‘പ്രധാനമന്ത്രി വിശ്വഗുരു; ഇന്ത്യ ലോകത്തിലെ വലിയ സാമ്പത്തിക ശക്തിയാകുമെന്നത് മോദിയുടെ ഗ്യാരന്റി’

Mail This Article
തിരുവനന്തപുരം∙ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിൽ എൻഡിഎ വീണ്ടും കേന്ദ്രത്തിൽ അധികാരത്തിൽ എത്തുമെന്നതിൽ യാതൊരു സംശയവും വേണ്ടെന്ന് ബിജെപി ദേശീയ വക്താവ് അനിൽ ആന്റണി. മുന്‍കാലങ്ങളെക്കാൾ വലിയ ഭൂരിപക്ഷത്തിൽ ബിജെപി ജയിക്കും. ഇന്ത്യ ലോകത്തിലെ വലിയ സാമ്പത്തിക ശക്തിയായി മാറുമെന്നത് ‘മോദിജി കാ ഗ്യാരന്റി’യാണ്. ലോകത്തെ നയിക്കുന്ന വിശ്വഗുരുവായ മോദിയുടെ നേതൃത്വത്തിൽ ഇന്ത്യ സാമ്പത്തിക ശക്തിയായി മാറുമെന്നും അനിൽ പറഞ്ഞു.
‘‘ബിജെപിയും മോദിയും പറഞ്ഞ കാര്യങ്ങളെല്ലാം നടപ്പാക്കി. 22ന് ബിജെപി രാമക്ഷേത്രത്തിന്റെ പ്രാണപ്രതിഷ്ഠാ ചടങ്ങ് നടത്തുകയാണ്. ഇതെല്ലാം 40 വർഷം മുൻപുതന്നെ പാർട്ടി ഭരണഘടനയിൽ പരാമർശിച്ചിട്ടുള്ളതാണ്. ഏറ്റവും വലിയ ഭൂരിപക്ഷത്തോടെ വിജയിച്ച പ്രധാനമന്ത്രിയെ തോൽപ്പിക്കാൻ ചില പാർട്ടികൾ ഒരുമിച്ചു കൂടുന്നുണ്ട്. ഈ പാർട്ടികൾക്ക് പൊതുവായി എന്തെങ്കിലും പ്രത്യയശാസ്ത്രം ഉണ്ടോ?
ഈ പാർട്ടികൾ എന്തിനു വേണ്ടി നിലനിൽക്കുന്നു എന്ന് ആർക്കും അറിയില്ല. എല്ലാവരും ഒരേപോലെ വർഗീയവാദം പറയുകയും ന്യൂനപക്ഷ പ്രീണനം നടത്തുകയും ചെയ്യുന്നു. ഇവരുടെ എല്ലാം നേതൃത്വം നിരവധി കേസുകളിൽ പ്രതികളാണ്. എല്ലാവരും മത്സരിച്ച് അഴിമതി ചെയ്യുന്നു എന്നതാണ് ഇവരുടെ പൊതുവായുള്ള പ്രത്യയശാസ്ത്രം’’– അനിൽ ആന്റണി അഭിപ്രായപ്പെട്ടു.