ADVERTISEMENT

ജയ്പുർ ∙ രജപുത്ര സംഘടനയായ ശ്രീ രാഷ്ട്രീയ രജ്പുത് കർണി സേനയുടെ പ്രസിഡന്റ് സുഖ്ദേവ് സിങ് ഗോഗമേദിയെ വെടിവച്ചു കൊലപ്പെടുത്തിയവരെ രാജസ്ഥാൻ പൊലീസ് തിരിച്ചറിഞ്ഞതായി റിപ്പോർട്ട്. ഗോഗമേദിക്കെതിരെ വെടിയുതിർത്ത രോഹിത് റാത്തോഡ് മക്രാന, നിതിൻ ഫൗജി എന്നിവരെയാണ് തിരിച്ചറിഞ്ഞത്. ഇവരെ ഉടൻ അറസ്റ്റ് ചെയ്യുമെന്ന് പൊലീസ് വ്യക്തമാക്കി. ജയ്പുരിലെ വസതിയിൽവച്ചാണ് മൂന്നംഗ സംഘം പോയിന്റ് ബ്ലാങ്കിൽവച്ച് ഗോഗമേദിയെ വെടിവച്ചു കൊന്നത്. പ്രതികളെ കണ്ടെത്തുന്നതിന് സഹായകമായ വിവരം നൽകുന്നവർക്ക് അന്വേഷണ സംഘം അഞ്ച് ലക്ഷം രൂപ പ്രതിഫലം പ്രഖ്യാപിച്ചിരുന്നു.

ഇന്നലെ പതിവുപോലെ ജയ്പുർ ശ്യാം നഗറിലെ വീട്ടിൽ സന്ദർശകരെ കാണുന്നതിനിടയിലാണ് 3 പേരടങ്ങുന്ന സംഘം ഗോഗമേദിക്കു നേരെ വെടിവച്ചത്. സുഖ്ദേവിന്റെ അംഗരക്ഷകൻ തിരിച്ചു വെടിവച്ചതിനെ തുടർന്ന് അക്രമികളിൽ ഒരാൾ കൊല്ലപ്പെട്ടിരുന്നു. അധോലോക നായകൻ ലോറൻസ് ബിഷ്ണോയിയുടെ സംഘാംഗമായ, ഇപ്പോൾ കാനഡയിലുള്ള രോഹിത് ഗോദര കപുരിസർ എന്നയാൾ ഗോഗമേദിയുടെ കൊലപാതകത്തിന്റെ ഉത്തരവാദിത്തമേറ്റെടുത്തിരുന്നു.

ഉച്ചയ്ക്ക് ഒരുമണിയോടെ എത്തിയ സംഘം മുൻകൂർ അനുമതി വാങ്ങിയശേഷമാണ് അകത്തുകടന്നത്. പത്തു മിനിട്ടോളം സുഖ്ദേവ് സിങ്ങുമായി ഇവർ സംസാരിക്കുന്നതിന്റെയും തുടർന്നു വെടിവയ്ക്കുന്നതിന്റെയും സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നു. വെടിയേറ്റ സുഖ്ദേവിനെ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. സുഖ്ദേവിന്റെ ഗൺമാൻ നരേന്ദ്രൻ അടക്കം 3 പേർക്ക് പരുക്കേറ്റു. 2 പേരുടെ നില ഗുരുതരമാണ്. ജയ്പുരിലെ ഒരു കടയുടമയായ നവീൻ സിങ് ഷെഖാവത്ത് ആണ് കൊല്ലപ്പെട്ട അക്രമി. അജിത് സിങ് എന്ന സുരക്ഷാഭടന്റെ വെടിയേറ്റാണ് ഇയാൾ കൊല്ലപ്പെട്ടത്. മറ്റു 2 പേർ പുറത്തിറങ്ങി ഒരു സ്കൂട്ടർ യാത്രക്കാരനെ വെടിവച്ച ശേഷം തട്ടിയെടുത്ത വണ്ടിയിൽ രക്ഷപ്പെട്ടിരുന്നു. 

∙ കർണി സേന

രജപുത്രരുടെ സംഘടനയാണ് 2006ൽ സ്ഥാപിതമായ ശ്രീ രാജ്പുത് കർണി സേന. ഈ സംഘടനയിൽ നിന്ന് പുറത്തായതിനെ തുടർന്ന് സുഖ്ദേവ് സിങ് ഗോഗമെദി 2015ൽ സ്ഥാപിച്ചതാണ് ശ്രീ രാഷ്ട്രീയ രാജ്പുത് കർണി സേന. മാഫിയ തലവനായ ആനന്ദ് പാൽ സിങ് 2017ൽ പൊലീസ് ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടതിനു പിന്നാലെ നടന്ന അക്രമസംഭവങ്ങൾക്ക് നേതൃത്വം നൽകിയതോടെയാണ് സുഖ്ദേവ് സിങ് ഗോഗമെദി വാർത്തകളിൽ നിറഞ്ഞത്.

English Summary:

Karni Sena Chief's Killers Identified, Reward Of Rs 5 Lakh On Info Leading To Arrest Announced

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com