സുഗതകുമാരിയുടെ ഓർമയ്ക്കായി ബംഗാൾ രാജ്ഭവനിന്റെ പൂന്തോട്ടത്തിൽ സ്മൃതിവനം

Mail This Article
കൊൽക്കത്ത∙ സുഗതകുമാരിയുടെ ഓർമയ്ക്കായി ബംഗാൾ രാജ്ഭവന്റെ പൂന്തോട്ടത്തിൽ ‘സ്മൃതിവനം. സുഗതവനം’ എന്നു പേരിട്ട മിയാവാക്കി വനത്തിന്റെ ഉദ്ഘാടനം ഗവർണർ ഡോ.സി.വി.ആനന്ദബോസ് നിർവഹിച്ചു.
രാജ്ഭവന്റെ മുൻവശത്തെ പൂന്തോട്ടത്തിനോട് ചേർന്നാണ് ഫലവൃക്ഷങ്ങളും മറ്റും ഉൾപ്പെടുന്ന സുഗതവനം തയ്യാറാക്കുന്നത്. ആറൻമുള ഹെറിറ്റേജ് ട്രസ്റ്റിന്റെ നേതൃത്വത്തിൽ ബംഗാളിലെ സ്കൂളുകളിലും പൊതുസ്ഥലങ്ങളിലും വൃക്ഷത്തൈകൾ നടുകയും സുഗതവനങ്ങൾ ഒരുക്കുകയും ചെയ്യുന്നുണ്ട്. ആറൻമുളയിലും വിശാലമായ സുഗതവനം ഒരുക്കുന്നുണ്ട്. ഇതിന് തുടക്കമിട്ടാണ് ബംഗാൾ രാജ്ഭവനിൽ ‘സ്മൃതിവനം. സുഗതവനം’ ഒരുക്കുന്നത്.
പ്രകൃതിക്കു വേണ്ടി ജീവിച്ച സുഗതകുമാരി ടീച്ചറുടെ ഓർമ നിലനിർത്താനാണ് രാജ്ഭവനിൽ സ്മൃതിവനം ഒരുക്കുന്നതെന്നും പ്രകൃതി സ്നേഹം കൂട്ടികൾ ഉൾപ്പെടെയുള്ളവരിൽ ഉറപ്പിക്കാനുള്ള ബ്രഹദ് പദ്ധതിയുടെ ഭാഗമാണ് ഇതെന്നും ഗവർണർ സി.വി.ആനന്ദബോസ് പറഞ്ഞു.
മനുഷ്യവകാശത്തിനും സ്ത്രീസംരക്ഷണത്തിനും പ്രകൃതി സംരക്ഷണത്തിനും വേണ്ടി ഒരു മനുഷ്യായുസ് മുഴുവൻ കഠിനാധ്വാനം ചെയ്ത സുഗതകുമാരിയുടെ ഒാർമകൾക്കൊപ്പം അവരുടെ ആശയപ്രചാരണത്തിനുമാണ് സുഗതവനമെന്ന് ആറൻമുള ഹെറിറ്റേജ് ട്രസ്റ്റ് അധ്യക്ഷൻ കുമ്മനം രാജശേഖരൻ പറഞ്ഞു. സുഗതകുമാരിയുടെ 90-ാം ജന്മവാർഷികവേളയോടനുബന്ധിച്ചുള്ള സുഗതസ്മൃതിയുടെ ഭാഗമാണ് സുഗതവനമെന്നും അദ്ദേഹം പറഞ്ഞു. ചടങ്ങിൽ പത്തനംതിട്ട പ്രമാടം നേതാജി ഹയർ സെക്കൻഡറി സ്കൂളിലെ കുട്ടികൾ സുഗതകുമാരിയുടെ കവിത ചൊല്ലി.