കാണാതായിട്ട് ഒരു വർഷം; ചൈന റിനൈസൻസിൽനിന്ന് ബാവോ ഫാൻ രാജിവച്ചതായി കമ്പനി

Mail This Article
ഹോങ്കോങ് ∙ ഒരു വർഷം മുൻപ് അപ്രത്യക്ഷനായ ശതകോടീശ്വരനും ചൈനീസ് ടെക് ബാങ്കറുമായ ബാവോ ഫാന്‍, താൻ സ്ഥാപിച്ച ചൈന റിനൈസൻസ് എന്ന ബാങ്കിങ് സ്ഥാപനത്തിൽനിന്ന് രാജിവച്ചു. ബാവോ ഫാന്‍ ചെയർമാൻ, സിഇഒ സ്ഥാനങ്ങൾ ഔദ്യോഗികമായി ഒഴിഞ്ഞതായി കമ്പനി തന്നെയാണ് വെള്ളിയാഴ്ച അറിയിച്ചത്. ആരോഗ്യ പ്രശ്നങ്ങളും കുടുംബത്തോടൊപ്പം ചെലവിടാൻ കൂടുതൽ സമയം വേണമെന്നതുമാണ് രാജിയുടെ കാരണങ്ങളായി പറയുന്നത്.
Read Also: ഗാസയിൽ സഹായമില്ല: യുഎൻ പ്രവർത്തനം സ്തംഭിക്കുന്നു
കഴിഞ്ഞ ഫെബ്രുവരിയിൽ കാണാതായ ബാവോ ഫാൻ നിലവിൽ എവിടെയാണെന്ന് യാതൊരു വിവരവും ലഭ്യമല്ല. ഇതു സംബന്ധിച്ച് കമ്പനിയും വിശദീകരണം നൽകിയിട്ടില്ല. രാജിയുമായി ബന്ധപ്പെട്ട് ഓഹരി ഉടമകളോട് കൂടുതലൊന്നും പറയാനില്ലെന്ന് കമ്പനി അധികൃതർ വ്യക്തമാക്കി. ഓഡിറ്റർമാർക്ക് ബാവോയുമായി ബന്ധപ്പെടാൻ കഴിയാതായതോടെ കമ്പനിയുടെ കഴിഞ്ഞ തവണത്തെ വാർഷിക റിപ്പോർട്ട് പുറത്തുവിടാൻ വൈകിയിരുന്നു.
ബാവോയുടെ തിരോധാന വിവരം പുറത്തായതോടെ ഓഹരി വിപണിയില്‍ കമ്പനി തിരിച്ചടി നേരിട്ടിരുന്നു. ചൈന റിനൈസന്‍സിന്റെ ഓഹരികള്‍ 50 ശതമാനം വരെ ഇടിഞ്ഞിരുന്നുവെന്നാണ് റിപ്പോര്‍ട്ട്. ഇതിനിടെ ബാവോ കോർപ്പറേറ്റ് അഴിമതിയുടെ പേരിൽ കസ്റ്റഡിയിലാണെന്ന വാർത്തയും പുറത്തുവന്നിരുന്നു. ഇതിനു പിന്നാലെ കമ്പനിയുടെ ഭരണസമിതിയിൽ അഴിച്ചുപണികളും നടന്നു. കഴിഞ്ഞ 2 വർഷമായി വൻകിട കമ്പനികൾക്കെതിരെ സർക്കാർ സ്വീകരിക്കുന്ന അഴിമതി വിരുദ്ധ നടപടിയും ബാവോയുടെ അപ്രത്യക്ഷമാകലും തമ്മിൽ ബന്ധമുണ്ടെന്നാണ് സൂചന.
ചൈനയിലെ ഏറ്റവും പ്രമുഖ ശതകോടിശ്വരൻമാരില്‍ ഒരാളാണ് ബാവോ ഫാന്‍. 1990കളിലാണ് അദ്ദേഹം തന്റെ കരിയര്‍ ആരംഭിക്കുന്നത്. മോര്‍ഗന്‍ സ്റ്റാന്‍ലിയുമായി ചേര്‍ന്ന് എം ആൻഡ് എ ബാങ്കര്‍ എന്ന പദവിയിലൂടെയാണ് തുടക്കം. പിന്നീട് ഷാങ്ഹായിലെയും ഷെന്‍സെനിലെയും സ്റ്റോക്ക് എക്സ്ചേഞ്ചുകളുടെ ഉപദേശകനായി. 2005ലാണ് ചൈന റിനൈസന്‍സ് എന്ന കമ്പനി സ്ഥാപിച്ചത്. 2018ല്‍ ഈ കമ്പനി ഹോങ്കോങ് സറ്റോക്ക് എക്സ്ചേഞ്ചില്‍ ലിസ്റ്റ് ചെയ്യപ്പെട്ടു. ചൈനയിലെ നിരവധി ബിസിനസ്സ് സ്റ്റാര്‍ട്ടപ്പുകള്‍ക്കും കമ്പനികള്‍ക്കും ചൈന റിനൈസന്‍സ് ഫണ്ട് നല്‍കിയിട്ടുണ്ട്.