മിശ്രവിവാഹം നാടിന്റെ മാറ്റത്തിന്റെ ഭാഗം; പൊതുസമൂഹത്തിൽ അതൊന്നും തടയാനാകില്ല: പിണറായി വിജയൻ

Mail This Article
കൊച്ചി∙ മിശ്രവിവാഹം നാടിന്റെ മാറ്റത്തിന്റെ ഭാഗമായി വരുന്നതാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. പുതിയ കാലഘട്ടത്തിൽ ഇതൊന്നും തടയാൻ ആർക്കും കഴിയില്ല. എറണാകുളത്ത് നവകേരളസദസ്സിൽ നാസർ ഫൈസി കൂടത്തായിയുടെ ആരോപണത്തിൽ മറുപടി നൽകുകയായിരുന്നു അദ്ദേഹം.
‘‘മിശ്രവിവാഹം നടക്കുമ്പോഴൊക്കെ ഈ പറയുന്ന പരാതി എല്ലാക്കാലത്തും ഉണ്ടാകാറുണ്ട്. ഇപ്പോ ധാരാളം വിവാഹം നടക്കുകയല്ലേ. പുതിയ കാലഘട്ടത്തിൽ പൊതുസമൂഹത്തിൽ അതൊന്നും തടയാനാകില്ല. എതെങ്കിലുമൊരു സംഘടന വിവാഹദല്ലാളും ബ്യൂറോയുമായി പ്രവർത്തിക്കുന്നില്ല. ഈ മിശ്രവിവാഹ ബ്യൂറോ തുറക്കുകയല്ല
എസ്എഫ്ഐയും ഡിവൈഎഫ്ഐയും. അത് നമ്മുടെ ചെറുപ്പത്തിന്റെ ഭാഗമായി നാടിന്റെ മാറ്റത്തിന്റെ ഭാഗമായി വരുന്ന കാര്യമാണ്. അതൊന്നും ലോകത്ത് ആർക്കും തടയാൻ കഴിയില്ല. ഞങ്ങള് തടഞ്ഞു കളയുമെന്ന് ആരെങ്കിലും വിചാരിക്കുന്നുണ്ടെങ്കിൽ അതൊന്നും സാധിക്കുന്ന കാര്യമല്ലെന്ന് അവരെല്ലാം മനസ്സിലാക്കുന്നത് നല്ലതാണ്’’– മുഖ്യമന്ത്രി വ്യക്തമാക്കി.
കേരളത്തിൽ സിപിഎമ്മും ഡിവൈഎഫ്ഐയും എസ്എഫ്ഐയും മിശ്രവിവാഹങ്ങളെ പ്രോൽസാഹിപ്പിക്കുന്നുവെന്നും, മുസ്‌ലിം പെൺകുട്ടികളെ തട്ടിക്കൊണ്ടുപോയി വിവാഹം നടത്തുന്നുവെന്നുമാണ് എസ്‌വൈഎസ് സംസ്ഥാന ജനറൽ സെക്രട്ടറി നാസർ ഫൈസി കൂടത്തായി ആരോപിച്ചത്. ഹിന്ദു, മുസ്‌ലിമിനെ വിവാഹം കഴിച്ചാൽ മതേതരത്വമായെന്നാണ് ചിലർ കരുതുന്നെന്നും ഇതിനെതിരെ മഹല്ല് കമ്മിറ്റികൾ ജാഗ്രത പുലർത്തണമെന്നും നാസർ ഫൈസി ആവശ്യപ്പട്ടിരുന്നു.