അന്ന് കുടുങ്ങിയത് മലയിടുക്കില്‍; ഇന്ന് വാടകവീടിന്റെ മുകൾ നിലയിൽ കൈ മുറിച്ച് ബാബുവിന്റെ പരാക്രമം
Mail This Article
മലമ്പുഴ (പാലക്കാട്)∙ മലമ്പുഴ മലയിടുക്കിൽ കുടുങ്ങി വാർത്തകളിൽ ഇടം നേടിയ ബാബു വാടക വീട്ടിൽ പരാക്രമം നടത്തി. വൈകിട്ട് ആറരയോടെ മരുത റോഡ് കാനിക്കുളത്താണ് സംഭവം. വിവരമറിഞ്ഞു കസബ പൊലീസും അഗ്നി രക്ഷാ സേനയുമെത്തി ഏറെ നേരത്തെ ശ്രമത്തിനൊടുവിൽ ബാബുവിനെ പിടികൂടി ജില്ലാ ആശുപത്രിയിലെത്തിച്ചു.
വാടകവീടിന്റെ മുകൾ നിലയിലായിരുന്നു ബാബുവും ഉമ്മയും താമസിക്കുന്നത്. വൈകിട്ട് കൈ മുറിച്ചു വീടിനുള്ളിൽ പരാക്രമം കാണിച്ച ബാബു വീട്ടുപകരണങ്ങളും മറ്റും നശിപ്പിച്ചു. പ്രശ്നം നാട്ടുകാർ അറിയുകയും പൊലീസിനെ വിവരം അറിയിക്കുകയും ചെയ്തു.
ഇതിനിടെ വാതിൽ പൂട്ടി അകത്തിരുന്നു ബാബു. വിവരമറിഞ്ഞു അഗ്നി രക്ഷാ സേനയുമെത്തി. തുടർന്ന് പൊലീസും അഗ്നി രക്ഷാ സേനയും ഏറെ നേരത്തെ ശ്രമത്തിനൊടുവിൽ ബാബുവിനെ പുറത്തെത്തിച്ചു ജില്ലാ ആശുപത്രിയിലാക്കി. 2022 ഫെബ്രുവരിയിൽ മലമ്പുഴ കൂമ്പാച്ചിമലയിടുക്കിൽ കുടുങ്ങിയ ബാബുവിനെ ദിവസങ്ങൾ എടുത്താണു രക്ഷപ്പെടുത്തിയത്. വ്യോമസേനയടക്കമുള്ള സംവിധാനങ്ങൾ ഉപയോഗിച്ചായിരുന്നു ദൗത്യം.