‘ഗോമൂത്ര സംസ്ഥാനം’ പരാമർശം പിൻവലിച്ച് സെന്തിൽകുമാർ; ഖേദം പ്രകടിപ്പിക്കുന്നുവെന്നും എംപി

Mail This Article
ന്യൂഡൽഹി∙ ലോക്സഭയിൽ ചൊവ്വാഴ്ച നടത്തിയ ‘ഗോമൂത്ര സംസ്ഥാനം’ പരാമർശം പിൻവലിച്ച് ഡിഎംകെ എംപി എസ്.സെന്തിൽകുമാർ. പാർലമെന്റ് അംഗങ്ങൾക്കോ മറ്റാര്‍ക്കെങ്കിലുമോ തന്റെ പരാമർശത്തിൽ ബുദ്ധിമുട്ടായെങ്കിൽ അതിൽ ഖേദം പ്രകടിപ്പിക്കുന്നുവെന്നും പ്രസ്താവന പിൻവലിക്കുന്നുവെന്നും സെന്തിൽ ലോക്സഭയിൽ പറഞ്ഞു. വിവാദ പരാമർശം കഴിഞ്ഞ ദിവസം തന്നെ സഭാരേഖകളിൽനിന്ന് നീക്കിയിരുന്നു. ഇന്ന് പാർലമെന്റ് സമ്മേളനം ആരംഭിച്ച വേളയിൽത്തന്നെ സെന്തിൽ മാപ്പുപറയണമെന്ന് ആവശ്യപ്പെട്ട് ബിജെപി എംപിമാർ രംഗത്തുവന്നിരുന്നു.
ഹിന്ദി ഹൃദയഭൂമിയിലുള്ള ‘ഗോമൂത്ര’ സംസ്ഥാനങ്ങളിൽ മാത്രമേ ബിജെപിക്ക് തിരഞ്ഞെടുപ്പ് വിജയിക്കാനാവൂ എന്നും, പാർട്ടിക്ക് ദക്ഷിണേന്ത്യയില്‍ അധികാരത്തിൽ വരാനാകില്ലെന്നുമാണു സെന്തിൽ ചൊവ്വാഴ്ച പാർലമെന്റിൽ പറഞ്ഞത്. പ്രതിഷേധമുയർന്നതോടെ സഭാ രേഖകളിൽനിന്നു തന്റെ പ്രസ്താവന നീക്കാമെന്നു പറഞ്ഞ് സെന്തിൽകുമാർ തടിയൂരി. പ്രസ്താവന പിന്നീടു രേഖകളിൽനിന്നു നീക്കി.
രാജസ്ഥാൻ, ഛത്തീസ്ഗഡ്, മധ്യപ്രദേശ് സംസ്ഥാനങ്ങളിൽ ബിജെപി വൻ വിജയം നേടിയതിനു പിന്നാലെയാണ് സെന്തിൽകുമാറിന്റെ പ്രസ്താവന വന്നത്. വിമര്‍ശനമുയർന്നതോടെ തന്റെ പരാമർശം രേഖകളിൽനിന്നു നീക്കാമെന്നും അടുത്ത തവണ ഇത്തരം കാര്യങ്ങൾ പറയുമ്പോൾ കൂടുതൽ ശ്രദ്ധിക്കാമെന്നുമായിരുന്നു സെന്തിലിന്റെ മറുപടി. ബിജെപി എംപിമാർക്കു പുറമേ കോണ്‍ഗ്രസ് നേതാക്കളിൽനിന്നുൾപ്പെടെ സെന്തിലിനു നേരെ വിമർശനമുയർന്നിരുന്നു.