ADVERTISEMENT

ചെന്നൈ ∙ രാജ്യത്തെ ട്രെയിൻ യാത്രയുടെ കെട്ടുംമട്ടും മാറ്റിയ വന്ദേഭാരത് എക്സ്‍പ്രസ് ആണ് ഇപ്പോൾ എവിടെയും താരം. ടിക്കറ്റ് കിട്ടാനില്ലാത്തത്ര ബുക്കിങ്ങുമായി നിറഞ്ഞോടുന്ന വന്ദേഭാരതിനായി എത്ര തുകയാണ് ഇന്ത്യൻ റെയിൽവേ ചെലവാക്കിയിട്ടുണ്ടാകുക? ട്രെയിനിൽ കയറിയവരുടെയും കയറാത്തവരുടെയും സംശയത്തിനു മറുപടി നൽകിയിരിക്കുകയാണു റെയിൽവേ. ആധുനിക സൗകര്യങ്ങൾക്കായി നൂറിലേറെ കോടി രൂപയാണ് ഓരോ വന്ദേഭാരതിനും ചെലവാക്കിയത്.

ഒരു വന്ദേഭാരത് ട്രെയിനിന്റെ ചെലവ് എത്രയാണെന്നാണു ചെന്നൈ ഇന്റഗ്രൽ കോച്ച് ഫാക്ടറിയോടു വിവരാവകാശ നിയമപ്രകാരം പേരാവല്ലൂർ സ്വദേശി കെ.വി.രമേഷ് ചോദിച്ചത്. 104.35 കോടി രൂപയാണു ചെലവെന്നാണ് ഔദ്യോഗിക മറുപടി. 8 മോട്ടർ കോച്ചുകൾ, 2 ഡ്രൈവിങ് ട്രെയിലർ കോച്ചുകൾ, 2 നോൺ ഡ്രൈവിങ് ട്രെയിലർ കോച്ചുകൾ, 4 ട്രെയിലർ കോച്ചുകൾ എന്നിവയുൾപ്പെട്ട 16 കോച്ചുകൾ വീതമുള്ള ഒരു ട്രെയിനിന്റെ നിർമാണ ചെലവാണ് ഇന്റഗ്രൽ കോച്ച് ഫാക്ടറി പുറത്തുവിട്ടത്.

വന്ദേഭാരതിലെ യാത്രാനുഭവം കൂടുതല്‍ മികച്ചതാക്കാന്‍ റെയില്‍വേ ഒരുങ്ങുന്നുവെന്ന റിപ്പോർട്ടുകൾക്കിടെയാണ് ചെലവുകണക്ക് പുറത്തുവന്നത്. ഓൺബോർഡ് സർവീസുകളിലെ നവീകരണ പദ്ധതികളുടെ ഭാഗമായി, ദക്ഷിണ റെയിൽവേയിലെ വന്ദേഭാരത് ട്രെയിനുകളില്‍ പൈലറ്റ് പ്രോജക്റ്റായി യാത്രി സേവാ അനുബന്ധ് (വൈഎസ്എ) ആരംഭിക്കും. യാത്രക്കാര്‍ക്ക് കൂടുതല്‍ മികച്ച സൗകര്യം ഉറപ്പുവരുത്തുക, ഭക്ഷണപാനീയങ്ങളില്‍ വൈവിധ്യം ഉറപ്പാക്കുക, സഹായ സേവനങ്ങൾ, ഓൺ ബോർഡ് ഇൻഫോടെയ്ൻമെന്‍റ് തുടങ്ങിയ അധിക മൂല്യവർധിത സേവനങ്ങൾക്കൊപ്പം യാത്രാസുഖം വര്‍ദ്ധിപ്പിക്കുകയാണു ലക്ഷ്യം.

കേരളത്തിൽ വന്ദേഭാരത് എക്സ്പ്രസ് സർവീസ് തുടങ്ങിയതോടെ മറ്റു ട്രെയിനുകളുടെ സമയക്രമം തെറ്റിയെന്നും തിരക്കേറിയെന്നും വ്യാപക പരാതിയുണ്ട്. എന്നാൽ പ്രചാരണം വാസ്തവ വിരുദ്ധമാണെന്നു ദക്ഷിണ റെയിൽവേ അറിയിച്ചു. തിരുവനന്തപുരം സെൻട്രൽ – കാസർകോട് വന്ദേഭാരത് എക്സ്പ്രസ് (20633/20634) സർവീസ് ആരംഭിച്ച ശേഷം തിരുവനന്തപുരം സെൻട്രൽ – ഷൊർണൂർ വേണാട് എക്സ്പ്രസിന്റെ വേഗം കൂട്ടുകയായിരുന്നുവെന്നാണു വിശദീകരണം. രാവിലെ 5.15ന് തിരുവനന്തപുരത്തുനിന്നു പുറപ്പെട്ടിരുന്ന ഈ ട്രെയിൻ നിലവിൽ 5.25ന് ആണു പുറപ്പെടുന്നത്. എന്നാൽ, എറണാകുളത്തും ഷൊർണൂരിലും എത്തുന്ന സമയത്തിൽ വ്യത്യാസമുണ്ടായിട്ടില്ലെന്നും റെയിൽവേ പറയുന്നു.

English Summary:

The cost of each Vande Bharat Express train is more than 100 crore rupees.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com