സ്ഥിര നിക്ഷേപത്തിന് പലിശയില്ല; സിപിഎം നിയന്ത്രണത്തിലുള്ള ആശുപത്രിക്കെതിരെ സിപിഎം ഭരിക്കുന്ന സഹ. ബാങ്ക് കോടതിയിൽ
Mail This Article
ചെറുവത്തൂർ ∙ സ്ഥിര നിക്ഷേപമായി നൽകിയ 2.85 കോടി രൂപയുടെ പലിശ നൽകിയില്ലെന്ന പരാതിയുമായി സിപിഎം നിയന്ത്രണത്തിലുള്ള നീലേശ്വരത്തെ തേജസ്വിനി സഹകരണ ആശുപത്രിക്കെതിരെ പാർട്ടി തന്നെ ഭരിക്കുന്ന തിമിരി സഹകരണ ബാങ്ക് കോടതിയെ സമീപിച്ചു. ആശുപത്രിക്ക് വേണ്ടി നീലേശ്വരത്ത് 50 സെന്റ് സ്ഥലത്ത് 500 കിടക്കകളോടു കൂടി 5 നില കെട്ടിടം നിർമിക്കുന്നതിനാണ് വ്യക്തികളിൽ നിന്നും പാർട്ടി ഭരിക്കുന്ന ബാങ്കുകളിൽ നിന്നുമായി ആശുപത്രി സ്ഥിര നിക്ഷേപം വാങ്ങിയത്.
പലിശ ഇനത്തിൽ നൽകേണ്ട 24 ലക്ഷം രൂപയുടെ ചെക്ക് ആശുപത്രി അധികൃതർ ബാങ്കിന് നൽകിയിരുന്നെങ്കിലും 3 തവണയും ഇത് മടങ്ങി. തുടർന്നാണ് ബാങ്ക് ഹൊസ്ദുർഗ് ഒന്നാം ക്ലാസ് മജിസ്ട്രേട്ട് കോടതിയിൽ അന്യായം ഫയൽ ചെയ്തത്.
സിപിഎം സംസ്ഥാന സമിതി അംഗവും സംസ്ഥാന സഹകരണ നിക്ഷേപ ഗ്യാരന്റി ബോർഡ് വൈസ് ചെയർമാനുമായ കെ.പി. സതീഷ്ചന്ദ്രനാണ് ആശുപത്രിയുടെ ബോർഡ് ചെയർമാൻ. സതീഷ്ചന്ദ്രനെയും ജനറൽ മാനേജർ യു.സുധാകരനെയും എതിർകക്ഷികളാക്കിയാണ്
ബാങ്ക് അന്യായം ഫയൽ ചെയ്തത്. 2018ൽ എം.രാജഗോപാലൻ എംഎൽഎ ചെയർമാനായിരിക്കെയാണ് ആശുപത്രിയിലേക്ക് 2.8 കോടി വാങ്ങിയത്. 2022 മാർച്ച് 31 വരെ മുടക്കമില്ലാതെ പലിശ അടച്ചിട്ടുണ്ട്. പിന്നീട് പലിശ അടവ് നിലച്ചു.
സിപിഎം ലോക്കൽ കമ്മിറ്റി അംഗം വി.രാഘവനാണ് ബാങ്ക് ഭരണസമിതി പ്രസിഡന്റ്. ബാങ്ക് നിലനിൽപ് പ്രതിസന്ധിയിലാവാതിരിക്കാനാണ് കോടതി നടപടിയിലേക്കു നീങ്ങിയതെന്നാണ് ബാങ്കുമായി ബന്ധപ്പെട്ടവരുടെ വിശദീകരണം.
വിഷയം എത്രയും പെട്ടെന്ന് പരിഹരിക്കുമെന്നും കെട്ടിട നിർമാണവുമായി ബന്ധപ്പെട്ട സാമ്പത്തിക പ്രതിസന്ധിയെ തുടർന്നാണ് പലിശ കൊടുക്കുന്നത് തടസ്സപ്പെട്ടതെന്നും കെ.പി.സതീഷ് ചന്ദ്രൻ പറഞ്ഞു. കേസ് ഡിസംബർ 20ന് കോടതി പരിഗണിക്കും.