ADVERTISEMENT

ന്യൂഡൽഹി∙ ജമ്മു കശ്മീരിനു പ്രത്യേക പദവി നൽകിയിരുന്ന ഭരണഘടന അനുച്ഛേദം 370 റദ്ദാക്കിയ കേന്ദ്ര സർക്കാർ നടപടി ശരിവച്ച് സുപ്രീം കോടതി. അടുത്ത വർഷം സെപ്റ്റംബർ 30നകം ജമ്മു കശ്മീരിൽ തിരഞ്ഞെടുപ്പു നടത്തണമെന്നും അഞ്ചംഗ ഭരണഘടന ബെഞ്ച് നിർദേശിച്ചു. സംസ്ഥാന പദവി പുനഃസ്ഥാപിക്കാനുള്ള നടപടികൾ എത്രയും വേഗം പൂർത്തിയാക്കണമെന്നും ചീഫ് ജസ്റ്റിസ് വ്യക്തമാക്കി. കശ്മീരിന്റെ പ്രത്യേക പദവി റദ്ദാക്കിയുള്ള രാഷ്ട്രപതിയുടെ വിജ്ഞാപനം ശരിവച്ച സുപ്രീം കോടതി, 370 (3) പ്രകാരം 370–ാം അനുച്ഛേദം റദ്ദാക്കാൻ രാഷ്ട്രപതിക്ക് അധികാരമുണ്ട്. ഇതിനെതിരെ തീരുമാനമെടുക്കാൻ സുപ്രീം കോടതിക്കാവില്ല. 370 (3) കൊണ്ടുവന്നത് ഏകീകരണത്തിനാണ്, ശിഥിലീകരണത്തിനല്ലെന്നും കോടതി വ്യക്തമാക്കി.

ലഡാക്ക് കേന്ദ്ര ഭരണപ്രദേശമാക്കിയ നടപടിയും സുപ്രീം കോടതി ശരിവച്ചു. സംസ്ഥാനത്തിന്റെ ഒരു ഭാഗം കേന്ദ്ര ഭരണപ്രദേശമാക്കാന്‍ ആര്‍ട്ടിക്കിള്‍ 3 അനുവാദം നല്‍കുന്നുണ്ടെന്നും കോടതി പറഞ്ഞു. രാഷ്ട്രപതി ഭരണം ഏർപ്പെടുത്തിയത് ഹർജികളിൽ പ്രത്യേകം ചോദ്യം ചെയ്തിട്ടില്ലാത്തതിനാൽ അക്കാര്യത്തിൽ ഇടപെടുന്നില്ലെന്ന് കോടതി വ്യക്തമാക്കി. ജമ്മു കശ്മീരിനു പ്രത്യേക പദവി നൽകിയിരുന്ന ഭരണഘടന അനുച്ഛേദം 370 താൽകാലിക സംവിധാനം മാത്രമാണെന്നാണ് സുപ്രീം കോടതി നിർണായക വിധിയിൽ വ്യക്തമാക്കിയിരിക്കുന്നത്. പ്രത്യേക പദവി റദ്ദാക്കിയതിന് ന‌രേന്ദ്ര മോദി സർക്കാർ മുന്നോട്ടു വച്ച വാദങ്ങളെ സാധൂകരിക്കുന്ന വിധത്തിലാണ് ഇപ്പോൾ ഈ വിഷയത്തിൽ സുപ്രീം കോടതി വിധി വന്നിരിക്കുന്നത്.

മൂന്നൂ വിധിന്യായങ്ങളാണ് ഇക്കാര്യത്തിൽ ഉണ്ടായതെങ്കിലും പ്രത്യേക പദവി റദ്ദാക്കിയതിൽ അപാകതയില്ലെന്ന് സുപ്രീം കോടതി ഏകകണ്േഠേനയാണ് ചൂണ്ടിക്കാട്ടിയത്. ഇന്ത്യയുടെ ഭാഗമായതോടെ ജമ്മു കശ്മീരിനു പ്രത്യേക പരമാധികാരമില്ലെന്ന് ചീഫ് ജസ്റ്റിസ് പറഞ്ഞു. ജമ്മു കശ്മീർ ഇന്ത്യൻ ഭരണഘടനയ്ക്ക് വിധേയം. ജമ്മു കശ്മീർ ഇന്ത്യയുടെ അവിഭാജ്യഘടകം. കശ്മീർ ഇന്ത്യയുടെ ഭാഗമായതോടെ പരമാധികാരം നിലനിർത്തിയിട്ടുണ്ടോ എന്ന ചോദ്യത്തിന് ഇല്ല എന്നു തന്നെയാണ് ഉത്തരമെന്ന് കോടതി വ്യക്തമാക്കി. 

അനുച്ഛേദം 370 എടുത്തുകളഞ്ഞതിന്‍റെ ഭരണഘടനാ സാധുത ചോദ്യം ചെയ്തുള്ള പൊതുതാൽപര്യ ഹര്‍ജികളിലാണ് ചീഫ് ജസ്റ്റിസ് ഡി.വൈ.ചന്ദ്രചൂഡ് അധ്യക്ഷനായ ഭരണഘടനാ ബെഞ്ച് വിധി പ്രസ്താവിച്ചത്. ചീഫ് ജസ്റ്റിസിനു പുറമേ ജഡ്ജിമാരായ സഞ്ജയ് കിഷന്‍ കൗള്‍, സഞ്ജീവ് ഖന്ന, ബി.ആര്‍.ഗവായ്, സൂര്യകാന്ത് എന്നിവരാണ് ബെഞ്ചിലെ മറ്റംഗങ്ങള്‍. 

2019 ഓഗസ്റ്റിലാണ് ഭരണഘടന അനുച്ഛേദം 370 റദ്ദാക്കിയത്. ഇതിനെതിരെ 2020ല്‍ നൽകിയ ഹര്‍ജികളില്‍ ഈ വര്‍ഷം ഓഗസ്റ്റ് 2 മുതല്‍ 16 ദിവസം വാദ കേട്ട സുപ്രീം കോടതി കേസ് വിധി പറയാന്‍ ഇന്നത്തേക്ക് മാറ്റുകയായിരുന്നു. ജമ്മു കശ്മീരിന്‍റെ പ്രത്യേക പദവി എടുത്തുകളഞ്ഞതും സംസ്ഥാനത്തെ രണ്ടു കേന്ദ്രഭരണ പ്രദേശങ്ങളാക്കിയതും 23 ഹര്‍ജിക്കാരാണ് ചോദ്യം ചെയ്തത്. ഭരണഘടനാ അനുഛേദം 370 ല്‍ മാറ്റം വരുത്താന്‍ രാഷ്ട്രപതിക്ക് കഴിയുമോ?, അതോ സംസ്ഥാന ഭരണഘടന നിയമനിര്‍മാണ സഭയുടെ ശുപാര്‍ശ അനുസരിച്ചേ രാഷ്ട്രപതിക്ക് ഇതിന് കഴിയുകയുള്ളൂ? എന്നീ വിഷയങ്ങളാണ് കോടതി പരിശോധിച്ചത്. 

ഭരണഘടന അനുഛേദം 370 റദ്ദാക്കണമോ എന്ന് 1951 മുതല്‍ 1957 നിലനിന്ന ജമ്മു കശ്മീര്‍ ഭരണഘടനാ നിയമനിര്‍മാണ സഭ തീരുമാനമെടുത്തിട്ടില്ല. അതിനാല്‍ 370 സ്ഥിരമായെന്നും ഭരണഘടന നിയമനിര്‍മാണ സഭയുടെ ദൗത്യം ഏറ്റെടുത്ത് പാര്‍ലമെന്‍റിന് ഭേദഗതി സാധ്യമല്ലെന്നുമായിരുന്നു ഹര്‍ജിക്കാരുടെ വാദം. ഭരണഘടന നിര്‍മാണ സഭ നിലവിലുണ്ടെങ്കില്‍ തന്നെയും നിര്‍ദേശിക്കാനുള്ള അധികാരമേ ഉള്ളൂവെന്നും അന്തിമ തീരുമാനമെടുക്കാനുള്ള അധികാരം രാഷ്ട്രപതിക്കാണെന്നുമായിരുന്നു കേന്ദ്ര സര്‍ക്കാര്‍ വാദം. 

അനുച്ഛേദം 370 റദ്ദാക്കിയ ഉത്തരവിനെ ചോദ്യം ചെയ്യുന്ന ആദ്യ ഹര്‍ജി അഭിഭാഷകന്‍ എം.എല്‍.ശര്‍മയായിരുന്നു നൽകിയത്. പിന്നീട് ജമ്മു കശ്മീരില്‍ നിന്നുള്ള മറ്റൊരു അഭിഭാഷകന്‍ ഷാക്കിര്‍ ഷബീറും കക്ഷി ചേർന്നു.  കേന്ദ്രത്തെ പ്രതിനിധീകരിച്ച് അറ്റോർണി ജനറൽ ആർ.വെങ്കിട്ടരമണി, സോളിസിറ്റർ ജനറൽ തുഷാർ മേത്ത, ഹരീഷ് സാൽവേ, രാകേഷ് ദ്വിവേദി, വി.ഗിരി എന്നിവരും ഹർജിക്കാർക്ക് വേണ്ടി കപിൽ സിബൽ, ഗോപാൽ സുബ്രഹ്മണ്യം, രാജീവ് ധവാൻ, ദുഷ്യന്ത് ദവെ, ഗോപാൽ ശങ്കരനാരായണൻ, സഫർ ഷാ എന്നിവരും കോടതിയിൽ ഹാജരായി.

2019 ഓഗസ്റ്റ് അഞ്ചിനാണു പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള എൻഡിഎ സർക്കാർ ഭരണഘടനയിലെ 370–ാം വകുപ്പു പ്രകാരം ജമ്മു കശ്മീരിനു പ്രത്യേക പദവി നൽകുന്നതും ജമ്മു–കശ്മീർ, ലഡാക്ക് മേഖലകളിലെ സ്ഥിര താമസക്കാര്‍ക്ക് 35എ വകുപ്പു പ്രകാരം പ്രത്യേക അവകാശം നൽകുന്നതും റദ്ദാക്കിയത്. ഒക്ടോബർ 31നു ജമ്മു കശ്മീർ, ലഡാക്ക് എന്നീ പുതിയ കേന്ദ്രഭരണ പ്രദേശങ്ങൾ രൂപപ്പെട്ടു. ജമ്മു കശ്മീരിൽ അധികാര പദവി ഗവർണറിൽനിന്നു ലഫ്. ഗവർണറിലേക്കു മാറി. ലഡാക്ക് കേന്ദ്രത്തിന്റെ നേരിട്ടുള്ള ഭരണത്തിലായി.

ഹർജികളിൽ സുപ്രീം കോടതി വിധി പറയുന്നതിന്റെ പശ്ചാത്തലത്തിൽ, കശ്മീരിൽ സുരക്ഷ ശക്തമാക്കി. കനത്ത ജാഗ്രതയിലാണ് കശ്മീർ. എഡിജിപി വിജയ് കുമാറിന്റെ നേതൃത്വത്തിൽ ഉന്നതതല യോഗം ചേർന്ന് സുരക്ഷയ്ക്കുള്ള സമഗ്ര പദ്ധതികൾ ചർച്ച ചെയ്തു. സമൂഹ മാധ്യമങ്ങളുടെ ദുരുപയോഗം ഉൾപ്പെടെയുള്ള സാധ്യതകളും ചർച്ചാവിഷയമായി. പ്രധാന നേതാക്കളെയെല്ലാം കരുതൽ തടങ്കലിലാക്കാൻ സർക്കാരിനു പുതിയൊരു കാരണം കിട്ടിയിരിക്കുകയാണെന്നും കോടതിയുടെ തീരുമാനം ജമ്മു കശ്മീരിലെ ജനങ്ങൾക്ക് അനുകൂലമാകുമെന്നു പ്രതീക്ഷയുണ്ടെന്നും നാഷനൽ കോൺഫറൻസ് ഉപാധ്യക്ഷനും മുൻ മുഖ്യമന്ത്രിയുമായ ഒമർ അബ്ദുല്ല പറഞ്ഞു. പിഡിപി ഉൾപ്പെടെ പാർട്ടികളുടെ പ്രവർത്തകരെ പൊലീസ് സ്റ്റേഷനുകളിൽ വിളിപ്പിക്കുകയാണെന്നു പാർട്ടി അധ്യക്ഷയും മറ്റൊരു മുൻ മുഖ്യമന്ത്രിയുമായ മെഹബൂബ മുഫ്തി പറഞ്ഞു.

English Summary:

Supreme Court verdict on pleas challenging abrogation of article 370

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com