ADVERTISEMENT

കൊച്ചി∙ പെരുമ്പാവൂരിൽ നവകേരള സദസ്സിൽ പങ്കെടുക്കുന്നതിനായി മുഖ്യമന്ത്രിയും മന്ത്രിമാരും പോയ ബസിനുനേരെ ഷൂ എറിഞ്ഞ കേസിൽ പൊലീസിനെ വിമർശിച്ച് കോടതി. മന്ത്രിമാരെ മാത്രം സംരക്ഷിച്ചാൽ പോര, ജനങ്ങളെക്കൂടി പൊലീസ് സംരക്ഷിക്കണമെന്ന് രൂക്ഷമായി വിമർശിച്ച് കോടതി പറഞ്ഞു. നാല് കെഎസ്‌യു പ്രവർത്തകരെ പെരുമ്പാവൂർ ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കിയപ്പോഴാണ് ഇത്തരം പരാമർശം ഉണ്ടായത്.

പ്രതികൾക്കെതിരെ വധശ്രമക്കേസ് എങ്ങനെ നിലനിൽക്കുമെന്ന് കോടതി ചോദിച്ചു. ബസിനു നേരെ ഷൂ എറിഞ്ഞാൽ എങ്ങനെ 308ാം വകുപ്പ് ചുമത്താൻ കഴിയുമെന്നും കോടതി ചോദിച്ചു. ഓടിക്കൊണ്ടിരിക്കുന്ന ഒരു ബസിനുനേരെ ഷൂ എറിഞ്ഞാൽ അതിനകത്തേക്കു പോകില്ലല്ലോ, പിന്നെങ്ങനെയാണ് 308ാം വകുപ്പു ചുമത്താൻ കഴിയുക. മാത്രമല്ല, അവിടെക്കൂടിയ നവകേരള സദസ്സിന്റെ സംഘാടകർ, ഡിവൈഎഫ്ഐക്കാർ ഉൾപ്പെടെ മർദ്ദിച്ചുവെന്നും പൊലീസ് സ്ഥലത്ത് ഉണ്ടായിരുന്നില്ലെന്നും പ്രതികൾ കോടതിയെ അറിയിച്ചു. എങ്ങനെ രണ്ടുനീതി നടപ്പാക്കാൻ കഴിയുന്നുവെന്ന് പൊലീസിനോട് കോടതി ചോദിച്ചു.

പൊതുസ്ഥലത്തുവച്ച് പ്രതികളെ മർദ്ദിച്ചവരെ അറസ്റ്റ് ചെയ്യാത്തതിൽ പൊലീസിനെ കോടതി കുറ്റപ്പെടുത്തി. ഇവരെ ആക്രമിച്ചവർ എവിടെയെന്ന് ചോദിച്ച കോടതി മന്ത്രിമാരെ മാത്രമല്ല, ജനങ്ങളെക്കൂടി പൊലീസ് സംരക്ഷിക്കണമെന്നും ആവശ്യപ്പെട്ടു. പൊലീസ് ഉപദ്രവിച്ചുവെന്ന പ്രതികളുടെ പരാതി എഴുതി നൽകാൻ കോടതി നിർദേശിച്ചു. ഈ പൊലീസുകാർ ആരൊക്കെയെന്ന് പേര് ഉൾപ്പെടുത്താൻ കോടതി ആവശ്യപ്പെട്ടു. പൊതുസ്ഥലത്തുവച്ച് ഇവരെ അകാരണമായി മർദ്ദിക്കുമ്പോൾ അവർക്കു സംരക്ഷണം നൽകേണ്ട ചുമതല പൊലീസിനില്ലേയെന്നും എന്തുകൊണ്ട് പൊലീസ് രണ്ടുനീതി നടപ്പാക്കുന്നുവെന്നും കോടതി ചോദിച്ചു. പൊലീസ് ഇങ്ങനെ ചെയ്യുന്നത് നീതികേടാണെന്നും നീതി എല്ലാവർക്കും കിട്ടാനുള്ളതാണെന്നും കോടതി പറഞ്ഞു. പ്രതികളുടെ പരാതി ലഭിച്ചശേഷം കോടതി കേസ് വീണ്ടും പരിഗണിക്കും.

കെഎസ്‌യു സംസ്ഥാന സെക്രട്ടറി ബേസിൽ വർഗീസ്, പ്രവർത്തകരായ ജിബിൻ ദേവകുമാർ, ജെയ്ഡൻ തുടങ്ങിയവരാണ് അറസ്റ്റിലയാവർ. ഗുരുതര വകുപ്പുകൾ ചുമത്തിയാണ് ഇവർക്കെതിരെ നിലവിൽ കേസെടുത്തിരിക്കുന്നത്. മനഃപൂർവമായ നരഹത്യാശ്രമം ചൂണ്ടിക്കാട്ടിയിട്ടുമുണ്ട്. ഐപിസി 308, ഐപിസി 353, ഐപിസി 283 എന്നീ വകുപ്പുകളാണ് ഇവർക്കെതിരെ ചുമത്തിയിരിക്കുന്നത്. മുഖ്യമന്ത്രിയുടെയും മന്ത്രിമാരുടെയും മരണം വരെ സംഭവിച്ചേക്കാവുന്ന കുറ്റകൃത്യമാണ് ചെയ്തിരിക്കുന്നതെന്നും എഫ്ഐആറിൽ ആരോപിക്കുന്നു.

ഞായറാഴ്ച വൈകിട്ടാണ് മുഖ്യമന്ത്രിയും മന്ത്രിമാരും സഞ്ചരിച്ച ബസിനുനേർക്ക് ഷൂ എറിഞ്ഞത്. പെരുമ്പാവൂരിൽനിന്ന് കോതമംഗലത്തെ നവകേരള സദസ്സിനായി പോകുംവഴിയാണ് ഓടയ്ക്കാലിയിലെത്തിയപ്പോൾ ഏറുണ്ടായത്. സംഭവത്തിൽ രണ്ട് കെഎസ്‌യു പ്രവർത്തകരനെ കുറുപ്പംപടി പൊലീസ് കസ്റ്റഡിയിൽ എടുത്തിരുന്നു. ഷൂ ഏറിനോട് കോതമംഗലത്തും മൂവാറ്റുപുഴയിലും നടന്ന നവകേരള സദസ്സുകളിൽ മുഖ്യമന്ത്രി പിണറായി വിജയൻ അതിരൂക്ഷമായാണ് പ്രതികരിച്ചത്. ഏറിനൊക്കെ പോയാൽ പിന്നെ അതിന്റേതായ നടപടികൾ പിന്നാലെ വരും. സ്വാഭാവിക നടപടികൾ വരുമ്പോൾ പിന്നെ വിലപിച്ചിട്ടു കാര്യമില്ല. നാടിനോടുള്ള വെല്ലുവിളിയാണെന്നതും ഇത്തരക്കാർ മനസ്സിലാക്കണമെന്നും മുഖ്യമന്ത്രി വ്യക്തമാക്കിയിരുന്നു.

English Summary:

Shoe-Hurling at Kerala Chief Minister's Nava Kerala Sadas Convoy Leads to Court Criticism of Police Conduct

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com