ADVERTISEMENT

തിരുവനന്തപുരം∙ പ്രതിഷേധങ്ങൾക്കും അതിന്റെ പേരിലുള്ള അതിരുവിട്ട പ്രവൃത്തികൾക്കുമെതിരെ രൂക്ഷ വിമർശനവുമായി ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ രംഗത്തു വന്നതിനു പിന്നാലെ, അദ്ദേഹത്തിനെതിരായ പ്രതിഷേധം ശക്തമാക്കുമെന്നും വ്യാപിപ്പിക്കുമെന്നും വ്യക്തമാക്കി എസ്എഫ്ഐ. കേരളത്തിലെ സർവകലാശാലകളുടെ ചാൻസലർ കൂടിയായ ഗവർണറെ, ക്യാംപസുകൾക്കുള്ളിൽ പ്രവേശിക്കാൻ അനുവദിക്കില്ലെന്ന് എസ്എഫ്ഐ സംസ്ഥാന സെക്രട്ടറി പി.എം. ആർഷോ വ്യക്തമാക്കി. കാലിക്കറ്റ്, കേരള സർവകലാശാലകളിൽ എല്ലാ നിർദ്ദേശങ്ങളും ലംഘിച്ച് ഏകപക്ഷീയമായി ആർഎസ്എസ് ഓഫിസിൽനിന്നു നൽകിയ പട്ടികയിലുള്ളവരെ ഗവർണർ സെനറ്റിലേക്ക് നോമിനേറ്റ് ചെയ്തതായും ആർഷോ ആരോപിച്ചു. 

സർവകലാശാലകളിൽ സെനറ്റ് അംഗങ്ങളെ ഗവർണർ ഏകപക്ഷീയമായി നാമനിർദേശം ചെയ്യുകയാണ്. ചാൻസലറായ ഗവർണർ എബിവിപി പ്രവർത്തകരെ സെനറ്റിലേക്ക് നിർദേശിച്ചു. യോഗ്യതകളെ മറികടന്നാണ് ഈ തീരുമാനം. ഗവർണർക്ക് പാദസേവ ചെയ്യുന്ന നിലയിലേക്ക് കോൺഗ്രസ് നേതൃത്വം അധപ്പതിച്ചു. ഗവർണർക്കെതിരെ കരിങ്കൊടി പ്രതിഷേധം തുടരും.

‘‘കേരളത്തിലെ സർവകലാശാലകളെ സംഘപരിവാരത്തിന്റെ കേന്ദ്രങ്ങളാക്കുന്നതിനു വേണ്ടി സർവകലാശാല ഭരണസമിതികളിൽ സംഘപരിവാർ അനുകൂലികളെ തിരുകിക്കയറ്റുന്ന സമീപനം തുടർന്നാൽ അതിശക്തമായ സമരങ്ങളും പ്രക്ഷോഭങ്ങളുമായി എസ്എഫ്ഐ മുന്നോട്ടു പോകും. ഇന്നലെയും മിനിഞ്ഞാന്നും അതിനു മുൻപുള്ള ദിവസങ്ങളിലും എസ്എഫ്ഐയുടെ നേതൃത്വത്തിൽ കേരളത്തിൽ നടന്നിട്ടുള്ള സമരങ്ങൾ അതിന് ഉദാഹരണങ്ങളാണ്.

‘‘വരും ദിവസങ്ങളിൽ ക്യാംപസുകൾക്ക് അകത്തും എസ്എഫ്ഐ സമരം വ്യാപിപ്പിക്കും. കേരളത്തിലെ സർവകലാശാലകളുടെ ചാൻസലർ കേരളത്തിലെ ഒരു ക്യാംപസിനകത്തും പ്രവേശിക്കുന്നില്ല എന്ന് ഉറപ്പുവരുത്തുന്ന രീതിയിലായിരിക്കും എസ്എഫ്ഐയുടെ സമരം. കരിങ്കൊടി പ്രതിഷേധം ഉൾപ്പെടെ വരും ദിവസങ്ങളിൽ കൂടുതൽ കരുത്തോടെ എസ്എഫ്ഐ മുന്നോട്ടു കൊണ്ടുപോകുമെന്ന കാര്യത്തിൽ ഒരു സംശയവും വേണ്ട.

‘‘കാലിക്കറ്റ്, കേരള സർവകലാശാലകളുടെ സെനറ്റിലേക്കുള്ള നോമിനേഷൻ ഗവർണറുടെ വഴിവിട്ട നടപടികളുടെ ഒടുവിലത്തെ അധ്യായമാണ്. വളരെ ഗൗരവ സ്വഭാവമുള്ളതാണ് സെനറ്റിലേക്കുള്ള നോമിനേഷൻ. സർവകലാശാല നൽകിയ നിർദ്ദേശങ്ങളെല്ലാം അവഗണിച്ച് തികച്ചും ഏകപക്ഷീയമായി ആർഎസ്എസിന്റെ ഓഫിസിൽനിന്ന് ലഭിച്ച പട്ടികപ്രകാരം ആർഎസ്എസുകാരെ നോമിനേറ്റ് ചെയ്യുന്ന നിലപാടാണ് ചാൻസലർ സ്വീകരിച്ചത്. ഇതു കേട്ടുകേൾവി ഇല്ലാത്തതാണ്. എല്ലാത്തരം മാനദണ്ഡങ്ങളും ലംഘിച്ചുകൊണ്ടുള്ളതാണ്.’’ – ആർഷോ പറഞ്ഞു.

സംഘപരിവാർവൽക്കരണം നടന്നാൽ ശക്തമായി പ്രതിഷേധിക്കും. ക്യാംപസുകളിൽ സമരം വ്യാപിപ്പിക്കും. അക്രമം ഉണ്ടാക്കുന്നു എന്നു വരുത്തി തീർക്കാൻ ചില മാധ്യമങ്ങൾ ശ്രമിക്കുന്നു. സർവകലാശാലകളെ സംരക്ഷിക്കാൻ വേണ്ടിയാണ് ഈ സമരം. ഗവർണർ എസ്എഫ്ഐക്കാരെ ചീത്തവിളിക്കുന്നത് ദൃശ്യങ്ങളിൽ കാണാം. കരിങ്കൊടി പ്രതിഷേധം ജനാധിപത്യപരമാണ്. യൂത്ത് കോൺഗ്രസിന്റെ കരിങ്കൊടി പ്രതിഷേധം മറ്റൊരു രീതിയിൽ ആണ്. ഇടവഴികളിൽ നിന്നു വാഹനങ്ങൾക്ക് മുന്നിലേക്ക് എടുത്തു ചാടുന്ന രീതിയാണ് യൂത്ത് കോൺഗ്രസ് കാണിച്ചത്. ഇനിയും കരിങ്കൊടി പ്രതിഷേധം തുടരും. ഒരു തരത്തിലുള്ള അക്രമസംഭവവും എസ്എഫ്ഐയുടെ ഭാഗത്ത് നിന്നു ഉണ്ടായിട്ടില്ല. പൊലീസുകാർ എസ്എഫ്ഐക്കാർക്ക് ഗവർണറുടെ യാത്രാവിവരം ചോർത്തി നൽകിയിട്ടില്ലെന്നും ആർഷോ പറഞ്ഞു.

English Summary:

SFI Vows to Intensify Protests Against Governor Arif Muhammad Khan,

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com