ADVERTISEMENT

തിരുവനന്തപുരം∙ യുവ ഡോക്ടർ ഷഹ്ന ജീവനൊടുക്കിയ കേസിൽ പ്രതി ‍ഡോ.റുവൈസ് ഗുരുതര കുറ്റകൃത്യത്തിൽ ഉൾപ്പെട്ടിട്ടുള്ള സാഹചര്യത്തിൽ ഇതിൽ പങ്കുള്ളവരെക്കുറിച്ചും വിശദമായി അന്വേഷിക്കാൻ പൊലീസ് തീരുമാനം. കേസിൽ അറസ്റ്റിലായ ഡോ. റുവൈസിന്റെ പിതാവിലേക്കും അന്വേഷണം നീളും. ഇയാളെ അന്വേഷണ സംഘം ചോദ്യം ചെയ്യുമെന്നാണ് വിവരം. ഷഹ്നയുടെ കുടുംബം നൽകിയ മൊഴിയനുസരിച്ച് സ്ത്രീധനം ചോദിച്ചതില്‍ പിതാവിനും പങ്കുണ്ട്. ചോദ്യംചെയ്ത ശേഷം പ്രതി ചേര്‍ക്കണമോയെന്ന് തീരുമാനിക്കും. റുവൈസിനെതിരെ ആത്മഹത്യാ പ്രേരണക്കുറ്റം നിലനില്‍ക്കുമോയെന്ന കാര്യവും പൊലീസ് പരിശോധിക്കും.

അതേസമയം, പ്രതി റുവൈസിനു ജാമ്യം നൽകരുതെന്നും ജുഡീഷ്യൽ കസ്റ്റഡിയിൽ വാങ്ങി കൂടുതൽ അന്വേഷണം നടത്തണമെന്നുമാണ് മെഡിക്കൽ കോളജ് പൊലീസിന്റെ റിമാൻഡ് റിപ്പോർട്ട്. സമൂഹ മനഃസാക്ഷിയെ ഞെട്ടിച്ച് സ്ത്രീധനം പോലുള്ള വിപത്തിന്റെ വക്താവായി മാറിയ പ്രതി, ഭാവി പ്രതീക്ഷയായ യുവ ഡോക്ടറെ ആത്മഹത്യയിലേക്കു നയിച്ചു. പ്രതിയുടെ നീച പ്രവൃത്തി അപരിഷ്കൃതവും നിയമങ്ങളുടെ ലംഘനവുമാണ്. സ്ത്രീധന നിരോധന നിയമപ്രകാരം കരുനാഗപ്പള്ളി, വെഞ്ഞാറമൂട് തുടങ്ങിയ സ്ഥലങ്ങളിൽ നടന്ന, കുറ്റകൃത്യത്തിനിടയാക്കിയ ചടങ്ങുകളെക്കുറിച്ച് അന്വേഷിക്കണമെന്നും റിമാൻഡ് റിപ്പോർട്ടിൽ പറയുന്നു.

കരുനാഗപ്പള്ളിയിലെ വീട്ടില്‍ നിന്നും കസ്റ്റഡിയിലെടുത്ത റുവൈസിനെ പിന്നീട് അറസ്റ്റ് ചെയ്യുകയായിരുന്നു. ഇയാളെ 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തിട്ടുണ്ട്.150 പവന്‍ സ്വര്‍ണവും ബിഎംഡബ്ല്യു കാറും വസ്തുവും പണവുമാണ് ഷഹ്നയുമായി പ്രണയത്തിലായിരുന്ന റുവൈസിന്‍റെ കുടുംബം ആവശ്യപ്പെട്ടത്. ഇത്രയും നല്‍കാനില്ലെന്നും അന്‍പതു ലക്ഷം രൂപയും അന്‍പത് പവന്‍ സ്വര്‍ണവും കാറും നല്‍കാമെന്ന് ഷഹ്നയുടെ കുടുംബം അറിയിച്ചുവെങ്കിലും റുവൈസിന്‍റെ വീട്ടുകാര്‍ വഴങ്ങിയില്ല. കുടുംബത്തിന്‍റെ തീരുമാനത്തെ എതിര്‍ക്കാന്‍ സാധിക്കില്ലെന്ന് റുവൈസ് വ്യക്തമാക്കിയതോടെ മനംനൊന്ത് ഷഹ്ന ജീവനൊടുക്കുകയായിരുന്നു.

പ്രതിയുടെ ഫോൺ ഫൊറൻസിക് ലാബിലേക്ക് അയയ്ക്കാനും തീരുമാനിച്ചു. ഡോ.എ.ജെ.ഷഹ്ന ജീവനൊടുക്കിയ സംഭവം അതീവ ഗൗരവമുള്ളതാണെന്നും കർശന നടപടി സ്വീകരിക്കുമെന്നും മന്ത്രി വീണാ ജോർജ് പറഞ്ഞു.

∙ ചുമത്തിയ വകുപ്പുകളും ലഭിക്കാവുന്ന ശിക്ഷയും

ആത്മഹത്യാ പ്രേരണക്കുറ്റം, സ്ത്രീധന നിരോധന നിയമം (നാലാം വകുപ്പ്) എന്നിവ പ്രകാരമാണ് മെഡിക്കൽ കോളജ് പൊലീസ് പ്രതി റുവൈസിനെതിരെ കേസെടുത്തത്. ഇന്ത്യൻ ശിക്ഷാ നിയമം വകുപ്പ് 306 അനുസരിച്ച് 10 വർഷം വരെയും സ്ത്രീധന നിരോധന നിയമ പ്രകാരം 2 വർഷം വരെയും തടവുശിക്ഷ ലഭിക്കാം.

English Summary:

Dr. Ruwais and Father Under Investigation for Dowry Harassment After Young Doctor's Death

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com