ADVERTISEMENT

പത്തനാപുരം∙ വൻതുക സ്ത്രീധനം ആവശ്യപ്പെട്ടതിനെ തുടർന്ന് വിവാഹം മുടങ്ങിയതിന്റെ പേരിൽ തിരുവനന്തപുരം മെഡിക്കൽ കോളജ് സർജറി വിഭാഗത്തിലെ പിജി വിദ്യാർഥിനി ഡോക്ടർ ഷഹ്ന ജീവനൊടുക്കിയ സംഭവത്തിൽ, പൊലീസ് അറസ്റ്റ് ചെയ്ത ഡോ. റുവൈസിനെതിരെ രൂക്ഷ വിമർശനവുമായി കെ.ബി. ഗണേഷ് കുമാർ എംഎൽഎ. ഗതിയില്ലാത്തവൻ വിവാഹം കഴിക്കാൻ പോകരുതെന്ന് അദ്ദേഹം പരിഹസിച്ചു. മിടുക്കിയായ ആ പെൺകുട്ടിയുടെ ജീവിതം തകർത്ത റുവൈസിനോടു നിയമത്തിന്റെ കണ്ണിൽ ഒരു ദയയും കാണിക്കാൻ പാടില്ല. സമൂഹവും ദയ കാണിക്കരുത്. ഇത്തരം ക്രിമികളോടും ദുഷ്ടൻമാരോടും ദയ പാടില്ലെന്നും ഗണേഷ് കുമാർ അഭിപ്രായപ്പെട്ടു.

‘‘നാണംകെട്ട വാർത്തയാണ്. കാരണം നമ്മൾ അതേക്കുറിച്ച് അറിയാൻ തന്നെ ലജ്ജിക്കേണ്ടിയിരിക്കുന്നു. വളരെയധികം പുരോഗമിച്ച ഒരു സംസ്ഥാനമാണ് കേരളം. ആ കേരളത്തിലെ ജനങ്ങൾ ഇത്രയും മോശപ്പെട്ട കാര്യത്തിനു കൂട്ടുനിൽക്കുന്നു. ഈ പറയപ്പെടുന്ന വ്യക്തി ഞാൻ അറിഞ്ഞിടത്തോളം മറ്റു വിഷയങ്ങളിലെല്ലാം വലിയ ആദർശം പ്രസംഗിക്കുന്ന ആളാണ്. പക്ഷേ സ്വന്തം ജീവിതത്തിൽ ആ ആദർശമില്ല. ആ വിവാഹാലോചന ഒരു ഭാഗ്യമായി അയാൾ കാണണം. കാരണം, അയാൾ വിവാഹം കഴിക്കാൻ പോകുന്ന കുട്ടി മെറിറ്റിൽ അഡ്മിഷൻ വാങ്ങി, മെറിറ്റിൽ പഠിച്ച് എംബിബിഎസ് നേടി, മെറിറ്റിൽ തിരുവനന്തപുരം മെഡിക്കൽ കോളജിൽ പിജിക്ക് അഡ്മിഷൻ നേടിയ കുട്ടിയാണ്. അതായത്, ഉന്നത റാങ്കിൽ വന്ന എത്ര മിടുക്കിയാണ് എന്ന് ആലോചിക്കണം.

മിടുക്കിയായ ആ പെൺകുട്ടിയുടെ ജീവിതം തകർത്ത ഇയാളോട് നിയമത്തിന്റെ കണ്ണിൽ ഒരു ദയവും കാണിക്കാൻ പാടില്ല. സമൂഹവും ഇയാളോടു ദയ കാണിക്കരുത്. കാരണം, ഇത്തരം ക്രിമികളോട്, ദുഷ്ടൻമാരോടു ദയ പാടില്ല. ആ കുഞ്ഞ് വിവാഹത്തിനായി എത്രമാത്രം മോഹിച്ചിരിക്കും. ആ വിവാഹം പണത്തിന്റെ കുറവുകൊണ്ട്, അതായത് സ്ത്രീധനത്തിന്റെ കുറവുകൊണ്ട് തകരുന്നു എന്നറിയുമ്പോൾ ആ കുട്ടി എത്രമാത്രം വേദനിച്ചിട്ടായിരിക്കും മരിച്ചത്. 

മരിക്കുന്നതിനു മുൻപ് ഈ കുട്ടിക്ക് ആവശ്യമില്ലാത്ത സ്വപ്നങ്ങളെല്ലാം പകർന്നു കൊടുത്തുകാണും. അയാളും തിരുവനന്തപുരത്തല്ലേ ജോലി ചെയ്യുന്നത്. ഒരു പ്രണയം പോലെ ആയിക്കാണും. വിവാഹം നിശ്ചയിച്ചതുകൊണ്ട് ആ കുട്ടി എല്ലാ സ്വപ്നങ്ങളും കണ്ടു.  അവസാനം പണത്തിന്റെ പേരിൽ ഒരു ലജ്ജയുമില്ലാതെ അയാൾ പിൻമാറുമെന്നു കാണുമ്പോൾ, ആ കുട്ടിക്കു പിടിച്ചു നിൽക്കാനാകില്ല. അതിന് ആ കുട്ടിയെ നമുക്കൊരിക്കലും കുറ്റം പറയാനാകില്ല. കാരണം, അതിന്റെ മനസ്സ് അതാണ്.

ജീവിതത്തിൽ പഠനത്തിനു മാത്രം മുൻതൂക്കം നൽകി ജീവിച്ചൊരു കുഞ്ഞ്. ആ വ്യക്തി ഒരു വിവാഹം സ്വപ്നം കണ്ടു. ആൾ അടുത്തുണ്ടല്ലോ. നടക്കുമെന്നു പ്രതീക്ഷിച്ചു. നല്ലൊരു ഡോക്ടറാകണമെന്നും മോഹിച്ചു. അതെല്ലാം പണത്തിന്റെ പേരിൽ തകർന്നു. ഒന്നര കിലോ സ്വർണമാണ് ചോദിച്ചത്. ഇതെല്ലാം എവിടെക്കൊണ്ടുപോയി വയ്ക്കും? പണയപ്പെടുത്തുന്ന ബാങ്കിൽ കാണില്ല ഇത്രയും സ്വർണം. ഒന്നരക്കിലോ സ്വർണവും ഒരു ബിഎംഡബ്ല്യു കാറുമെല്ലാം സാധാരണക്കാർക്കു കൊടുക്കാൻ പറ്റുമോ?

അല്ലെങ്കിൽ ആ കുട്ടിക്ക് അത്ര സ്വപ്നങ്ങൾ കൊടുക്കരുത്. ആദ്യത്തെ ദിവസം തന്നെ കാര്യം പറയുക. പല സമുദായങ്ങളിലും ഈ കുഴപ്പമുണ്ട്. 10 ലക്ഷം രൂപയാണ് നിശ്ചയിച്ചു വച്ചിരിക്കുന്ന തുക. ആരും ചോദിക്കാതെ തന്നെ 10 ലക്ഷം രൂപ കൊടുക്കും. നമ്മുടെ നാട്ടിലെ നാണംകെട്ട പരിപാടിയാണിത്. പല സമുദായങ്ങളിലും നിശ്ചയിച്ചുവച്ചിരിക്കുന്നത് അനുസരിച്ച്, കല്യാണം നടക്കണമെങ്കിൽ 10 ലക്ഷം രൂപ പയ്യനു കൊടുത്തേ പറ്റൂ. സ്ത്രീധനമായിട്ടു ചോദിക്കുകയൊന്നും വേണ്ട. അല്ലാതെ തന്നെ കിട്ടും. കല്യാണ ചെലവാണെന്നാ പറയുന്നത്. നാണമുണ്ടോ? കല്യാണത്തിന്റെ ചെലവു വാങ്ങിയാണോ വിവാഹം കഴിക്കേണ്ടത്? ഒന്നുമില്ലാത്തവൻ കല്യാണം കഴിക്കേണ്ടെന്നേ. പെണ്ണിന്റെ വീട്ടിൽനിന്ന് പണം വാങ്ങിവന്ന് കല്യാണം കഴിക്കാൻ പോകുന്നവൻ അതിനു നിൽക്കരുത്. അതൊരു പെൺകുട്ടിയല്ലേ? അവളൊരു നല്ല ജീവിതം സ്വപ്നം കണ്ടു. ഈ മഹാപാപി അതു നശിപ്പിച്ചു.

ഇവൻ മറ്റു കാര്യങ്ങളിലൊക്കെ വലിയ ആദർശമാണ് പറയുന്നത്. ഡോ. വന്ദന മരിച്ച സമയത്തൊക്കെ ഇവന്റെ ആദർശ പ്രസംഗം ഉണ്ടായിരുന്നു. ഈ ആദർശം സ്വന്തം ജീവിതത്തിലില്ല. നല്ല വിദ്യാഭ്യാസമുള്ള ഒരു കുട്ടിയായിരുന്നു. അതിന് ഇവനെല്ലെങ്കിൽ ഇതിലും നല്ല സുന്ദരൻമാരെയും മിടുക്കൻമാരെയും കിട്ടില്ലായിരുന്നോ. എന്തിന് ഈ അബദ്ധം കാണിച്ചു? ഇങ്ങനെയൊരു പണക്കൊതിയന്റെ കൂടെ ജീവിച്ചിട്ട് ഈ ജന്മത്തിൽ എന്തു നേടുമായിരുന്നു?

സത്യത്തിൽ പൈസ വേണമെന്നു പറയുന്നവനോടു പോടാ എന്നു പറയേണ്ടത് പെൺകുട്ടികളാണ്. ആ ഘട്ടത്തിൽ അതിനു വലിയ ദുഃഖം തോന്നിക്കാണും. ആഗ്രഹിച്ചു പോയതുകൊണ്ടാണ്. അവനെ വിവാഹം ചെയ്തു ജീവിക്കാൻ അതു മോഹിച്ചു കാണും. വിവാഹ ജീവിതവുമായി ബന്ധപ്പെട്ട് ഒരുപാടു സ്വപ്നങ്ങൾ നെയ്തുകാണും. അതായിരിക്കും ഇങ്ങനെ ചെയ്തത്. അതല്ലെങ്കിൽ, നല്ല വിദ്യാഭ്യാസമുള്ള കുട്ടിയല്ലേ. പോടാ നിന്റെ പാട്ടിനെന്ന് പറയുമായിരുന്നു’’ – ഗണേഷ് കുമാർ പറഞ്ഞു.

English Summary:

KB Ganesh Kumar MLA Condemns Dowry-Related Death, Calls for Strict Legal Action

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com