പാലക്കാട് 4 വയസ്സുകാരനെ കഴുത്തു ഞെരിച്ചു കൊലപ്പെടുത്തി; ബന്ധുവായ യുവതി ഗുരുതര പരുക്കോടെ ആശുപത്രിയിൽ
Mail This Article
ചിറ്റൂർ∙ പാലക്കാട് കൊഴിഞ്ഞാമ്പാറ വണ്ണാമടയിൽ 4 വയസ്സുകാരനെ കഴുത്തു ഞെരിച്ചു കൊലപ്പെടുത്തി. വണ്ണാമട തുളസി ഗാർഡൻ കല്ലാഴി വീട്ടിൽ മധുസൂദനന്റെയും ആതിരയുടെയും മകൻ റിത്വിക് ആണു കൊല്ലപ്പെട്ടത്. സംഭവം നടന്ന വീട്ടിൽ നിന്നു മധുസൂദനന്റെ ബന്ധുവായ യുവതിയെ ഗുരുതര പരുക്കുകളോടെ തൃശൂർ മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
മൂർച്ചയേറിയ ആയുധം ഉപയോഗിച്ചു കഴുത്തിലും കയ്യിലും ഇവർ സ്വയം മുറിവേൽപിച്ച നിലയിലായിരുന്നു എന്നു പൊലീസ് പറഞ്ഞു. യുവതി മാനസിക പ്രശ്നത്തെ തുടർന്നു ചികിത്സയിലായിരുന്നെന്നു ബന്ധുക്കൾ പൊലീസിനു മൊഴി നൽകി. ഇന്നലെ രാത്രി 10 നാണു സംഭവം.
മധുസൂദനന്റെ അമ്മ പത്മാവതിയെ പനിയെ തുടർന്നു കൊഴിഞ്ഞാമ്പാറയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. ഇതേത്തുടർന്നാണ് ആതിര റിത്വിക്കിനെ ബന്ധുവായ യുവതിക്കും അവരുടെ 5 വയസ്സുള്ള മകൾക്കുമൊപ്പം വീട്ടിലാക്കിയ ശേഷം ആശുപത്രിയിലേക്കു പോയത്.
ഇവർ വീട്ടിൽ തിരിച്ചെത്തി വാതിലിൽ തട്ടിയെങ്കിലും തുറന്നില്ല. പിന്നീട് 5 വയസ്സുകാരി പിൻ വാതിൽ തുറന്നു നൽകിയപ്പോഴാണ് ഇവർക്കു വീട്ടിലേക്കു കടക്കാനായത്. റിത്വിക്കിനെ മരിച്ച നിലയിലും യുവതിയെ രക്തം വാർന്ന് അബോധാവസ്ഥയിലും വീട്ടിൽ കണ്ടെത്തുകയായിരുന്നു. റിത്വിക്കിന്റെ മൃതദേഹം ജില്ലാ ആശുപത്രി മോർച്ചറിയിലേക്കു മാറ്റി.