സി.എം. രവീന്ദ്രൻ ഇപ്പോഴും മുഖ്യമന്ത്രിയുടെ എല്ലാ അധികാരവും കയ്യാളുന്ന സൂപ്പർ സിഎം: ചെറിയാൻ ഫിലിപ്പ്

Mail This Article
കോട്ടയം∙ നവകേരള യാത്രയിലായതിനാൽ മുഖ്യമന്ത്രിയും മന്ത്രിമാരും സെക്രട്ടേറിയേറ്റിൽ ഇല്ലെങ്കിലും, എല്ലാം നിയന്ത്രിക്കുന്നത് ‘സൂപ്പർ സിഎം’ ആയി ചമയുന്ന മുഖ്യമന്ത്രിയുടെ അഡീഷനൽ പ്രൈവറ്റ് സെക്രട്ടറി സി.എം. രവീന്ദ്രനാണെന്ന് കോൺഗ്രസ് നേതാവ് ചെറിയാൻ ഫിലിപ്പ്. മുഖ്യമന്ത്രിയോടൊപ്പം ഊരുചുറ്റുന്ന മന്ത്രിമാരെയെല്ലാം നോക്കുകുത്തികളാക്കി രവീന്ദ്രൻ ഒരു ഭരണഘടനാതീത അധികാര കേന്ദ്രമായി വാഴുകയാണെന്നും ചെറിയാൻ ഫിലിപ്പ് ആരോപിച്ചു. ഫെയ്സ്ബുക്കിൽ പങ്കുവച്ച കുറിപ്പിലാണ് ചെറിയാൻ ഫിലിപ്പിന്റെ വിമർശനം.
‘‘ഒരു മാസത്തോളമായി മുഖ്യമന്ത്രിയും മന്ത്രിമാരും സെക്രട്ടേറിയേറ്റിൽ ഇല്ലെങ്കിലും വകുപ്പു മേധാവികളും ഉന്നത ഐഎഎസ് ഉദ്യോഗസ്ഥരും ഉത്തരവിനായി കാത്തുകെട്ടി കിടക്കുന്നത് മുഖ്യമന്ത്രിയുടെ അഡീഷനൽ പ്രൈവറ്റ് സെക്രട്ടറി സി.എം. രവീന്ദ്രന്റെ മുന്നിലാണ്. മുഖ്യമന്ത്രിയോടൊപ്പം ഊരുചുറ്റുന്ന മന്ത്രിമാരെയെല്ലാം നോക്കുകുത്തികളാക്കിയാണ് സി.എം. രവീന്ദ്രൻ ഒരു ഭരണഘടനാതീത അധികാര കേന്ദ്രമായി വാഴുന്നത്.
‘‘അറുപതു വയസു കഴിഞ്ഞവരെയും വേണ്ടത്ര വിദ്യാഭ്യാസ യോഗ്യതയില്ലാത്തവരെയും പഴ്സനൽ സ്റ്റാഫിലെ ഉന്നത പദവികളിൽ നിയമിക്കരുതെന്ന സിപിഎം സംസ്ഥാന സെക്രട്ടേറിയേറ്റ് തീരുമാനം മറികടന്നാണ്, 67 വയസുള്ള എസ്എസ്എൽസിക്കാരനായ സി.എം. രവീന്ദ്രനെ മുഖ്യമന്ത്രിയുടെ പ്രത്യേക താൽപര്യപ്രകാരം വീണ്ടും ഉന്നത പദവിയിൽ നിയമിച്ചത്.
‘‘പ്രായപരിധി കഴിഞ്ഞതിന്റെ പേരിലാണ് സിപിഎം സംസ്ഥാന സെക്രട്ടറിയായിരുന്ന ചടയൻ ഗോവിന്ദന്റെ മകൻ സുരേന്ദ്രനെ പഴ്സനൽ സ്റ്റാഫിൽനിന്നും നേരത്തേ ഒഴിവാക്കിയത്. ആദർശവാനും ത്യാഗിയുമായിരുന്ന ചടയൻ ഗോവിന്ദന്റെ കുടുംബം പട്ടിണിയിലാണ്.’’ – ചെറിയാൻ ഫിലിപ്പ് കുറിച്ചു.