ADVERTISEMENT

കോഴിക്കോട്∙ ഗവർണർ ആരിഫ് മുഹമ്മദ് ഖാനെതിരായ പ്രതിഷേധവുമായി ബന്ധപ്പെട്ട് എസ്എഫ്ഐയെ രൂക്ഷമായി വിമർശിച്ച് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രൻ. ക്രിമിനൽ സംഘങ്ങളെയാണോ ഒരു രാഷ്ട്രീയ പാർട്ടി വളർത്തേണ്ടതെന്ന് സുരേന്ദ്രൻ ചോദിച്ചു. എസ്എഫ്ഐയുടെ തലപ്പത്ത് ഇരിക്കുന്നവൻതന്നെ ഒരു ഇന്റർനാഷനൽ ക്രിമിനലാണെന്ന് അദ്ദേഹം ആരോപിച്ചു. സർവകലാശാലകളുടെ ഭരണത്തിന്റെ സമ്പൂർണ ഉത്തരവാദിത്തം ഗവർണർക്കാണെന്ന് സുപ്രീം കോടതി വ്യക്തമാക്കിയിട്ടുണ്ടെന്നും, അതനുസരിച്ചാണ് അദ്ദേഹം നടപടികൾ സ്വീകരിക്കുന്നതെന്നും സുരേന്ദ്രൻ ചൂണ്ടിക്കാട്ടി.

‘‘ക്രിമിനൽ സംഘങ്ങളെയാണോ ഒരു രാഷ്ട്രീയ പാർട്ടി വളർത്തുന്നത്? ഗുണ്ടാസംഘങ്ങളെയാണോ ഒരു രാഷ്ട്രീയ പാർട്ടി വളർത്തുന്നത്? ആ എസ്എഫ്ഐയുടെ തലപ്പത്ത് ഇരിക്കുന്നവൻതന്നെ ഒരു ഇന്റർനാഷനൽ ക്രിമിനലാണ്. എല്ലാ ക്രിമിനൽ ആക്ടിവിറ്റിയും നടത്തുന്നവനാണ്. അവന്റെ ഗുണ്ടാസംഘങ്ങളെ വച്ചുകൊണ്ട് പൊലീസ് എന്തുകൊണ്ടാണ് ഇതിനെല്ലാം അനുവാദം കൊടുക്കുന്നത്? ക്രിമിനൽ സംഘങ്ങളെ അഴിച്ചുവിട്ടാൽ തിരിച്ചും ആളുകൾ പ്രതിഷേധിക്കും. പിന്നെ അതിൽ നോട്ടമൊന്നുമുണ്ടാകില്ല.

‘‘ക്രമസമാധാന പാലന ചുമതലയുള്ളവർക്ക് എന്താണ് ജോലി. അവർക്ക് മിനിഞ്ഞാന്നു രാവിലെ തന്നെ വിവരം ലഭിച്ചതാണ്. സംസ്ഥാന പൊലീസും ഇന്റലിജൻസും ഇത്ര വലിയ പരാജയമാണോ? ഗവർണർക്കെതിരെ ആക്രമണം നടക്കാൻ സാധ്യതയുണ്ടെന്നുള്ള ഇന്റലിജൻസ് റിപ്പോർട്ട് മിനിഞ്ഞാന്നു രാവിലെ വന്നതാണ്. എന്തുകൊണ്ടാണ് പൊലീസ് ഉദ്യോഗസ്ഥർ അതു പൂഴ്ത്തിവച്ചത്? എന്തുകൊണ്ടാണ് നടപടിയെടുക്കാതിരുന്നത്? എന്തുകൊണ്ടാണ് കൂടുതൽ പൊലീസുകാരെ വിന്യസിക്കാതിരുന്നത്? എന്തുകൊണ്ടാണ് എസ്എഫ്ഐ ക്രിമിനൽ സംഘങ്ങൾ തമ്പടിച്ച സ്ഥലത്ത് പൊലീസ് പരിശോധിക്കാതിരുന്നത്? എസ്എഫ്ഐയുടെ കുറേ പ്രവർത്തകർ നടുറോഡിൽ തമ്പടിച്ചത് പൊലീസ് കണ്ടില്ലെന്നാണോ? എല്ലാം പൊലീസിന് അറിയാമായിരുന്നു. പൊലീസിന്റെ തിരക്കഥയാണ് നടന്നിരിക്കുന്നത്. 

‘‘മുഖ്യമന്ത്രിക്കെതിരെ ആരെങ്കിലും കരിങ്കൊടി കാണിച്ചാൽ കൈകാര്യം ചെയ്യാൻ പ്രത്യേക പ്രതിരോധ സേനയെത്തന്നെ പാർട്ടി ഒരുക്കുന്നു. ആക്രമിക്കുക എന്നു പറഞ്ഞാൽ, അതി ഭീകരമായ ആക്രമണം പൊലീസ് നടത്തുന്നു. അതേസമയം തന്നെ, എസ്എഫ്ഐ പ്രവർത്തകർ ഗവർണറുടെ വാഹനത്തിൽ വന്ന് അടിക്കുന്നു. ഇത് എന്തു മര്യാദയാണ്? മുഖ്യമന്ത്രിയുടെ കാറിന്റെ നാലയലത്തേക്ക് ആളുകൾക്ക് പോകാൻ കഴിയുമോ? 

‘‘സർവകലാശാലകളിലെല്ലാം കഴിഞ്ഞ 70 വർഷമായി ചെയ്തുകൊണ്ടിരുന്നത് മന്ത്രി മുഹമ്മദ് റിയാസിന്റെ പാർട്ടിക്കാരല്ലേ? അവർക്ക് അവകാശമില്ലെന്ന് അതല്ലേ സുപ്രീം കോടതി പറഞ്ഞത്. കോടിക്കണക്കിനു രൂപ ചെലവഴിച്ച് സുപ്രീം കോടതിയിയിൽ പോയിട്ട് സംസ്ഥാന സർക്കാരിന് എന്തു മറുപടിയാണു ലഭിച്ചത്? സർവകലാശാലകളുടെ നിയന്ത്രണത്തിന്റെ സമ്പൂർണ ഉത്തരവാദിത്തം ഗവർണർക്കാണെന്നല്ലേ കോടതി പറഞ്ഞത്. അതു മാനിക്കേണ്ടേ? സുപ്രീം കോടതിയേക്കാൾ വലിയ ആളാണെന്ന് മുഹമ്മദ് റിയാസിന് തോന്നലുണ്ടാകും. മുഹമ്മദ് റിയാസ് അതങ്ങു വീട്ടിൽ വച്ചാൽ മതി. സുപ്രീം കോടതിയുടെ നിർദ്ദേശം ഉൾക്കൊണ്ടാണ് സർവകലാശാലകളുടെ നടത്തിപ്പുമായി ബന്ധപ്പെട്ട് ഗവർണർ നടപടി സ്വീകരിച്ചത്. ഇനിയും എട്ടു സർവകലാശാലകളുണ്ട്. അവിടെയെല്ലാം നടപടിയെടുക്കും.’’ – സുരേന്ദ്രൻ പറഞ്ഞു.

English Summary:

Kerala BJP President Accuses SFI Leaders of Criminal Activities, Questions Police Inaction

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com