കാർ ട്രക്കുമായി കൂട്ടിയിടിച്ച് തീ പിടിച്ച് ഒരു കുട്ടിയടക്കം എട്ട് യാത്രക്കാർ വെന്തുമരിച്ചു
Mail This Article
ലക്നൗ∙ ഉത്തർപ്രദേശിൽ കാർ ട്രക്കുമായി കൂട്ടിയിടിച്ച് തീ പിടിച്ച് ഒരു കുട്ടിയടക്കം എട്ട് യാത്രക്കാർ വെന്തുമരിച്ചു. ശനിയാഴ്ച രാത്രി ബറേലിയിൽ ഭോജിപുരയ്ക്കു സമീപം നൈനിറ്റാൾ ഹൈവേയിലാണ് അപകടം സംഭവിച്ചത്. സെൻട്രൽ ലോക്കായ കാറിൽ കുടുങ്ങിയ ഏഴുപേരും ഒരു കുട്ടിയും മരിച്ചുവെന്ന് പൊലീസ് പറഞ്ഞു. ബറെയ്‌ലിയിലെ ബഹേഡി ജില്ലയിലെ ഡബോറ ഗ്രാമത്തിൽനിന്നുള്ളവരാണ് അപകടത്തിൽപ്പെട്ടത്.
വിവാഹച്ചടങ്ങിൽ പങ്കെടുക്കാൻ പോയശേഷം തിരികെ വീട്ടിലേക്കു പോകുകയായിരുന്നു ഇവർ. ടയർ പൊട്ടിയതിനെത്തുടർന്ന് നിയന്ത്രണം നഷ്ടപ്പെട്ട കാർ ട്രക്കുമായി കൂട്ടിയിടിക്കുകയായിരുന്നു. വാഹനങ്ങൾ കൂട്ടിയിടിച്ചയുടൻ വലിയ പൊട്ടിത്തെറിയുണ്ടായി. സമീപത്ത് താമസിക്കുന്ന നാട്ടുകാരാണ് പൊലീസിനെ വിവരം അറിയിച്ചത്. ഉടൻതന്നെ സ്ഥലത്തെത്തിയ പൊലീസും അഗ്നരക്ഷാസേനയും സ്ഥലത്തെത്തി തീയണച്ചു.
മുഹമ്മദ് ഇർഫാൻ, മുഹമ്മദ് ആരിഫ്, ഷദാബ്, അസിം അലി, അലിം അലി, മുഹമ്മദ് അയൂബ്, മുന്നെ അലി, ആസിഫ് എന്നിവരാണ് മരിച്ചത്. സെൻട്രൽ ലോക്ക് ചെയ്തിരുന്നതിനാൽ കാറിൽ കുടുങ്ങിയ യാത്രക്കാർക്ക് രക്ഷപ്പെടാനായില്ലെന്നാണ് പ്രാഥമിക വിലയിരുത്തൽ. ട്രക്കിലുണ്ടായിരുന്നു ഡ്രൈവറും മറ്റുള്ളവരും രക്ഷപ്പെട്ടു.