ഭാരത് ജോഡോ ന്യായ് യാത്ര തടയാൻ അസം സർക്കാർ ശ്രമിക്കുന്നു: അമിത് ഷായ്ക്ക് ഖർഗെയുടെ കത്ത്

Mail This Article
ന്യൂഡൽഹി∙ രാഹുൽ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ ന്യായ് യാത്ര തടയാൻ അസം സർക്കാർ ശ്രമിക്കുന്നുവെന്ന് ആരോപിച്ച് കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖർഗെ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായ്ക്ക് കത്തയച്ചു. അസമിൽ ഭാരത് ജോഡോ ന്യായ് യാത്ര നേരിടുന്ന സുരക്ഷാ പ്രശ്നങ്ങൾ ചൂണ്ടിക്കാട്ടിയാണു കത്ത്. യാത്രയ്‌ക്കിടയിൽ ഉണ്ടാകുന്ന അക്രമങ്ങൾ തടയണമെന്ന് ഖർഗെ കത്തിൽ ആവശ്യപ്പെട്ടു. അസമിൽ പ്രവേശിച്ചതു മുതൽ നിരവധി പ്രശ്നങ്ങളാണ് ഭാരത് ജോഡോ ന്യായ് യാത്ര നേരിടുന്നത്.
യാത്രയ്‌ക്ക് അസം പൊലീസ് സുരക്ഷ ഒരുക്കുന്നില്ലെന്നും ഖർഗെ കുറ്റപ്പെടുത്തി. ഇന്നലെ ഭാരത് ജോഡോ ന്യായ് യാത്ര ഗുവാഹത്തി നഗരത്തിൽ പ്രവേശിക്കുന്നത് തടയുകയും, പ്രകോപനമുണ്ടാക്കാൻ അണികൾക്കു നിർദേശം നൽകിയെന്നാരോപിച്ച് രാഹുൽ ഗാന്ധിക്കെതിരെ അസം പൊലീസ് കേസെടുക്കുകയും ചെയ്തിരുന്നു. ഇതേത്തുടർന്നാണു ഖർഗെ കത്തയച്ചത്.
‘‘ഭാരത് ജോഡോ ന്യായ് യാത്ര അസമിൽ പ്രവേശിച്ചതു മുതൽ പ്രശ്നങ്ങളുണ്ടാകുന്നു. ഇസഡ് പ്ലസ് സുരക്ഷയുള്ള രാഹുൽ ഗാന്ധിയുടെ വാഹനം തടയുന്നതിനായി പലപ്പോഴായി ശ്രമിക്കുന്നു. യാത്രയ്‌ക്ക് ആവശ്യമായ സുരക്ഷ പൊലീസ് നൽകുന്നില്ല. ബിജെപിക്ക് യാത്ര തടയുന്നതിനായി പൊലീസ് സഹായങ്ങൾ ചെയ്യുന്നു.’’ – ഖർഗെ കത്തിൽ പറയുന്നു.
ഇതിനിടെ അമിത് ഷായ്‌ക്കെതിരെ രാഹുൽ ഗാന്ധിയും രംഗത്തെത്തി. അസം മുഖ്യമന്ത്രിയെ നിയന്ത്രിക്കുന്നത് അമിത് ഷായെന്ന് ആരോപിച്ചാണ് രാഹുൽ ഗാന്ധി രംഗത്തെത്തിയത്. അമിത് ഷായ്‌ക്കെതിരെ പറഞ്ഞാൽ ഹിമന്ദ പുറത്താകുമെന്നും രാഹുൽ കുറ്റപ്പെടുത്തി. വ്യാഴാഴ്ചയോടെ ഭാരത് ജോഡോ ന്യായ് യാത്രയുടെ അസം പര്യടനം അവസാനിക്കും.