സഹകരണ മേഖല കരുത്താര്‍ജിച്ചപ്പോള്‍ ദുഷിച്ച പ്രവണതകള്‍ പൊങ്ങിവന്നു: അഴിമതിയുണ്ടെന്ന് മുഖ്യമന്ത്രി

Mail This Article
തിരുവനന്തപുരം ∙ മനുഷ്യന്റെ ആർത്തിയാണ് അഴിമതികളിലേക്ക് നയിക്കുന്നതെന്നു മുഖ്യമന്ത്രി പിണറായി വിജയൻ. സമൂഹത്തിൽ പലർക്കും വല്ലാത്ത ആർത്തിയാണെന്നും ഉള്ളതു പോരാ, കൂടുതൽ വരുമാനം വേണം എന്നു ചിന്തിക്കുന്ന ആളുകളാണ് അഴിമതിയുടെ ഭാഗമായി മാറുന്നതെന്നും അദ്ദേഹം പറഞ്ഞു. സംസ്ഥാന സഹകരണ യൂണിയൻ, സംസ്ഥാന സഹകരണ വകുപ്പ് എന്നിവർ സംയുക്തമായി നടത്തിയ സംസ്ഥാന സഹകരണ കോൺഗ്രസ് ഉദ്ഘാടനം ചെയ്യുകയായിരുന്നു മുഖ്യമന്ത്രി.
‘‘സംസ്ഥാനത്തു സഹകരണ മേഖല വലിയതോതിൽ കരുത്താർജിച്ചപ്പോൾ ദുഷിച്ച ചില പ്രവണതകളും ഉണ്ടാകുന്നു. ഏതെങ്കിലും ഒരു സ്ഥാപനത്തിനു ദുഷിപ്പ് ഉണ്ടായാൽ അത് ആ സ്ഥാപനത്തെ മാത്രമല്ല, കേരളത്തിന്റെ സഹകരണ മേഖലയുടെ വിശ്വാസ്യതയെയാണു ബാധിക്കുക. സഹകരണ മേഖലയിൽ എല്ലാ കാര്യങ്ങളും കൂട്ടമായി നടക്കുന്നതുകൊണ്ടു വ്യക്തിപരമായി അഴിമതി നടത്താൻ അത്രകണ്ടു പറ്റില്ല. എന്നാൽ, കുറെക്കാലം തുടരുമ്പോൾ ചിലർ ഈ പറഞ്ഞ ദുഷിച്ച പ്രവണതയ്ക്ക് ഇരയാകുകയാണ്’’–മുഖ്യമന്ത്രി പറഞ്ഞു.
∙കരുവന്നൂർ സഹകരണ ബാങ്ക് തട്ടിപ്പുമായി ബന്ധപ്പെട്ട് ബാങ്കിന്റെ പേര് പരാമർശിക്കാതെ മുഖ്യമന്ത്രി പറഞ്ഞത്
ഒരു സ്ഥാപനത്തിൽ തെറ്റായ കാര്യങ്ങൾ നടന്നു. സംസ്ഥാന സർക്കാരും എല്ലാ ഏജൻസികളും ഇടപെട്ടു. പുറത്തുനിന്നുള്ള ഏജൻസികൾ വന്നു ചെയ്തത് എന്താണ്? ആ സ്ഥാപനത്തിന്റെ വിശ്വാസ്യതയ്ക്ക് ഏറ്റവും കൂടുതൽ കോട്ടം തട്ടുന്ന രീതിയിൽ ഇടപെട്ട ഒന്നാം പ്രതിസ്ഥാനത്തിരിക്കേണ്ട ആളെ മാപ്പുസാക്ഷിയാക്കുകയാണു ചെയ്തത്. എന്താണ് ഇതിന്റെ ഉദ്ദേശം? തെറ്റു ചെയ്തയാളെ മാപ്പുസാക്ഷിയാക്കി ആരെയാണു രക്ഷിക്കാൻ നോക്കുന്നത്? രാഷ്ട്രീയമായി ചിലരെ തേജോവധം ചെയ്യാനുള്ള പ്രചാരണത്തിനുള്ള കരുക്കൾ ഇയാളിൽ നിന്ന് കിട്ടണം.
മാപ്പുസാക്ഷിയാക്കുന്നത് അതിന്റെ ഭാഗമല്ലേ? നിയമപരമായ വിചാരണയല്ലേ നേരിടേണ്ടത്. ആ കുറ്റത്തിൽ നിന്നു രക്ഷിക്കാനല്ലേ നോക്കുന്നത്? കേരളത്തിൽ വലിയ തോതിലുള്ള സ്വർണക്കള്ളക്കടത്തു നടന്നു. ആ സമയത്തു, കുറ്റവാളികളെ കണ്ടെത്തുന്നതിനുള്ള ഫലപ്രദമായ ഇടപെടൽ ആവശ്യപ്പെട്ടു സംസ്ഥാന സർക്കാർ തന്നെ പ്രധാനമന്ത്രിക്ക് കത്തെഴുതി. എന്നാൽ, അതിന്റെ പിന്നീട് ഉണ്ടായ ഇടപെടൽ എന്താണെന്നു പറയുന്നില്ല. ഇത് ഇന്ന് രാജ്യം നേരിടുന്ന ദുരവസ്ഥയാണ്.