ADVERTISEMENT

ചെന്നൈ ∙ മാലദ്വീപ് ചൈനയുമായി അടുക്കുന്നതിലെ അപകടം മനസ്സിലാക്കി ഇന്ത്യ കൂടുതൽ ജാഗ്രത പുലർത്തണമെന്ന് കോൺഗ്രസ് എംപി ശശി തരൂർ. ഇന്ത്യയുടെ എല്ലാ അയൽ രാജ്യങ്ങളിലും ചൈന തങ്ങളുടെ സ്വാധീനം വർധിപ്പിക്കുകയാണ്. ഇത് രാജ്യത്തിന് സുരക്ഷാ ഭീഷണി ഉയർത്തുന്നുണ്ട്. കേന്ദ്രസർക്കാരിന് ഇക്കാര്യത്തിൽ വ്യക്തമായ ധാരണയുണ്ടാവുമെന്നാണ് കരുതുന്നതെന്നും തരൂർ പറഞ്ഞു. 

ഇന്ത്യയേപ്പോലെ മാലദ്വീപിനും മറ്റു രാജ്യങ്ങളുമായി ബന്ധമുണ്ടാക്കാനുള്ള അവകാശമുണ്ട്. എന്നാൽ ചില കാര്യങ്ങൾ നമ്മുടെ രാജ്യതാൽ‌പര്യത്തിന് വിരുദ്ധമായി വരുമ്പോൾ അതിനെ ഗൗരവത്തോടെ കാണണം. ഇന്ത്യയുടെ വിദേശ നയത്തേക്കുറിച്ച് ചർച്ച ചെയ്യേണ്ടത് സമൂഹ മാധ്യമങ്ങളിലൂടെയല്ലെന്നും തരൂർ പറഞ്ഞു. 2009ൽ രണ്ടാം യുപിഎ സർക്കാരിൽ വിദേശകാര്യ സഹമന്ത്രി കൂടിയായിരുന്നു ശശി തരൂർ.

ഈ മാസമാദ്യം ചൈന സന്ദർശിച്ച മാലദ്വീപ് പ്രസിഡന്റ് മുഹമ്മദ് മുയിസു 20 സുപ്രധാന കരാറുകളിൽ ഒപ്പുവച്ചിരുന്നു. കരാറുകളിൽ ഒപ്പുവച്ചതിനു പുറമെ തന്ത്രപ്രധാന സഹകരണം ശക്തമാക്കുന്നതിന്റെ ഭാഗമായി, ഉഭയകക്ഷി ബന്ധം ദൃഢമാക്കാൻ ധാരണയിലെത്തിയതായും ചൈനീസ് വാർത്താ ഏജൻസിയായ ഷിൻഹുവ റിപ്പോർട്ടു ചെയ്തു. മാലദ്വീപിൽനിന്ന് മാർച്ച് 15ന് മുൻപ് ഇന്ത്യൻ സൈന്യത്തെ പിൻവലിക്കണമെന്നും മുയിസു ഇന്ത്യയോട് ആവശ്യപ്പെട്ടിട്ടുണ്ട്. 

പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ മാലദ്വീപ് മന്ത്രിമാർ നടത്തിയ പരാമർശം വിവാദമായതോടെയാണ് ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധത്തിൽ‌ വിള്ളൽ വീണത്. മാലദ്വീപ് മന്ത്രിമാരായ മറിയം ഷിയുന, മൽഷ ഷരീഫ്, അബ്ദുല്ല മഹ്സും മജീദ് എന്നിവരാണ് അപകീർത്തികരമായ പരാമർശങ്ങളോടെ പ്രതികരിച്ചത്. തുടർന്ന് പ്രസിഡന്റ് മുഹമ്മദ് മുയിസു ഇവരെ സസ്പെൻഡ് ചെയ്തു. ഇതുസംബന്ധിച്ച ട്വീറ്റുകളും നീക്കം ചെയ്തിരുന്നു.

English Summary:

India Should Be Alert About Proximity Of Maldives To China: Shashi Tharoor

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com