‘കഠിനാധ്വാനം ചെയ്യുന്നത് ഇന്ത്യയിൽ സാധാരണം; സൗജന്യവിദ്യാഭ്യാസം നേടുന്നവർ സാധാരണക്കാർക്ക് വേണ്ടി അധ്വാനിക്കണം’
Mail This Article
ന്യൂഡൽഹി∙ യുവാക്കൾ ആഴ്ചയിൽ 70 മണിക്കൂർ ജോലി ചെയ്യണമെന്ന പരാമർശത്തിൽ ഉറച്ച് ഇൻഫോസിസ് സ്ഥാപകൻ നാരായണ മൂർത്തി. ഒരു ചാനലിനു നൽകിയ അഭിമുഖത്തിലാണ് 70 മണിക്കൂർ ജോലി എന്ന വിവാദ പരാമർശം കൂടുതൽ വിശദീകരിച്ച് മൂർത്തി രംഗത്തെത്തിയത്.
‘‘കൃഷിക്കാരും ഫാക്ടറി ജോലിക്കാരും കഠിനാധ്വാനം ചെയ്യുന്നവരാണ്. കഠിനാധ്വാനം ചെയ്യുന്നത് ഇന്ത്യയിൽ സാധാരണയാണ്. കായികമായി ജോലി ചെയ്യുന്നവരാണ് ഏറെയും കഠിനാധ്വാനം ചെയ്യുന്നത്. വിദ്യാഭ്യാസത്തിനു വലിയ ഇളവും സൗകര്യവും നേടുന്നവർ സർക്കാരിനുള്ള നന്ദിയായി കഠിനാധ്വാനം ചെയ്യാൻ തയാറാകണം. ശോഭനമായ ഭാവയില്ലാത്ത ഇന്ത്യയിലെ സാധാരണക്കാർക്കു വേണ്ടിയായിരിക്കണം ഈ അധ്വാനം.
എന്റെ പരാമർശത്തിന് പിന്തുണയുമായി വിദേശത്തു ജോലി ചെയ്യുന്ന ഇന്ത്യക്കാർ ഉൾപ്പെടെ നിരവധിപ്പേർ രംഗത്തു വന്നിരുന്നു. ഞാൻ ആഴ്ചയിൽ ആറര ദിവസം ജോലി ചെയ്തിരുന്നു. രാവിലെ ആറ് മണിക്ക് ഓഫിസിലേക്കു പുറപ്പെടും. വൈകിട്ട് ആറര വരെ ഓഫിസിലായിരിക്കും. ചിലപ്പോൾ എട്ടരവരെ നീണ്ടുപോകാറുണ്ട്’’– മൂർത്തി പറഞ്ഞു.
യുവാക്കൾ 70 മണിക്കൂർ ജോലി ചെയ്യാൻ തയാറാകണമെന്ന് മൂർത്തി പറഞ്ഞത് കഴിഞ്ഞ ഒക്ടോബറിലാണ്. പരാമർശം വലിയ വിവാദം സൃഷ്ടിക്കുകയും ഇതിനെതിരെ നിരവധിപ്പേർ രംഗത്തെത്തുകയും ചെയ്തു.