ADVERTISEMENT

ന്യൂഡൽഹി∙ ഡൽഹി മദ്യനയ അഴിമതിക്കേസിൽ സിബിഐയുടെയും എൻഫോഴ്സ്െമന്റ് ഡയറക്ടറേറ്റിന്റെയും (ഇഡി) ആരോപണങ്ങളിൽ വൈരുധ്യമുണ്ടെന്നു സുപ്രീംകോടതി. മദ്യനയ അഴിമതിയുമായി ബന്ധപ്പെട്ട് കള്ളപ്പണം വെളുപ്പിക്കൽ കേസിൽ കോടതി പെർണോഡ് റിക്കാർഡ് ഇന്ത്യ റീജനൽ മാനേജർ മാനേജർ ബിനോയി ബാബുവിന് കോടതി ജാമ്യം അനുവദിച്ചു. 13 മാസമായി തടവിൽ കഴിയുകയാണെന്നും വിചാരണ നടപടികൾ ഇതവരെ ആരംഭിച്ചിട്ടില്ലെന്നുമുള്ള വാദം കണക്കിലെടുത്താണ് ജാമ്യം അനുവദിച്ചത്. കഴിഞ്ഞ ജൂലൈയിൽ ജാമ്യം നിഷേധിച്ച ഡൽഹി ഹൈക്കോടതി ഉത്തരവിനെതിരെ അപ്പീൽ നൽകാനും അനുവദിച്ചിട്ടുണ്ട്.

ബിനോയ് ബാബുവിന്റെ ജാമ്യാപേക്ഷയിൽ വാദം കേൾക്കുന്നതിനിടെയാണ് ഇയാൾക്കെതിരായ ഇഡിയുടേയും സിബിഐയുടേയും ആരോപണങ്ങളിൽ വൈരുധ്യമുണ്ടെന്ന് ജസ്റ്റീസ് സഞ്ജീവ് ഖന്ന വാക്കാൽ നിരീക്ഷിച്ചത്. അനിശ്തചിതമായി വിചാരണ നീണ്ടു പോകുന്നതിന്റെ പേരിൽ ഒരാൾ തടവിൽ കിടക്കാൻ അനുവദിക്കാനാകില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

പെർണോഡ് റിക്കാർഡ് ഇന്ത്യയിൽ ഒരു ജൂനിയർ ഉദ്യോഗസ്ഥനായി ബിനോയിക്ക് കമ്പനിയുടെ നയപരമായ കാര്യങ്ങളിൽ ഒരുത്തരവാദിത്തവുമില്ലെന്ന് മുതിർന്ന അഭിഭാഷകൻ ഹരീഷ് സാൽവേ വാദിച്ചു. എന്നാൽ, ബിനോയ് ബാബുവിനെ കേസിൽ വെറുമൊരു കാഴ്ചക്കാരന്റെ സ്ഥാനത്തു നിർത്താനാകില്ലെന്നായിരുന്നു ജാമ്യാപേക്ഷയെ എതിർത്തു ഡൽഹി ഹൈക്കോടതിയിൽ ഇഡി വാദിച്ചത്. ആം ആദ്മി പാർട്ടിയുടെ കമ്യൂണിക്കേഷൻ മാനേജരായിരുന്ന വിജയ് നായരുടെ നിർദേശ പ്രകാരം ലൈസൻസ് നൽകുന്നതിൽ ബിനോയി ബാബു ഇടപെട്ടിട്ടുണ്ടെന്നും ഇഡി വാദിച്ചു. എന്നാൽ, മദ്യനയം നിലവിൽ വരുന്നതിനുശേഷം മാത്രമാണ് ബിനോയ്, വിജയ് നായരുമായി കൂടിക്കാഴ്ച നടത്തിയതെന്നാണു ഹരീഷ് സാൽവേ സുപ്രീംകോടതിയിൽ വാദിച്ചത്. മൊത്തക്കച്ചടവക്കാർക്കും വിതരണക്കാർക്കുമാണ് മദ്യനയവുമായി ബന്ധമുള്ളത്. ഉത്പാദകർക്ക് ഇതിൽ പങ്കില്ലെന്നുമായിരുന്നു സാൽവേയുടെ വാദം.

പക്ഷേ, ബിനോയ് ഒരു ജൂനിയർ ഉദ്യോഗസ്ഥൻ മാത്രമല്ലെന്ന് ജസ്റ്റിസ് സഞ്ജയ് ഖന്ന ചൂണ്ടിക്കാട്ടി. കമ്പനിയുടെ ബോർഡിൽ അംഗത്വമില്ലാത്ത റീജിനൽ മാനേജർ മാത്രമാണെന്നായിരുന്നു സാൽവേയുടെ മറുപടി. മദ്യ നയം നിലവിൽ വന്നതിനു ശേഷമാണോ ബിനോയിയും വിജയ് നായരും കൂടിക്കണ്ടതെന്ന കാര്യം ശരിയാണോ എന്ന് ജസ്റ്റിസ് ഖന്ന അഡീഷനൽ സോളിസിറ്റർ ജനറൽ എസ്.വി. രാജുവിനോട് ചോദിച്ചു. ശരിയാണെന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി. അങ്ങനെയെങ്കിൽ മദ്യനയ രൂപീകരണത്തിൽ ബിനോയിക്കു പങ്കില്ലെന്ന് ജസ്റ്റിസ് ഖന്ന വ്യക്തമാക്കി. എന്നാൽ, മദ്യനയവുമായി ബന്ധപ്പെട്ട നിർണായ രേഖകൾ ബിനോയ് കൈവശം വച്ചിരുന്നതായി എഎസ്ജി ചൂണ്ടിക്കാട്ടി. വീണ്ടും വാദം തുടരാൻ മുതിർന്നപ്പോഴാണ് ഒരാളെ വിചാരണ നടത്താതെ അനിശ്ചിത കാലം തടവിൽ പാർപ്പിക്കാൻ കഴിയില്ലെന്ന് ജസ്റ്റിസ് വ്യക്തമാക്കിയത്.

English Summary:

Supreme Court Spots Gaps in CBI and ED Cases; Binoy Babu of Pernod Ricard Granted Bail

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com