യുവതിയുടെ ആത്മഹത്യ: കേസിൽ വഴിത്തിരിവായത് ഭർത്താവിന് അടുപ്പമുള്ള സ്ത്രീക്ക് ടെസി അയച്ച സന്ദേശം, അറസ്റ്റ്
Mail This Article
വെച്ചൂച്ചിറ (പത്തനംതിട്ട ) ∙ പെരുന്തേനരുവി ജലാശയത്തിൽ ചാടിയ യുവതിയുടെ മരണത്തിൽ ഭർത്താവിനെ അറസ്റ്റ് ചെയ്തതിനു പിന്നാലെ കൂടുതൽ വിവരങ്ങൾ പുറത്ത്. നിരന്തരമായ ഗാർഹിക പീഡനവും മറ്റൊരു സ്ത്രീയുമായുള്ള ഭർത്താവിന്റെ ബന്ധം ചോദ്യം ചെയ്തതിലുള്ള ശാരീരിക മാനസിക പീഡനവുമാണു ടെസിയുടെ മരണത്തിന് ഇടയാക്കിയതെന്നു പൊലീസ് പറഞ്ഞു. ആത്മഹത്യാ പ്രേരണ, ഗാർഹിക പീഡനം എന്നീ കുറ്റങ്ങളാണു ഭർത്താവ് കെ.എസ്.അരവിന്ദിന്റെ പേരിൽ ചുമത്തിയിട്ടുള്ളത്. ഇയാളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
കൊല്ലമുള ചാത്തൻതറ ഡിസിഎൽപടി കരിങ്ങമാവിൽ വീട്ടിൽ കെ.എസ്.അരവിന്ദിനെ (സുമേഷ്–36) ഇന്നലെയാണു ഭാര്യ ടെസി (ജെനിമോൾ–31) മരിച്ച സംഭവത്തിൽ വെച്ചൂച്ചിറ പൊലീസ് അറസ്റ്റ് ചെയ്തത്. ടെസി ആറ്റിൽ ചാടിയ സ്ഥലത്തുനിന്നു ചെരിപ്പും മൊബൈൽ ഫോണും ഫോട്ടോയും 2 ഡെബിറ്റ് കാർഡുകളും പൊലീസ് കണ്ടെടുത്തിരുന്നു. ഭർത്താവുമായി ബന്ധമുണ്ടായിരുന്ന യുവതിക്ക് ടെസി അയച്ച വാട്സാപ് സന്ദേശം കേസിൽ വഴിത്തിരിവായി.
2010 മുതൽ പ്രണയത്തിലായിരുന്നു ടെസിയും അരവിന്ദും. കുടുംബ വിഹിതമായ കിട്ടിയ 8 പവനും 50,000 രൂപയും അരവിന്ദ് ചെലവഴിച്ചതായി പൊലീസ് പറഞ്ഞു. റാന്നി ഡിവൈഎസ്പി ആർ.ബിനുവിന്റെ നിർദേശ പ്രകാരം രൂപീകരിച്ച അന്വേഷണ സംഘത്തിൽ വെച്ചൂച്ചിറ ഇൻസ്പെക്ടർ ബി.രാജഗോപാൽ, എഎസ്ഐ റോയി ജോൺ, സീനിയർ സിപിഒമാരായ അൻസാരി, ജോജി, മനോജ്കുമാർ, ശ്യാം മോഹൻ, സിപിഒമാരായ ജോസൺ പി.ജോൺ, അഞ്ജന എന്നിവരാണ് ഉണ്ടായിരുന്നത്.