കുമളിയിൽ മുന്നറിയിപ്പില്ലാതെ നവകേരള സദസ്സിനായി സിപിഎമ്മിന്റെ കാളവണ്ടിയോട്ട മത്സരം; അന്തിച്ച് ആളുകൾ, അപകടം–വിഡിയോ
Mail This Article
കുമളി∙ നവകേരള സദസ്സിന്റെ പ്രചാരണാർഥം സിപിഎമ്മിന്റെ നേതൃത്വത്തിൽ കുമളിയിൽ നടത്തിയ കാളവണ്ടിയോട്ട മത്സരത്തിനിടെ അപകടം. നിയന്ത്രണം വിട്ട കാളവണ്ടി ഇടിച്ച് ഒരു കാറിനും ജീപ്പിനും കേടുപാടു സംഭവിച്ചു. തിരക്കേറിയ കുമളി ടൗണിൽവച്ച് ഒരു ചക്രം ഊരിപ്പോയിട്ടും കാളവണ്ടി നിർത്താതെ മുന്നോട്ടുപോയി. ആളുകൾ ഭയന്ന് ഓടിമാറിയതിനാൽ പരുക്കേൽക്കാതെ രക്ഷപ്പെട്ടു. ശബരിമല സീസൺ ആയതിനാൽ അയ്യപ്പഭക്തർ ഉൾപ്പെടെ നിരവധി ആളുകൾ ടൗണിൽ ഉണ്ടായിരുന്നു. യാതൊരു മുന്നറിയിപ്പുമില്ലാതെയാണ് ഇവർക്കിടയിലൂടെ കാളവണ്ടികൾ പാഞ്ഞത്.
മത്സരത്തിന് എല്ലാ സൗകര്യങ്ങളും ഒരുക്കിയ പൊലീസ് അപകടത്തിനു പിന്നാലെ തലയൂരാൻ നിലപാടു മാറ്റി. മത്സരമല്ല, കാളവണ്ടി ഉപയോഗിച്ച് വിളംബര ജാഥ നടത്തുമെന്നാണ് സിപിഎം അറിയിച്ചിരുന്നത് എന്നാണു പൊലീസ് ഭാഷ്യം. സുപ്രീംകോടതി വിധിയുടെ ലംഘനമാണ് സിപിഎം നടത്തിയിരിക്കുന്നതെന്നും കുറ്റക്കാർക്ക് എതിരെ നടപടി വേണമെന്നും ആനിമൽ വെൽഫെയർ ബോർഡ് അംഗം എം.എൻ. ജയചന്ദ്രൻ ആവശ്യപ്പെട്ടു.
തേനി ജില്ലയിൽനിന്ന് എത്തിച്ച ആറു കാളവണ്ടികളാണ് മത്സരത്തിന് ഉണ്ടായിരുന്നത്. കുമളി ഒന്നാം മൈലിൽനിന്ന് ആരംഭിച്ച് കുമളി ടൗൺ, ചെളിമട വഴി ഒന്നാം മൈലിൽ തിരിച്ചെത്തുന്ന വിധമാണ് മത്സരം നടത്തിയത്. രാവിലെ 9ന് തുടങ്ങും എന്ന് അറിയിച്ചിരുന്ന മത്സരം ഒരു മണിക്കൂറിലധികം വൈകിയാണ് ആരംഭിച്ചത്. വേണ്ടത്ര മുന്നറിയപ്പോ ഒരുക്കങ്ങളോ ഇല്ലാതെയായിരുന്നു പരിപാടി.
കാളവണ്ടിക്കു മുന്നിൽ ലൈറ്റിട്ട് ഹോൺ മുഴക്കി പൊലീസ് വാഹനം, അതിനു പിന്നാലെ അനൗൺസ്മെന്റ് വാഹനം, പിന്നാലെ കാളവണ്ടികൾ ഇതായിരുന്നു ഏക ക്രമീകരണം. ലൈറ്റിട്ട് ഹോൺ മുഴക്കി പൊലീസ് വാഹനം പാഞ്ഞുവരുന്നതു കണ്ടതാടെ ആളുകൾ ഓടിമാറുകയും വാഹനങ്ങൾ റോഡ് സൈഡിലേക്ക് ഒതുക്കുകയും ചെയ്തതിനാലാണ് വലിയ അപകടം ഒഴിവായത്.
കുമളി ടൗണിൽ സെൻട്രൽ ജംക്‌ഷനിൽ എത്തിയപ്പോൾ റൂട്ട് മാറി മൂന്നു കാളവണ്ടികൾ ബൈപാസ് റോഡിലേക്കു കയറിയെങ്കിലും ഡ്യൂട്ടിയിൽ ഉണ്ടായിരുന്ന പൊലീസ് ഇവരെ ദേശീയപാതയിലൂടെ തിരിച്ചുവിടുകയായിരുന്നു.