ന് അധികൃതർ വ്യക്തമാക്കി. കേസുമായി ബന്ധമുള്ള വ്യക്തി യുകെ സ്വദേശിയാണ്. ഇയാളെ ചോദ്യം ചെയ്യാനായി ഇന്റർപോളിന്റെ സഹായം തേടിയെങ്കിലും ലഭിച്ചില്ല. വിദേശത്തുപോയി അന്വേഷിക്കുന്നതിനു കേരള പൊലീസിനു മുന്നിൽ തടസ്സങ്ങളുണ്ട്. പൊലീസിന്റെ ഇതുവരെയുള്ള അന്വേഷണത്തിൽ യുവതിയെക്കുറിച്ച് ഒരു വിവരവും ലഭിച്ചിട്ടില്ല.
2019 മാര്‍ച്ച് അഞ്ചിനാണ് ലിസ വെയ്സ് ജര്‍മനിയില്‍നിന്ന് കേരളത്തിലേക്കു പുറപ്പെട്ടത്. തിരുവനന്തപുരത്തെത്തിയ മകളെപ്പറ്റി ഒരുവിവരവും ഇല്ലെന്നു കാട്ടി മാതാവ് ജര്‍മന്‍ കോണ്‍സുലേറ്റില്‍ പരാതി നല്‍കി. ശംഖുമുഖം എസിപിക്കായിരുന്നു അന്വേഷണത്തിന്റെ മേല്‍നോട്ടം. തീര്‍ഥാടന കേന്ദ്രങ്ങളും ഹോട്ടലുകളും കേന്ദ്രീകരിച്ചാണ് അന്വേഷണം നടത്തിയത്. വീട്ടുകാരുമായി അകന്നു കഴിയുകയായിരുന്നു ലിസ. അതിനാല്‍ അവര്‍ക്കും ലിസയുടെ കാര്യങ്ങളില്‍ വ്യക്തതയുണ്ടായിരുന്നില്ല. ലിസയുടെ കൂടെയുണ്ടായിരുന്ന യുകെ പൗരനായ മുഹമ്മദ് അലി മാര്‍ച്ച് 5ന് തിരികെ പോയി. ഇയാളെ കണ്ടെത്താനുള്ള ശ്രമങ്ങളും വിജയിച്ചില്ല. വിമാനത്താവളങ്ങളിലെ രേഖകള്‍ പരിശോധിച്ചെങ്കിലും അന്വേഷണത്തിനു സഹായകരമായ വിവരങ്ങള്‍ ലഭിച്ചില്ല.
മാര്‍ച്ച് 5ന് അമേരിക്കയിലുള്ള 2 മക്കളുമായി ലിസ വിഡിയോ കോളില്‍ സംസാരിച്ചിരുന്നു. മാര്‍ച്ച് 10നാണ് ലിസ അവസാനമായി ബന്ധുക്കളെ വിളിച്ചത്. യുകെ സ്വദേശിക്കൊപ്പം ഇന്ത്യയിലേക്ക് പോകുന്ന കാര്യം സഹോദരി കരോലിനോട് പറഞ്ഞിരുന്നു. കുറച്ചു ദിവസം ഒറ്റയ്ക്ക് കഴിയാനാണ് ഇന്ത്യയിലേക്ക് പോകുന്നതെന്നാണ് ലിസ സഹോദരിയോട് പറഞ്ഞത്. ഇസ്‌ലാം ആശയങ്ങളില്‍ ആകൃഷ്ടയായി ലിസ 8 വര്‍ഷം മുന്‍പ് മതം മാറിയിരുന്നു. ഈജിപ്തിലെ കെയ്റോയില്‍വച്ച് കണ്ടുമുട്ടിയ ആളെ വിവാഹം ചെയ്തു. അയാളോടൊപ്പം അമേരിക്കയില്‍ സ്ഥിരതാമസമാക്കി. ഭര്‍ത്താവുമായുള്ള ബന്ധം വഷളായതിനെത്തുടര്‍ന്ന് പിന്നീട് ജര്‍മനിയിലേക്ക് പോയി. കുട്ടികൾ ഭര്‍തൃമാതാവിനൊപ്പം അമേരിക്കയിലാണ്.