‘മരണം ഉറപ്പുവരുത്താൻ യുവാവ് കുഞ്ഞിന്റെ ശരീരത്തിൽ കടിച്ചു; യുവതിയെ വിശദമായി ചോദ്യം ചെയ്യും’
Mail This Article
കൊച്ചി∙ ഒരുമാസം പ്രായമുള്ള ആൺകുഞ്ഞ് അസ്വാഭാവിക സാഹചര്യത്തിൽ മരിച്ച സംഭവത്തിൽ, കുഞ്ഞിന്റെ അമ്മയെന്ന് അവകാശപ്പെട്ട യുവതിക്ക് പങ്കുണ്ടെന്ന നിഗമനത്തിൽ പൊലീസ്. യുവതിയെ വിശദമായി ചോദ്യം ചെയ്യും. കാൽമുട്ടുകൊണ്ട് തലയ്ക്കടിച്ച് യുവാവാണ് കുഞ്ഞിനെ കൊലപ്പെടുത്തിയതെന്നാണ് സൂചന. മരണം ഉറപ്പുവരുത്താൻ യുവാവ് കുഞ്ഞിന്റെ ശരീരത്തിൽ കടിച്ചുവെന്നും പൊലീസ് പറഞ്ഞു. ലോഡ്ജിൽ മുറിയെടുത്തത് കുഞ്ഞിനെ കൊലപ്പെടുത്താനെന്നാണ് മൊഴി. കുഞ്ഞിന്റെ മാതാപിതാക്കളെന്ന് അവകാശപ്പെട്ട യുവാവിനെയും യുവതിയെയും എളമക്കര പൊലീസ് ഇന്നലെ കസ്റ്റഡിയിലെടുത്തിരുന്നു.
യുവാവ് കണ്ണൂർ സ്വദേശിയും യുവതി ആലപ്പുഴ ചേർത്തല സ്വദേശിയുമാണ്. പ്രണയത്തിലായിരുന്ന ഇരുവരും ഒന്നര വർഷമായി കൊച്ചിയിൽ പലയിടത്തും ഒരുമിച്ചു കഴിയുകയായിരുന്നു. കഴിഞ്ഞ ദിവസമാണു കറുകപ്പള്ളിയിലെ ലോഡ്ജിൽ മുറിയെടുത്തത്. ഞായറാഴ്ച രാവിലെ എട്ടരയോടെ അബോധാവസ്ഥയിലുള്ള കുഞ്ഞുമായി ഇവർ എറണാകുളം ജനറൽ ആശുപത്രിയിൽ എത്തി. കുഞ്ഞിന്റെ തൊണ്ടയിൽ മുലപ്പാൽ കുടുങ്ങിയെന്നും അനക്കമില്ലാതായതോടെ ആശുപത്രിയിൽ കൊണ്ടുവന്നതാണെന്നുമാണു ഡോക്ടർമാരോടു പറഞ്ഞത്.
എന്നാൽ പ്രാഥമിക പരിശോധനയിൽ കുഞ്ഞിന്റെ ശരീരത്തിൽ പരുക്കുകൾ കണ്ടെത്തി. നവജാതശിശു പരിചരണത്തിനായുള്ള ഐസിയുവിൽ കുഞ്ഞിനെ പ്രവേശിപ്പിച്ചെങ്കിലും ഫലമുണ്ടായില്ല. വിശദമായ പോസ്റ്റ്മോർട്ടത്തിനായി കുഞ്ഞിന്റെ മൃതദേഹം ഗവ. മെഡിക്കൽ കോളജിലേക്കു മാറ്റിയിരിക്കുകയാണ്. സിറ്റി പൊലീസ് അസി.കമ്മിഷണർ ജയകുമാറിന്റെ നേതൃത്വത്തിലാണ് അന്വേഷണം.