ശബരിമല തീർഥാടക വാഹനങ്ങൾക്കു കോട്ടയം ജില്ലയിലെ ഇടത്താവളങ്ങളിൽ നിയന്ത്രണം
Mail This Article
കോട്ടയം∙ ശബരിമല തീർഥാടക വാഹനങ്ങൾക്കു കോട്ടയം ജില്ലയിലെ ഇടത്താവളങ്ങളിലും നിയന്ത്രണം. വൈക്കം, ഏറ്റുമാനൂർ ക്ഷേത്രങ്ങളിലെ ഇടത്താവളങ്ങളിലാണു തീർഥാടക വാഹനങ്ങൾ പൊലീസ് തടഞ്ഞത്. ഇന്നലെ രാത്രി മുതൽ നിയന്ത്രണമുണ്ട്. വൈക്കത്തെ നിയന്ത്രണം രാവിലെ പിൻവലിച്ചു. രാവിലെ മുതൽ വാഹനങ്ങൾ വിടുന്നുണ്ട്. ഇന്നലെ രാത്രി മുതൽ ഇന്നു രാവിലെ വരെ ഏറ്റുമാനൂരിൽ പൂർണമായും വാഹനങ്ങൾ പിടിച്ചിട്ടു.
ഇതു തീർഥാടകരും പൊലീസും തമ്മിലുള്ള തർക്കങ്ങൾക്കും കാരണമായി. ഇപ്പോൾ വാഹനങ്ങൾ നിയന്ത്രണത്തോടെ കടത്തി വിട്ടു തുടങ്ങി. കോട്ടയം റെയിൽവേ സ്റ്റേഷനിൽ നിന്നു പമ്പയ്ക്കുള്ള എല്ലാ സർവീസുകളും പൊലീസ് നിർദേശത്തെ തുടർന്നു നിർത്തി വച്ചു. പമ്പ ബസുകൾ കോട്ടയത്ത് നിന്ന് ഓടുന്നില്ല.
നിയന്ത്രണം എപ്പോൾ വരെയെന്ന് അറിയില്ലെന്നു കെഎസ്ആർടിസി അധികൃതർ പറഞ്ഞു. പമ്പയ്ക്ക് പോകുന്ന ബസുകൾ തിരിച്ചു വരാൻ ഏറെ വൈകുന്നതും പ്രതിസന്ധി സൃഷ്ടിക്കുന്നതായി അധികൃതർ പറഞ്ഞു. 20 മണിക്കൂറോളമാണ് ചില ബസുകൾ തിരിച്ചു വരാൻ എടുക്കുന്നത്. ഇതുമൂലം ബസുകൾ സമയത്ത് ഓപ്പറേറ്റ് ചെയ്യാൻ കിട്ടുന്നില്ലെന്നും ഇവർ പറയുന്നു. 45 ബസുകളാണു കോട്ടയം – പമ്പ സർവീസിനായി കോട്ടയത്ത് സജ്ജീകരിച്ചിരിക്കുന്നത്.
എരുമേലിയിൽ ഇന്നലെ തീർഥാടക വാഹനങ്ങൾ തടഞ്ഞത് വലിയ പ്രതിഷേധത്തിനു കാരണമായിരുന്നു. ഇന്നും നിയന്ത്രണം തുടരുന്നു. വലിയ പ്രതിഷേധങ്ങൾ ഉണ്ടാകാതിരിക്കാൻ ഇടവിട്ട് വാഹനങ്ങൾ കടത്തിവിടുന്നുണ്ട്. പാർക്കിങ് മൈതാനങ്ങളിലാണ് എരുമേലിയിൽ വാഹനങ്ങൾ നിയന്ത്രിക്കുന്നത്.