കേരളത്തിൽ കോൺഗ്രസിന് 10 ലക്ഷം ഡിജിറ്റൽ പ്രചാരകർ; ഡീപ് ഫേക്ക് വിഡിയോകളെ ഭയക്കണമെന്ന് മുന്നറിയിപ്പ്

Mail This Article
കോട്ടയം∙ ലോക്സഭാ തിരഞ്ഞെടുപ്പ് പടിവാതിൽക്കൽ എത്തിനിൽക്കെ 10 ലക്ഷം ഡിജിറ്റൽ പ്രചാരകരെ കണ്ടെത്താനുള്ള ഒരുക്കം തുടങ്ങി കെപിസിസി ഡിജിറ്റൽ മീഡിയ സെൽ. സംസ്ഥാനത്തെ 25,177 കോൺഗ്രസ് ബൂത്ത് കമ്മിറ്റികളിൽ നിന്നും തിരഞ്ഞെടുക്കപ്പെടുന്ന പ്രവർത്തകരാകും ഡിജിറ്റൽ പ്രചാരകരാകുക. അവസാനത്തെ കോൺഗ്രസ് പ്രവർത്തകനെയും പ്രചാരകരനാക്കുകയാണ് ലക്ഷ്യം. തിരഞ്ഞെടുക്കപ്പെടുന്ന പ്രചാരകൻ തന്റെ ബൂത്തിന്റെ പരിധിയിൽ താമസിക്കുന്ന പത്ത് പേരിലേക്ക് മൊബൈൽ വഴി തിരഞ്ഞെടുപ്പ് പ്രചാരണം നടത്തണം. വാട്സാപ്പ് ഗ്രൂപ്പ് തുടങ്ങിയോ വ്യക്തിപരമായി മെസേജ് അയച്ചോ പ്രചാരണം നടത്താം.
പാർട്ടിയുടെ പ്രചാരണ കാർഡുകള്‍, റീൽസുകൾ, വീഡിയോകൾ തുടങ്ങിയവ ഇവർ വാട്സാപ്പിൽ സ്റ്റാറ്റസുമാക്കണം. പ്രതിപക്ഷനേതാവ് വി.ഡി.സതീശനും കെപിസിസി അധ്യക്ഷൻ കെ.സുധാകരനും നയിക്കുന്ന കേരള യാത്രയായ സമരാഗ്നി തിരുവനന്തപുരത്ത് അവസാനിക്കുന്നതിനു പിന്നാലെ മാർച്ച് ഒന്നു മുതൽ ഡിജിറ്റൽ പ്രചാരകരെ ഉൾക്കൊളളിച്ചുളള പ്രചാരണം ആരംഭിക്കും. 10 ലക്ഷത്തിന്റെ പത്ത് ശതമാനം പ്രവർത്തകരെങ്കിലും പ്രചാരണത്തിൽ പങ്കാളികളായാൽ തിരഞ്ഞെടുപ്പ് പ്രചാരണത്തിൽ വലിയ മുന്നേറ്റമുണ്ടാക്കാം എന്നാണ് പാർട്ടി കണക്കുക്കൂട്ടൽ. ഇതിനായി സംസ്ഥാനം, ജില്ല, നിയോജകമണ്ഡലം, വാർഡ്, ബൂത്ത് എന്നീ തലങ്ങളിൽ ടാസ്ക് ഫോഴ്സുകൾ രൂപീകരിച്ച് കഴിഞ്ഞു. കെപിസിസിയിലെ വാർ റൂമിനു പുറമെ മേഖലാ തലങ്ങളിലും ലോക്സഭാ മണ്ഡല തലങ്ങളിലും വാർ റൂമുകൾ പ്രവർത്തിക്കും.
പുതുപ്പള്ളി മോഡൽ
പുതുപ്പള്ളി ഉപതിരഞ്ഞെടുപ്പ് മോഡൽ പ്രചാരണം ലോക്സഭാ മണ്ഡലങ്ങളിൽ നടത്താനാണ് തീരുമാനമെന്ന് ഡിജിറ്റൽ മീഡിയ സെൽ കൺവീനർ ഡോ.പി.സരിന്‍ മനോരമ ഓൺലൈനിനോട് പറഞ്ഞു. 18 സിറ്റിംഗ് സീറ്റുകളിലും എംപിമാരുടെ നേട്ടങ്ങള്‍, സഭയ്ക്ക് അകത്തും പുറത്തുമുളള ഇടപെടലുകൾ, ജനകീയത എന്നിവ കൂട്ടിയിണക്കിയുളള വീഡിയോകളും ഡിജിറ്റൽ ലഘുലേഖകളും പ്രചരിപ്പിക്കും. ഇതിനായുളള വിവരശേഖരണം ആരംഭിച്ചു. പുതുപ്പള്ളിയിൽ വികസനമൊന്നും നടന്നിട്ടില്ലെന്ന സിപിഎം പ്രചാരണത്തെ ഉമ്മൻചാണ്ടി നടത്തിയ വികസനങ്ങൾ ചൂണ്ടിക്കാട്ടിയാണ് പാർട്ടി നേരിട്ടത്. ഇതിനായി കൃത്യമായ വിവരശേഖരണം നടത്തിയിരുന്നു. അതേ മാതൃകയിൽ ലോക്സഭാ മണ്ഡലങ്ങളിലും സിപിഎം പ്രചാരണങ്ങളെ നേരിടാനുളള വിവരശേഖരണവും അവതരണവുമുണ്ടായാൽ പുതുപ്പള്ളി മോഡൽ വിജയിക്കുമെന്നാണ് സരിൻ പറയുന്നത്.
ഡീപ് ഫെയ്ക്കിനെ ഭയക്കണം
ഡീപ് ഫെയ്ക്ക് വീഡിയോകളെയാണ് ലോക്സഭാ തിരഞ്ഞെടുപ്പിൽ കോൺഗ്രസ് ഭയക്കേണ്ടതെന്നാണ് ഡിജിറ്റൽ മീഡിയ സെല്ലിന്റെ നിഗമനം. ഡീപ് ഫെയ്ക്കിനെതിരെ ശക്തമായ നിയമം കൊണ്ടുവരുമെന്ന് കേന്ദ്രസർക്കാർ പറയുമ്പോഴും ബിജെപി വലിയതോതിൽ ഡീപ് ഫെയ്ക്ക് വീഡിയോകൾ ഉപയോഗിക്കുമെന്നാണ് കോൺഗ്രസ് കരുതുന്നത്. ഇക്കാര്യത്തിൽ സിപിഎമ്മിനെയും സൂക്ഷിക്കണം. ഡീപ് ഫെയ്ക്ക് വീഡിയോകൾ വഴി വിവാദങ്ങൾ സൃഷ്‍ടിച്ച് മലയാളി വോട്ടർമാരെ തെറ്റിധരിപ്പിക്കാനുള്ള നീക്കത്തെ പൊളിച്ചടുക്കുകയാണ് വെല്ലുവിളിയെന്ന് സരിൻ പറയുന്നു.
സിപിഎമ്മിന്റെ കോൺഗ്രസ് ഗ്രൂപ്പ്
സൈബറിടങ്ങളിൽ കോൺഗ്രസ് അനുകൂലമെന്ന വ്യാജേന സിപിഎം വാട്ട്സാപ്പ് ഗ്രൂപ്പുകൾ ആരംഭിക്കുന്നുണ്ടെന്ന് ഡിജിറ്റൽ മീഡിയ സെൽ കണ്ടെത്തിയിട്ടുണ്ട്. ആദ്യം കോൺഗ്രസ് അനുകൂല പോസ്റ്റുകളാകും ഗ്രൂപ്പിൽ വരുന്നത്. പതിയെ ഗ്രൂപ്പിന്റെ സ്വഭാവം മാറും. കോൺഗ്രസിന്റെയും നേതാക്കളുടെയും പോരായ്മകളാകും പിന്നീട് ചർച്ചയാകുക. ഇത്തരത്തിലുള്ള ഗ്രൂപ്പുകളെ തിരഞ്ഞുപിടിച്ച് റിപ്പോർട്ട് ചെയ്യാനുളള പ്രവർത്തനങ്ങൾ ആരംഭിച്ചിട്ടുണ്ട്. ചിന്നിചിതറി കിടക്കുന്ന കോൺഗ്രസിന്റെ അനൗദ്യോഗിക ഗ്രൂപ്പുകളെ തിരഞ്ഞെടുപ്പിന് മുൻപ് ഒരു കുടക്കീഴിൽ എത്തിക്കാനുളള പ്രവർത്തനങ്ങളും ആരംഭിച്ചു.