കേരളത്തിൽ 24 മണിക്കൂറിനിടെ 292 കോവിഡ് കേസുകൾ; ആക്ടീവ് കേസുകൾ 2041, നിർദേശങ്ങളുമായി കേന്ദ്രം
Mail This Article
ന്യൂഡൽഹി∙ സംസ്ഥാനത്ത് കോവിഡ് കേസുകളുടെ എണ്ണം വർധിക്കുന്നതായി കേന്ദ്ര ആരോഗ്യമന്ത്രാലയം. രാജ്യത്ത് ആകെയുള്ള 2311 ആക്ടീവ് കേസുകളിൽ 2041 രോഗികളും കേരളത്തിലാണ്. കഴിഞ്ഞ 24 മണിക്കൂറിനിടെ 292 കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തതായി കേന്ദ്ര ആരോഗ്യമന്ത്രാലയം വ്യക്തമാക്കി. കോവിഡ് ബാധിച്ച് മൂന്നു പേർ സംസ്ഥാനത്ത് മരിച്ചതായും കേന്ദ്രം അറിയിച്ചു.
കേരളത്തിൽ കൊവിഡ് കേസുകൾ ഉയരുന്ന സാഹചര്യത്തിൽ കർശന നിർദേശങ്ങളാണു കേന്ദ്ര ആരോഗ്യമന്ത്രാലയം നൽകുന്നത്. മുൻകരുതൽ നടപടികളിൽ സംസ്ഥാനങ്ങൾ വീഴ്ച വരുത്തരുതെന്നാണു കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. സംസ്ഥാനങ്ങളുമായി കൈകോർത്തു പ്രതിരോധ നടപടികൾ സ്വീകരിക്കുമെന്നും കേന്ദ്രം വ്യക്തമാക്കിയിട്ടുണ്ട്. കേന്ദ്ര ആരോഗ്യമന്ത്രി മൻസുഖ് മാണ്ഡവ്യ ഉന്നതതല യോഗത്തിലാണു ഇവ വ്യക്തമാക്കിയത്.
‘‘ആരോഗ്യമേഖല രാഷ്ട്രീയം കളിക്കാനുള്ളതല്ല. നിരീക്ഷണം ശക്തമാക്കണം. ബോധവത്കരണം ശക്തമാക്കണം. ആശുപത്രി സജ്ജീകരണങ്ങൾ വിലയിരുത്തണം. ഉത്സവകാലം മുന്നിൽക്കണ്ടു മുൻകരുതൽ നടപടികൾ സ്വീകരിക്കണം’’–കേന്ദ്രം വ്യക്തമാക്കി.
കോവിഡ് കേസുകളുടെ എണ്ണത്തിൽ കേരളത്തിനു തൊട്ടുപിന്നിലുള്ള സംസ്ഥാനമായ തമിഴ്നാട്ടിൽ 13 കേസുകളാണ് 24 മണിക്കൂറിൽ റിപ്പോർട്ട് ചെയ്തത്. മഹാരാഷ്ട്ര, കർണാടക എന്നിവിടങ്ങളിൽ യഥാക്രമം 11, 9 കേസുകളാണുള്ളത്. കോവിഡിന്റെ പുതിയ വകഭേദമായ ജെഎൻ.1 സ്ഥിരീകരിച്ച സാഹചര്യത്തിൽ കേരളത്തിൽ 3000 കേസുകൾ വരെ എത്തുമെന്നും അതിനുശേഷമേ കുറഞ്ഞു തുടങ്ങൂവെന്നുമാണ് വിലയിരുത്തൽ.
സംസ്ഥാനത്ത് ഈയിടെ 12 കോവിഡ് മരണം റിപ്പോർട്ട് ചെയ്തിരുന്നു. ഇതിൽ ഒരാൾ ഒഴികെ എല്ലാവരും 65നു മേൽ പ്രായമുള്ളവരാണ്. അർബുദം, വൃക്കയുടെ തകരാർ, ശ്വാസകോശ പ്രശ്നങ്ങൾ, പ്രമേഹം എന്നിവ മൂലം ഗുരുതരാവസ്ഥയിലായിരുന്നപ്പോഴാണ് ഇവരിൽ കോവിഡ് കണ്ടെത്തിയത്. തിരുവനന്തപുരം കരകുളം സ്വദേശിയായ 79 വയസ്സുകാരിയിലാണ് രാജ്യത്ത് ആദ്യമായി ജെഎൻ.1 സ്ഥിരീകരിച്ചത്. നവംബർ അവസാനം വൈറസ് ബാധിച്ച ഇവർ ഡോക്ടറുടെ നിർദേശത്തിൽ വീട്ടിൽ കഴിയുകയായിരുന്നു.