‘അമ്മാതിരി വർത്തമാനം വേണ്ട’ എന്ന് മുഖ്യമന്ത്രി, ‘ഇമ്മാതിരി വർത്തമാനം വേണ്ട’ എന്ന് സതീശൻ; നേർക്കുനേർ വാക്‌പോര്
Mail This Article
തിരുവനന്തപുരം ∙ നിയമസഭാ സമ്മേളനം വെട്ടിച്ചുരുക്കാൻ തീരുമാനം. ഫെബ്രുവരി 15നു സമ്മേളനം അവസാനിപ്പിക്കാനാണ് കാര്യോപദേശക സമിതി തീരുമാനിച്ചത്. നേരത്തേ മാർച്ച് 20 വരെയായിരുന്നു സമ്മേളനം നിശ്ചയിച്ചിരുന്നത്. ലോക്സഭാ തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചേക്കുമെന്ന കണക്കുകൂട്ടലിലാണ് സമ്മേളനം വെട്ടിച്ചുരുക്കാൻ തീരുമാനിച്ചത്. ബജറ്റ് ഫെബ്രുവരി 5നു തന്നെ അവതരിപ്പിക്കും. ബജറ്റ് ചർച്ച 12 മുതൽ 15 വരെ നടത്തും.
അതേസമയം, കാര്യോപദേശക സമിതി യോഗത്തിൽ മുഖ്യമന്ത്രി പിണറായി വിജയനും പ്രതിപക്ഷ നേതാവ് വി.ഡി.സതീശനും പരസ്പരം വാക്‌പോര് നടത്തി. ഫെബ്രുവരി 9 മുതൽ കെപിസിസിയുടെ നേതൃത്വത്തിൽ ‘സമരാഗ്നി’ എന്ന പ്രചരണ ജാഥ നടക്കുന്നതിനാൽ ആ ദിവസങ്ങളിലെ സമ്മേളനം മാറ്റിവയ്ക്കണമെന്ന് പ്രതിപക്ഷ നേതാവ് ആവശ്യപ്പെട്ടിരുന്നു. പ്രധാനപ്പെട്ട രാഷ്ട്രീയ പാർട്ടികളുടെ ഇത്തരം പരിപാടികൾ നടക്കുമ്പോൾ സഭാ സമ്മേളനം മാറ്റിവയ്ക്കുന്ന കീഴ്‌വഴക്കമുണ്ടെന്നും സർക്കാർ ഒന്നിനും സഹകരിക്കുന്നില്ലെന്നും സതീശൻ പറഞ്ഞു.
ഇതിന്, ‘നിങ്ങളും നല്ല സഹകരണം ആണല്ലോ, അമ്മാതിരി വർത്തമാനം വേണ്ട’ എന്ന് മുഖ്യമന്ത്രി പിണറായി വിജയൻ മറുപടി നൽകി. ഇതോടെ ഇതേ നാണയത്തിൽ പ്രതിപക്ഷ നേതാവും പ്രതികരിച്ചു. ‘ഇമ്മാതിരി വർത്തമാനം ഇങ്ങോട്ടും വേണ്ട’ എന്നായിരുന്നു പ്രതിപക്ഷ നേതാവിന്റെ മറുപടി. പിന്നാലെ പ്രതിപക്ഷ അംഗങ്ങൾ കാര്യോപദേശക സമിതി യോഗത്തിൽനിന്ന് ഇറങ്ങിപ്പോയി.