ADVERTISEMENT

തിരുവനന്തപുരം∙ ആരോഗ്യവകുപ്പുമായി ബന്ധപ്പെട്ട് ജോലിവാഗ്ദാനം ചെയ്ത് ലക്ഷങ്ങൾ കൈപ്പറ്റിയ ശേഷം വ്യാജ നിയമന ഉത്തരവു നൽകിയ കേസിൽ പിടിയിലായ യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറി അരവിന്ദ് വെട്ടിക്കലിനെതിരെ (29) ആറന്മുളയിലും കേസ്. പത്തനംതിട്ട ജനറല്‍ ആശുപത്രിയില്‍ ജോലി വാഗ്ദാനം ചെയ്ത് പണം തട്ടിയെന്നാണു കേസ്. 80,000 രൂപ തട്ടിയെടുത്തെന്നു ചൂണ്ടിക്കാട്ടി ആറന്മുള സ്വദേശിനിയായ യുവതിയുടെ മാതാവാണു പരാതി നല്‍കിയത്.

കോട്ടയം ജനറൽ ആശുപത്രിയിൽ ജോലി വാഗ്ദാനം ചെയ്ത് 50,000 രൂപ കൈപ്പറ്റി വ്യാജ നിയമന ഉത്തരവ് നൽകിയ കേസിൽ അരവിന്ദിനെ കന്റോൺമെന്റ് പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. എംപി ക്വോട്ടയിൽ റിസപ്ഷനിസ്റ്റ് തസ്തികയിൽ നിയമനം നൽകാമെന്നായിരുന്നു കരുനാഗപ്പള്ളി സ്വദേശിയായ യുവതിക്ക് അരവിന്ദ് നൽകിയ വാഗ്ദാനം. ജനുവരി 17ന് ജോലിക്കു ഹാജരാകണമെന്ന് കാണിച്ച് കത്തും കൈമാറി. ഇതുപ്രകാരം ജോലിക്ക് എത്തിയപ്പോഴാണ് തട്ടിപ്പിനിരയായ വിവരം യുവതി അറിഞ്ഞത്.

തട്ടിപ്പ് തിരിച്ചറിഞ്ഞ യുവതി വ്യാജ ഉത്തരവ് പ്രചരിപ്പിക്കുകയും വിഷയം ശ്രദ്ധയിൽപെട്ട ആരോഗ്യ വകുപ്പ് ഡയറക്ടർ പൊലീസിൽ പരാതി നൽകുകയുമായിരുന്നു. ഡയറക്ടറേറ്റിലെ സെക്‌‍ഷൻ ഓഫിസറുടെ പേരിൽ വ്യാജ ലെറ്റർപാഡ് തയാറാക്കിയാണ് തട്ടിപ്പു നടത്തിയത്.

അരവിന്ദ് പത്തനംതിട്ട ജില്ലയിലെ 5 പേരിൽനിന്നായി 3.5 ലക്ഷം രൂപ തട്ടിയെടുത്തതായി പൊലീസ് കണ്ടെത്തിയിരുന്നു. ഒരാളിൽനിന്ന് 1.5 ലക്ഷം രൂപയും മറ്റുള്ളവരിൽനിന്ന് അരലക്ഷം രൂപ വീതവുമാണു വാങ്ങിയത്. ഇവർക്കും വ്യാജ നിയമന ഉത്തരവു നൽകിയിട്ടുണ്ടെന്നും കന്റോൺമെന്റ് പൊലീസ് പറഞ്ഞു. പ്രതിയെ കസ്റ്റഡിയിൽ വാങ്ങി ചോദ്യംചെയ്തശേഷം, പണം നഷ്ടമായവരുടെ മൊഴിയെടുക്കാനാണ് തീരുമാനം. അനധികൃത നിയമനത്തിനു ശ്രമിച്ചതിന്റെ ജാള്യം കാരണം ഒരു വിഭാഗം പേർ പരാതിയില്ലെന്നു പൊലീസിനെ അറിയിച്ചിട്ടുണ്ട്.

എംപി ക്വോട്ടയിൽ റിസപ്ഷനിസ്റ്റ് തസ്തികയിൽ നിയമനം നൽകാമെന്നു വാഗ്ദാനം നൽകി കരുനാഗപ്പള്ളി സ്വദേശിയിൽനിന്ന് 50,000 രൂപ വാങ്ങിയ ശേഷം വ്യാജ നിയമന ഉത്തരവു നൽകിയിരുന്നു. ജനുവരി 17ന് ജോലിക്ക് ഹാജരാകണമെന്നായിരുന്നു ഉത്തരവ്. 

English Summary:

Youth Congress Leader Arrested for Job Scam in Thiruvananthapuram: Victims Lose Lakhs

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com